സ്വന്തം ലേഖകൻ
തിരുവനന്തപുരം
ജില്ലയിലെ എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി ഒരുക്കാനുള്ള ‘സർഗവായന സമ്പൂർണ വായന’ പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങൾ സമാഹരിക്കാൻ ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് കലക്ഷൻ സെന്റർ തുറന്നു. ഇവിടെ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കുന്ന പുസ്തകങ്ങൾ തരംതിരിച്ച് സ്കൂളുകളിൽ എത്തിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഉദ്ഘാടനംചെയ്തു. കേരളപ്പിറവി ദിനത്തിൽ സ്കൂളുകളിലും ആരംഭിച്ച പുസ്തക സമാഹരണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലധികം പുസ്തകം ശേഖരിച്ചെന്നും 10 ലക്ഷം പുസ്തകം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ 12 വരെയുള്ള എല്ലാ ക്ലാസ് മുറികളിലും ലൈബറി സജ്ജമാക്കാനാണ് പദ്ധതി.988 സ്കൂളുകളിലായി 5.78 ലക്ഷം വിദ്യാർഥികളും അധ്യാപകരും പുസ്തകം ശേഖരിക്കുകയാണ്. വായനോത്സവവും അനുബന്ധ പരിപാടികളും സംഘടിപ്പിച്ച് വിദ്യാർഥികളിൽ വായന സംസ്കാരം വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രാദേശിക വായനശാലകളുടെ വിഭവങ്ങൾ പ്രയോജനപ്പെടുത്താനും അധിക വായനയിലേക്കും സ്വതന്ത്ര വായനയിലേക്കും കുട്ടികളെ നയിക്കാൻ അധ്യാപകരെ സജ്ജരാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ക്ലാസ് മുറികളിൽ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് സംവിധാനം ഒരുക്കാൻ ആരംഭിച്ചിട്ടുണ്ട്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ക്ലാസ് റൂം ലൈബ്രറി ജില്ലയായി തിരുവനന്തപുരം മാറും. കലക്ഷൻ സെന്റർ ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ് ഷൈലജാബീഗം അധ്യക്ഷയായി. അംഗങ്ങളായ വിജു മോഹൻ, എസ് കെ ബെൻഡാർവിൻ, ജോസ് ലാൽ, സെക്രട്ടറി വി സുഭാഷ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..