05 December Thursday

ആകാശത്തോളം കുതിച്ച്‌ ജിഎസ്‌എ കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

ആദിത്യൻ, അബ്ദുൾ ഷുക്കൂർ, ഷബാബ്‌, മുഹമ്മദ്‌ അബ്ദുള്ള എന്നിവർ കോച്ച്‌ ആഷിക്കിനൊപ്പം

ചാലക്കുടി
പോൾവാൾട്ടിൽ മെഡലുകൾ വാരിക്കൂട്ടി ഗുരുവായൂർ സ്പോർട്സ് അക്കാദമിയുടെ ചുണക്കുട്ടികൾ.  കോച്ച് കെ എ ആഷിക്കിന്റെ കടുത്ത പരിശീലനത്തിനുശേഷം  വിവിധ വിഭാഗങ്ങളിലെ പോൾവാൾട്ട് മത്സരങ്ങളിൽ മൂന്നുപേരും ഒരാൾ ഹൈജമ്പിലുമാണ് മെഡൽനേട്ടം കുറിച്ചത്. രണ്ടു സ്വർണവും രണ്ടു വെള്ളിയും ആഷിക്കിന്റെ ശിഷ്യന്മാർ നേടി. 
സീനിയർ വിഭാഗം പോൾവാൾട്ടിൽ ഇ എ ആദിത്യനും ജൂനിയർ വിഭാഗത്തിൽ ഷബാബുമാണ് സ്വർണമെഡൽ സ്വന്തമാക്കിയത്. ചാവക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ് ആദിത്യൻ. ബാംബുപോൾ  ഉപയോഗിച്ച് ഈ മിടുക്കൻ 3.10 മീറ്റർ ഉയരത്തിലാണ്‌  ചാടി മറിഞ്ഞത്.  
അയ്യപ്പൻ–- ഉഷ ദമ്പതികളുടെ മകനാണ്‌ ഈ മിടുക്കൻ.  സ്കൂളിൽ ഫിസിക്കൽ എഡ്യുക്കേഷൻ  അധ്യാപകൻ പോലുമില്ലാതെയാണ് മെഡൽ നേടിയത്. 
ജൂനിയർ വിഭാഗം സ്വർണമെഡൽ നേടിയ ഷബാബ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ്. 2.80 മീറ്റർ ചാടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ജൂനിയർ വിഭാഗത്തിൽ കെ എ അബ്ദുൾ ഷുക്കൂറാണ് വെള്ളിമെഡൽ  കൈവരിച്ചത്. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഈ താരം, 2.70 മീറ്റർ ഉയരമാണ് മറികടന്നത്. സീനിയർ ഹൈജമ്പിൽ ശ്രീകൃഷ്ണ സ്കൂളിലെതന്നെ പ്ലസ്ടു വിദ്യാർഥി മുഹമ്മദ് അബ്ദുള്ളയാണ് വെള്ളിമെഡൽ നേടിയത്. 
അഞ്ചുവർഷം തുടർച്ചയായി പോൾവാൾട്ടിൽ ജില്ലാ ചാമ്പ്യനായിരുന്ന ആഷിക് ദിവസവും രാവിലെയും വൈകിട്ടുമാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top