കടയ്ക്കൽ
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതിരുന്ന കടയ്ക്കൽ സ്വദേശിനികളായ ആര്യക്കും അമൃതയ്ക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. പ്ലസ് വണ്ണിലും പത്താം ക്ലാസിലും പഠിക്കുന്ന ഇരുവരുടെയും അച്ഛൻ രണ്ടുവർഷം മുമ്പാണ് മരിച്ചത്. അസുഖബാധിതയായ അമ്മ വീട്ടുജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. ഇവരുടെ ദുരിതജീവിതമറിഞ്ഞ് കടയ്ക്കൽ പള്ളിയമ്പലം ജ്വല്ലറി ഉടമ ജയചന്ദ്രൻ തന്റെ പേരിൽ കോട്ടപ്പുറത്ത് ഉണ്ടായിരുന്ന എട്ടര സെന്റ് ഭൂമി ഇഷ്ടദാനം നൽകിയിരുന്നു. ഈ വസ്തുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് സ്നേഹവീട് ഒരുക്കുന്നത്. ആറുമാസത്തിനകം പൂർത്തിയാകുന്ന സ്നേഹവീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, ഓഫീസ് സുരക്ഷാ വിഭാഗം ഓഫീസർ ഷാജിനോസ്, മറ്റു സുരക്ഷാ ഉദ്യോഗസ്ഥർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ, കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ, കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് ടി ആർ തങ്കരാജ്, പ്രധാനാധ്യാപകൻ വിജയകുമാർ, കടയ്ക്കൽ ഇൻസ്പെക്ടർ രാജേഷ്, എസ്ഐ ആർ ആർ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാർ, പഞ്ചായത്ത് അംഗം അനന്തലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷജി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..