നീലേശ്വരം
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരത്തുള്ള പാലാത്തടം ക്യാമ്പസിൽനിന്ന് എംഎസ് സി മോളിക്യൂലാർ ബയോളജി പഠന വകുപ്പ് മാറ്റുന്നതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ക്യാമ്പസ് ഡയറക്ടറെ ഉപരോധിച്ചു.തുടർന്നു വിദ്യാർത്ഥി പ്രതിനിധികളെ കണ്ണൂരിലേക്ക് ചർച്ചക്ക് വിളിച്ചു. താവക്കര സർവകലാശാല ആസ്ഥാനത്തുവച്ച് വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രനുമായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം വി രതീഷ് ,സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ എ വി അനൂപ്,ക്യാമ്പസ് യൂണിയൻ ചെയർമാൻ വിഷ്ണു വിജയൻ,എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി കെ പി പ്രജിൻ എന്നിവർ നടത്തിയ ചർച്ചയിൽ പുതിയ കോഴ്സുകൾ അനുവദിക്കാതെ മോളിക്യൂലാർ ബയോളജി ഡിപാർട്മെന്റ് മാറ്റില്ല എന്നും നിലവിലെ സ്ഥിതി തുടരുമെന്നും വിസി ഉറപ്പ് നൽകി.സിൻഡിക്കേറ്റ് മെമ്പർമാർ,ജനപ്രതിനിധികൾ ,വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം വിളിക്കുമെന്നും ഉറപ്പ് നൽകി.
ഉപരോധ സമരം എം വി രതീഷ് ഉദ്ഘാടനം ചെയ്തു. ശ്രീരഞ്ജ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി കെ ശ്രീരാജ് ,പ്രസിഡന്റ് വി സച്ചിൻ ,അനൂപ് , വിഷ്ണു വിജയൻ,നിഖിൽ കൃഷ്ണൻ,വിഷ്ണു മോഹൻ,കാവ്യ,അമൃത സുരേഷ് എന്നിവർ സംസാരിച്ചു. കെ പി പ്രജിൻ സ്വാഗതം പറഞ്ഞു.
കാസർകോടിന്റെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് 2008 ൽ നീലേശ്വരത്തിനടുത്തുള്ള പാലാത്തടത്ത് സർവകലാശാല ക്യാമ്പസ് ആരംഭിച്ചത്. രാജ്യത്തെ ആദ്യത്തെ വില്ലേജ് ക്യാമ്പസ് എന്ന സവിശേഷതയുമുണ്ടായിരുന്നു. അഞ്ചു കോഴ്സുകളാണ് ആരംഭഘട്ടത്തിൽ ഉണ്ടായിരുന്നത്. മലയാളം, ഹിന്ദി, മോളിക്യൂലാർ ബയോളജി വിഷയങ്ങളുടെ പഠനവകുപ്പുകളും ഐടി, എംബിഎ വിഭാഗങ്ങളുടെ സെന്ററുകളും ഉണ്ടായിരുന്നു. വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ എംസിഎ സെന്ററിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും ഒടുവിൽ അടച്ച് പൂട്ടേണ്ടിയും വന്നു. കോഴ്സ് പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമമോ പകരം കോഴ്സുകൾ അനുവദിക്കുകയോ ചെയ്തില്ല. ഇപ്പോൾ എംഎസ് സി മോളിക്യൂലാർ ബയോളജി കണ്ണൂർ, പാലയാട് ക്യാമ്പസ്സിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് സർവകലാശാല. ശാസ്ത്ര വിഷയങ്ങളുടെ ഏകീകരണമാണ് കാരണമായി പറയുന്നതെങ്കിലും പല ശാസ്ത്ര കോഴ്സുകളും മറ്റു ക്യാമ്പസുകളിൽ നിലനിൽക്കുന്നുമുണ്ട്. ഈ കോഴ്സ് കൂടി ഇല്ലാതാകുന്നതോടെ ക്യാമ്പസ് തന്നെ ഇല്ലാതാകും ക്ലാസ്സ് മുറികളും മറ്റു സൗകര്യങ്ങളും അനാഥമാകും. ഈ കോഴ്സ് ഇവിടെ തന്നെ നിലനിർത്തി കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം. അല്ലാത്ത പക്ഷം ഭാഷാ വിഷയങ്ങളുടെ ഏകീകരണം നടപ്പിലാക്കി ഇംഗ്ലീഷും കന്നഡയും അടക്കമുള്ള കോഴ്സുകൾ ഇവിടേക്ക് മാറ്റാണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം
ശനിയാഴ്ച്ച ഡിപാർട്ടുമെന്റിലെ സാധന സാമഗ്രികൾ കൊണ്ട് പോകാൻ വന്ന സർവകലാശാല വാഹനം എസ് എഫ് ഐ–- -ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..