22 September Tuesday
കോവിഡ് വ്യാപനം

സ്വകാര്യ ആശുപത്രികളിൽ കടുത്ത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020
 
തൃശൂർ
ജില്ലയിലെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ്‌ തീരുമാനം.
കോവിഡ്‌ രോഗലക്ഷണങ്ങളോടെ വരുന്നവർക്കായി ഒ പി, ഐപി വിഭാഗങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം. കോവിഡ് വാർഡുകളിൽ ഡോക്ടർമാർ, നേഴ്‌സുമാർ, ശുചീകരണജീവനക്കാർ എന്നിവരടങ്ങുന്ന പ്രത്യേകസംഘത്തെ നിയോഗിക്കണം. ഇവർ ആശുപത്രിയുടെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കാനോ മറ്റ് രോഗികളുമായി ഇടപഴകാനോ പാടില്ല.  
ആശുപത്രികളിൽ സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തണം. കൂടാതെ ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങളും ഡ്രൈവർമാരെയും കർശനമായി പരിശോധിക്കണം. ആശുപത്രികൾക്ക് പുറമെ ആരോഗ്യമേഖലയിലെ മറ്റ് സ്ഥാപനങ്ങൾക്കും ഈ നിബന്ധന ബാധകമാണ്.
നിയന്ത്രണങ്ങൾ സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റുകളുമായി സംസാരിക്കുന്നതിനും ജീവനക്കാരെ ബോധവൽക്കരിക്കുന്നതിനും ഡിഎംഒയുടെ നേതൃത്വത്തിൽ ഓൺലൈനായി ചർച്ച നടത്തും. 
ആരോഗ്യസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനയുമുണ്ടാകും. പിഴവ് കണ്ടെത്തിയാൽ തിരുത്തുംവരെ വരെ സ്ഥാപനം അടച്ചിടേണ്ടി വരും.
അമല ആശുപത്രിയിൽ ജനറൽ ഒപി ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാൻ നിർദേശം നൽകി. ക്യാൻസർ വിഭാഗം മാത്രം കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്നുപ്രവർത്തിക്കാം. ഇവിടെയും വളരെ അത്യാവശ്യമായി വരുന്ന രോഗികൾക്ക് മാത്രമാണ് കൺസൾട്ടേഷൻ നൽകേണ്ടത്. ഡിഎംഒയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം ആശുപത്രിയിലെത്തി പരിശോധന നടത്തി.  
ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികളിൽ നിന്നാവാം ആരോഗ്യപ്രവർത്തകർക്ക്‌ രോഗം പകർന്നതെന്നാണ് പ്രാഥമികനിഗമനം. ഈ കാലയളവിൽ ആശുപത്രിയിൽ വന്നുപോയവരെ കണ്ടെത്തി ആന്റിജൻ ടെസ്റ്റ് നടത്താൻ ഡിഎംഒയ്ക്ക് നിർദേശം നൽകിയതായി കലക്ടർ എസ് ഷാനവാസ് അറിയിച്ചു.
യോഗത്തിൽ ഡിഎംഒ ഡോ. കെ ജെ റീന, ഡോ.സതീഷ് കെ എൻ, ഡോ. രാജു പി കെ, ഡോ. അനൂപ് ടി കെ, അമല ആശുപത്രി പ്രതിനിധികളായ ഫാദർ ഡെൽജോ, ഫാദർ ജോൺസ് അറയ്ക്കൽ, ഡോ. രാജേഷ്, അശ്വിനി ആശുപത്രി പ്രതിനിധി ഡോ. ഉദയ്, ജൂബിലി മിഷൻ ആശുപത്രി പ്രതിനിധി പ്രവീൺ ജോർജ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top