14 August Friday

‘ഞങ്ങൾക്കൊപ്പം ഉണ്ടാകണം’

‘ഞങ്ങൾക്കൊപ്പം ഉണ്ടാകണം’Updated: Monday Jul 13, 2020

പൂന്തുറയിൽ എത്തിയ ആരോഗ്യപ്രവർത്തകരുടെ വാഹനത്തിൽ പുഷ്‌പവൃഷ്ടി നടത്തുന്ന നാട്ടുകാർ

 

തിരുവനന്തപുരം 

കനൽവഴികളല്ല, ഇത്തവണ പൂന്തുറയിൽ ആരോഗ്യപ്രവർത്തകരെ കാത്തിരുന്നത്‌ ആദരവിന്റെ പൂക്കൾ. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്കുണ്ടായ അനിഷ്ടകരമായ അനുഭവങ്ങൾക്ക്‌ തീരദേശത്തിന്റെ മറുപടിയായിരുന്നു ആ നറുപുഷ്‌പങ്ങൾ. രാഷ്‌ട്രീയ തിമിരം ബാധിച്ച ഒരുകൂട്ടർ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾക്ക്‌ പൂന്തുറക്കാരുടെ ഹൃദയത്തിന്റെ ഭാഷയിലുള്ള ക്ഷമാപണമായി  അത്‌. 

പൂച്ചെണ്ടുകൾ ഏറ്റുവാങ്ങുമ്പോഴും ആരോഗ്യപ്രവർത്തകർ‌ ഒന്നേ പറഞ്ഞുള്ളൂ–- ‘ഒരു മീറ്റർ അകലം, പ്ലീസ്‌...’ 

 ‘വേദനാജനകമായ അനുഭവമുണ്ടായതിൽ മാപ്പുചോദിക്കുന്നു. ഞങ്ങളെ സഹായിക്കാൻ എത്തിയവരാണ്‌ നിങ്ങൾ. എല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്‌’–-അനുമോദനത്തിന്‌ നേതൃത്വം നൽകിയ പൂന്തുറ ഇടവക വികാരി ഫാ. അന്തോണി അടിമൈ ബെബിൻസൺ പറഞ്ഞു. സംഭവത്തിൽ പൂന്തുറ നിവാസികളുടെയെല്ലാം ദുഃഖത്തിനു പരിഹാരമാണ്‌ ആദരമെന്ന്‌ -സിപിഐ എം ലോക്കൽ സെക്രട്ടറി ആന്റോ സുരേഷ്‌ പറഞ്ഞു. പൂന്തുറയിലൂടെ ഒരു കേരള മാതൃകകൂടിയാണ്‌ സൃഷ്ടിക്കപ്പെട്ടത്‌. ഡോക്ടർമാർ ഉൾപ്പെടെ പന്ത്രണ്ടോളം ആരോഗ്യപ്രവർത്തകരെയാണ്‌ പ്രദേശവാസികൾ സ്വീകരിച്ചത്‌.

വെള്ളിയാഴ്‌ചയാണ്‌ കോവിഡ്‌ പെരുമാറ്റച്ചട്ടം ലംഘിച്ച്‌ ഒത്തുകൂടിയ ഒരുകൂട്ടർ ആരോഗ്യപ്രവർത്തകരെ തടഞ്ഞുവച്ചത്‌. വ്യാജവാർത്ത നൽകി ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചശേഷമാണ്‌ ആരോഗ്യ പ്രവർത്തകർക്കുനേരെ തിരിഞ്ഞത്‌. എന്നിട്ടും ട്രിപ്പിൾ ലോക്‌ഡൗണിൽപ്പെട്ട, അതിവ്യാപനമുള്ള പ്രദേശമായ പൂന്തുറ നിവാസികൾക്ക്‌ എല്ലാ സഹായവും ഒരുക്കുകയായിരുന്നു ആരോഗ്യപ്രവർത്തകർ.

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top