25 May Monday

ഉയരങ്ങളിൽ

എ സുൽഫിക്കർUpdated: Sunday Oct 13, 2019

എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തിന് ചീനിക്കോണത്ത് ലഭിച്ച വരവേൽപ്പ്

തിരുവനന്തപുരം
നഗരത്തിന്റെ തിക്കിലും തിരക്കിനുമിടയിലുള്ള സുന്ദരഭൂമിയാണ് മലമുകൾ. വട്ടിയൂർക്കാവ്‌ മണ്ഡലത്തിലെ ഏറ്റവും ഉയരംകൂടിയ മേഖല. ശനിയാഴ്‌ച പകൽ 3.30ന്‌ മലമുകളാകെ മഴക്കാറിൽ മുങ്ങിയിരിക്കുകയാണ്‌. ചെറുമഴത്തുള്ളികൾ ഭൂമിയിലാകെ ചിതറുന്നു. പതിവിലും വലിയ  ജനാവലിയാണ്‌ മലമുകൾ പള്ളിക്ക്‌ മുമ്പിൽ ഒത്തുകൂടിയിരിക്കുന്നത്‌. റോസാപ്പൂവും ബലൂണുമെല്ലാമായി കുട്ടികളാകെ ആവേശത്തിൽ. മുത്തുക്കുടകളും ചെണ്ടമേളവുമായി എങ്ങും ഉത്സവലഹരി. കുഞ്ഞുമക്കളുമായി വീട്ടമ്മമാരെല്ലാം തങ്ങളുടെ പ്രിയ സ്ഥാനാർഥിക്കായുള്ള കാത്തിരിപ്പ്‌. സമൂഹത്തിന്റെ സമസ്‌ത മേഖലയിൽ നിന്നുള്ളവർ. 
 
തുറന്ന ജീപ്പിൽ വാദ്യമേളങ്ങൾക്കിടയിലൂടെ പ്രശാന്തെത്തിയതോടെ എല്ലാവരും ജീപ്പിനടുത്തേക്ക്‌. മാലയിടാനും സ്ഥാനാർഥിക്ക്‌ കൈനൽകാനും തിരക്ക്‌. ഏറെ നേരമായി പ്രശാന്തിനെ കാണാനായി കാത്തിരുന്ന കമലമ്മ സ്ഥാനാർഥിയുടെ അടുത്തെത്തി  തലയിൽ കൈവച്ച്‌ അനുഗ്രഹിച്ചു. വട്ടിയൂർക്കാവിന്റെ ഹൃദയതാളമറിഞ്ഞാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്തിന്റെ വാഹനപര്യടനത്തിന്റെ രണ്ടാംദിവസം പിന്നിട്ടത്‌. എങ്ങും നാടിന്റെ മേയർ ബ്രോയെ നെഞ്ചിലേറ്റുന്ന കാഴ്‌ച. മഴ കനത്തിട്ടും തോരാതെ ആവേശം.  പര്യടനവാഹനം താണ്ടിയ ഇടവഴികളിലെല്ലാം വീട്ടമ്മമാരുടെ കാത്തിരിപ്പ്‌. "വട്ടിയൂർക്കാവിന്റെ പ്രിയപുത്രൻ നമ്മുടെ മേയർ ബ്രോ' എന്ന അനൗൺസ്‌മെന്റ്‌ കേട്ട ആളുകളെല്ലാം പുറത്തേക്കിറങ്ങി. ചെറുപുഞ്ചിരിയുമായി തുറന്നവാഹനത്തിൽ വരുന്ന പ്രശാന്തിനുനേരെ കൈവീശി ഒപ്പമുണ്ടെന്ന്‌ നാടാകെ വിളിച്ചുപറയുന്ന കാഴ്‌ച. സ്ഥാനാർഥിയുടെ വാഹനത്തിന്‌ പുറകിലായി നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങളിലായി യുവാക്കളുടെ അകമ്പടി.
 
