03 August Monday

പിടിച്ചുകെട്ടാൻ പൂന്തുറ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
തിരുവനന്തപുരം 
കോവിഡ്‌ അതിവ്യാപന മേഖലയായ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി മേഖലകളിൽ പ്രതിരോധം ശക്തമാക്കി സർക്കാർ. ട്രിപ്പിൾ ലോക്‌ഡൗൺ ഒരാഴ്‌ചകൂടി നീട്ടിയ സാഹചര്യത്തിൽ മേഖലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കലക്ടർ നവജ്യോത്‌ ഖോസ എന്നിവർ സന്ദർശിച്ച്‌ പ്രവർത്തനങ്ങൾ വിലയിരുത്തി. 
സർക്കാർ നടപ്പാക്കുന്ന സംവിധാനങ്ങൾ മികച്ചതാണെന്നും തങ്ങൾ പൂർണ തൃപ്തരാണെന്നും പ്രദേശവാസികൾ പറഞ്ഞു. ചെറിയ അശ്രദ്ധമൂലമുണ്ടായ അനിഷ്ടസംഭവത്തിൽ അബദ്ധത്തിൽ പങ്കാളികളായവർക്ക് കുറ്റബോധമുണ്ടെന്നും അത് മുഖ്യമന്ത്രിയെക്കൂടി അറിയിക്കണമെന്നും ഇടവക വികാരി ഫാ. അന്റോണി അടിമൈ ബെബിൻസൺ മന്ത്രിയോട് അഭ്യർഥിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും എപ്പോഴും ഉണ്ടാകുമെന്ന്‌ മന്ത്രി ഉറപ്പുനൽകി. ആരോഗ്യപ്രവർത്തകരും ജനങ്ങളും സഹകരിച്ച്‌ കോവിഡ്‌ പരിശോധനയും പ്രതിരോധപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്‌. നിത്യോപയോഗസാധനങ്ങൾ ലഭ്യമാക്കാൻ  എല്ലാ ക്രമീകരണങ്ങളും ചെയ്തു. 
കൺസ്യൂമർ ഫെഡിന്റെ മൊബൈൽ യൂണിറ്റുകൾ എത്തിച്ച്‌ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. പച്ചക്കറി വിതരണത്തിനായി ഹോർട്ടികോർപ്‌, പാൽ വിതരണ കൗണ്ടറുകൾ, ഗ്യാസ്‌, കെപ്‌കോയുടെ മൊബൈൽ ചിക്കൻ യൂണിറ്റ്‌, മൊബൈൽ എടിഎം തുടങ്ങിയവ സജ്ജീകരിച്ചു. 8,100 കാർഡുടമകൾക്ക്‌ അഞ്ചുകിലോ അരി വീതം സൗജന്യമായി നൽകുന്നു. പ്രദേശത്ത്‌ സാനിറ്റൈസർ കിയോസ്കുകൾ സ്ഥാപിക്കും. എല്ലാ വീടുകളും അണുവിമുക്തമാക്കി. 150 കിടക്കകളുള്ള ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററും മൊബൈൽ മെഡിസിൻ ഡിസ്‌പൻസറി യൂണിറ്റും സജ്ജീകരിക്കും. 
കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ
നിലവിൽ ക്വാറന്റൈൻ കേന്ദ്രമായ ബീമാപള്ളിയുടെ ഉടമസ്ഥതയിലെ ഒരു ഹാൾ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററാക്കും. മുട്ടത്തറയിലെ കല്യാണമണ്ഡപവും പരിചരണകേന്ദ്രമാക്കാൻ നിർദേശം നൽകി. ഇത്‌ പര്യാപ്തമെങ്കിൽ ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററാക്കും. നേരത്തെ സെന്റ്‌ തോമസ്‌ സ്‌കൂളിൽ കേന്ദ്രം ആരംഭിച്ചിരുന്നു. ഇവിടങ്ങളിൽ ആന്റിജൻ പരിശോധന ശക്തമാക്കും. ഡോക്ടർമാർക്കും മറ്റ്‌ ആരോഗ്യപ്രവർത്തകർക്കും വളന്റിയർമാർക്കും താമസിക്കാൻ സ്‌കൂളുകൾ സജ്ജീകരിച്ചു.
 വേളി യൂത്ത്‌ ഹോസ്റ്റൽ, മറ്റ്‌ മൂന്ന്‌ ഹോട്ടലുകൾ എന്നിവയിലും താമസസൗകര്യമൊരുക്കും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top