22 August Thursday

വധശ്രമം: 5 ആർഎസ്എസുകാർ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ഡിവൈഎഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്‍‍‍റ്റിലായ പ്രതികള്‍‍‍

 

ആലപ്പുഴ
ഡിവൈഎഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച അഞ്ച് ആർഎസ്എസ്–-ബിജെപിക്കാർ അറസ‌്റ്റിൽ. തിരുമല വാർഡിലെ  പാണാപറമ്പിൽ അശ്വിൻദേവ് (26), മഠത്തിൽവീട്ടിൽ അഖിൽ (28), പ്രകാശ്ഭവനിൽ സഞ‌്ജു പ്രകാശ് (26) കൂട്ടുമ്മേൽ വീട്ടിൽ രഞ‌്ജിത് (24), അരയശേരി വീട്ടിൽ സന്ദീപ‌് (25) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ‌്റ്റ‌്ചെയ‌്തത‌്.
ചൊവ്വാഴ‌്ച രാത്രി പത്തോടെയായിരുന്നു ആക്രമണം. പള്ളാത്തുരുത്തി വാർഡിൽ പള്ളിവീട്ടിൽ അഷറഫിന്റെ മകൻ സുനീർ (25), കന്നിട്ടപ്പറമ്പിൽ സലിമിന്റെ മകൻ സെൽമാൻ (18), കളത്തിൽപ്പറമ്പിൽ ജലീലിന്റെ മകൻ ഷബീർഖാൻ (19) എന്നിവരെയാണ‌് എട്ട‌് പേരടങ്ങുന്ന സംഘം വധിക്കാൻ ശ്രമിച്ചത‌്. 
 ബൈക്കിൽ പോകുകയായിരുന്ന സുനീറിനെയും കൂട്ടുകാരെയും ചുങ്കം ഔട്ട‌്പോസ‌്റ്റിന‌് സമീപത്തെ ഭഗവതിക്ഷേത്രത്തിനടുത്ത‌് പതിയിരുന്ന‌് ആക്രമിക്കുകയായിരുന്നു. സുനീറിനെ തലയ‌്ക്കടിച്ചുവീഴ‌്ത്തി കത്തികൊണ്ട‌് കുത്തി. ഗുരുതര പരിക്കേറ്റ സുനീറിനെ മണിക്കൂറുകൾനീണ്ട ശസ‌്ത്രക്രിയയ‌്ക്ക‌ുശേഷം ഐസിയുവിലേക്ക‌് മാറ്റി. ഇയാളുടെ ആന്തരീകാവയവങ്ങൾക്ക‌് ഗുരുതരമായി മുറിവേറ്റതായി ഡോക‌്ടർമാർ പറഞ്ഞു. ഷബീർഖാന്റെ തലയ‌്ക്ക‌് വെട്ടേറ്റു. സൽമാനെ കമ്പിവടികൊണ്ട് അടിച്ച‌് പരിക്കേൽപ്പിച്ചു. 
 പ്രതികളുടെ നേത‌ൃത്വത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് സംഘർഷത്തിന‌് പദ്ധതിയിട്ടിരുന്നു. ഇത‌് സുനീറിന്റെ നേത‌ൃത്വത്തിൽ നാട്ടുകാർ ചെറുത്തു. ഇതിന്റെ പ്രതികാരമാണ‌് വധശ്രമം. തിരുമല വാർഡ് കൗൺസിലർ ജയപ്രസാദിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ‌്തതടക്കം നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ അച്ചു എന്ന അശ്വിനിദേവിന്റെ നേത‌ൃത്വത്തിലായിരുന്നു ആക്രമണം. വരുംദിവസങ്ങളിൽ കൂടുതൽ അറസ‌്റ്റ‌് ഉണ്ടാകുമെന്ന് സൗത്ത് സർക്കിൾ ഇൻസ‌്പെക‌്ടർ കെ എസ് അരുൺകുമാർ പറഞ്ഞു.
 അറസ‌്റ്റിലായരെ സ്ഥലത്തെത്തിച്ച‌് തെളിവെടുപ്പ‌് നടത്തി. ആക്രമണത്തിന‌് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. 
സംഘർഷാവസ്ഥ കണക്കിലെടുത്ത് 200 സായുധ പൊലീസിനെയും 50 ദ്രുതകർമ സേനാംഗങ്ങളെയും വിന്യസിച്ചു. 
നാല് സർക്കിൾ ഇൻസ‌്പെക‌്ടർമാരും ഡിവൈഎസ‌്പിയും ചുമതലയിലുണ്ട്.
 

സിപിഐ എം പ്രതിഷേധിച്ചു

ആലപ്പുഴ
പള്ളാത്തുരുത്തി വാർഡിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മുഴുവൻ ആർഎസ്എസ്- ക്രിമിനലുകളെയും ഉടൻ പിടികൂടണമെന്ന‌് സിപിഐ എം ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ ആവശ്യപ്പെട്ടു.നാളുകളായി പ്രദേശത്ത് സംഘർഷം സ‌ൃഷ‌്ടിക്കാൻ ശ്രമിക്കുന്ന മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണ‌് പ്രതികൾ. തിരുമല വാർഡ് കൗൺസിലർ ജയപ്രസാദിനെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണ‌്. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top