ഓരോ സ്വീകരണകേന്ദ്രം താണ്ടുമ്പോഴും പര്യടനത്തിന്റെകൂടെ കൂടുന്ന ജനങ്ങളുടെ എണ്ണം ഇരട്ടി. സ്ഥാനാർഥിയുടെ വാഹനപര്യടനം ശനിയാഴ്‌ച   ഉച്ചകഴിഞ്ഞ്‌  മണികണ്‌ഠേശ്വരത്ത്‌ എൽഡിഎഫ്‌ നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ മാങ്കോട്‌ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. കക്ഷി രാഷ്ട്രീയത്തിനതീതമായി മേയറുടെ വിജയത്തിനായി ജനങ്ങളാകെ ഉദ്‌ഘാടന കേന്ദ്രത്തിലെത്തി. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തിന്റെ മനംകവർന്ന പ്രശാന്തിന്റെ വിജയത്തിനായി കൊല്ലം നഗരസഭയിൽനിന്ന്‌ ദീപ തോമസിന്റെ നേതൃത്വത്തിൽ ഏഴംഗസംഘവുമെത്തിയിരുന്നു.  പ്രശാന്തിന്‌ ഹാരമണിയിച്ച  അവർ രണ്ട്‌ ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പ്രചാരണത്തിനിറങ്ങുമെന്നും പറഞ്ഞു. 
 
ബാൻഡ്‌മേളത്തിന്റെ അകമ്പടിയോടെ രണ്ടാം സ്വീകരണകേന്ദ്രമായ ചീനിക്കോണത്തെത്തി. "വട്ടിയൂർക്കാവിന്റെ വികസനമുരടിപ്പിന്‌ വിരാമമിടാൻ, നാടിനെ വികസനക്കുതിപ്പിലേക്ക്‌ നയിക്കാൻ എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്ക്‌ പിന്തുണയേകാൻ സഹായിക്കണം'–- പ്രശാന്തിന്റെ അഭ്യർഥന. ഒപ്പമുണ്ടെന്ന്‌ ഹർഷാരവത്തോടെ ജനക്കൂട്ടം. 
ഹാരമണിയിച്ച്‌ നൽകിയും കെട്ടിപ്പിടിച്ചും തിരിച്ച്‌ ജനങ്ങളുടെ സ്‌നേഹം. കുക്കംപാറ, പന്തുകളം, പുള്ളിത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം മുക്കോലയിലെത്തിയ സ്ഥാനാർഥിക്കായി പ്രാവിനെ സമ്മാനിച്ച്‌ കുട്ടികൾ. പ്രാവിനെ ആകാശത്തേക്ക്‌ പറത്തിവിട്ട്‌ സ്ഥാനാർഥിയുടെ വോട്ടഭ്യർഥന. തുടർന്ന്‌ കാച്ചാണി, എ കെ ജി നഗർ, കീഴിക്കോണം, മണലയം, കുറ്റിയാംമൂട്‌, കല്ലിംഗവിള, നെട്ടയം, സിപിടി, സൂര്യനഗർ, പാപ്പാട്‌, കുളത്തിൻകര, ചിത്രാനഗർ എന്നിവിടങ്ങളിൽ ആവേശോജ്വലമായ സ്വീകരണം ഏറ്റുവാങ്ങി.
 
പൂത്തിരിയും പടക്കവുമെല്ലാം കത്തിച്ചാണ്‌ സ്ഥാനാർഥിയെ ജനങ്ങൾ വരവേറ്റത്‌.  കൊടുവായൂർ, വെൺമണലിൽ, കല്ലുമല, വിവേകാനന്ദ ലെയ്‌ൻ, കോൺടിനെന്റൽ ഗാർഡൻ,  ചെമ്പുക്കോണം ലെയ്‌ൻ, വാഴോട്ടുകോണം ജങ്‌ഷൻ, കടിയക്കോണം ലെയ്‌ൻ, മസ്‌ജിദ്‌ ലെയ്‌ൻ,  വയലിക്കട, മൂന്നാംമൂട്‌, മഞ്ചൻപാറ, പഞ്ചമി ലെയ്‌ൻ, അരുവിക്കോണം, ആലുവിള, പാണാങ്കര, വെള്ളൈക്കടവ്‌ എന്നിവിടങ്ങളിലെല്ലാം ഏറെ വൈകിയും നാടിന്റെ സ്ഥാനാർഥിക്കായി ജനങ്ങൾ കാത്തിരുന്നു. ഒടുവിൽ സ്ഥാനാർഥിയെത്തിയതോടെ മേയർ ബ്രോ വിജയിക്കുമെന്ന മുദ്രാവാക്യം മുഴക്കി യുവാക്കൾ ഉത്സവലഹരിയിലാക്കി. തുടർന്ന്‌ പുല്ലുവിളാകം, പന്തുകളത്തിലൂടെ വിജയഭേരി മുഴക്കിയ പര്യടനം കൊടുങ്ങാനൂർ ജങ്‌ഷനിൽ സമാപിച്ചു.
പ്രധാന വാർത്തകൾ
 Top