20 June Thursday

ഇലക്ട്രിക‌് വീൽച്ചെയറായി; നവ്യയുടെ പഠനം ഇനി ക്ലാസ‌്മുറിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ചേർത്തല എഎസ്‌പി ആർ വിശ്വനാഥും റോബി ഫ്രാൻസീസും ചേർന്ന് നവ്യ ലാലിന് ഇലക്ട്രിക് വീൽചെയർ നൽകിയപ്പോൾ

മുഹമ്മ
ക്ലാസ‌്മുറിയിൽ സഹപാഠികൾക്കൊപ്പമിരുന്ന‌് പഠിക്കുകയെന്ന അഞ്ചുവർഷത്തെ കാത്തിരിപ്പ‌് പൂവണിയുന്നതിന്റെ ആഹ്ലാദത്തിലാ‌ണ‌് നവ്യ. വൈകല്യങ്ങളെ ഇച്ഛാശക്തികൊണ്ട് തോൽപ്പിച്ച മിടുക്കി ഇനി ഇലക്ട്രിക് വീൽചെയറിൽ സ‌്കൂളിലെത്തും. 
അരയ‌്ക്ക‌് കീഴെ തളർന്ന‌ നവ്യയെ എ ബി വിലാസം എച്ച‌്എസ‌്എസിൽ അഞ്ചാം ക്ലാസിൽ ചേർത്തെങ്കിലും സ‌്കൂളിലെത്തി പഠിക്കാനായിരുന്നില്ല. എസ‌്പിസി കേഡറ്റുകളും സമഗ്രശിക്ഷ റിസോഴ്സ് അധ്യാപിക പി എസ് സുനിതയും വീട്ടിലെത്തിയാണ‌് പഠിപ്പിച്ചിരുന്നത‌്.  
 കഞ്ഞിക്കുഴി പുത്തനമ്പലത്തിന‌് സമീപം പാണിചിറയിൽ ലാൽ–--ശോഭന ദമ്പതികളുടെ മകളാണ‌് നവ്യ. സ‌്കൂൾ എസ‌്പിസി യൂണിറ്റിന്റെ അഭ്യർഥനപ്രകാരം മുഹമ്മ ഫൈബർ വേൾഡ് കമ്പനി എംഡി റോബി ഫ്രാൻസിസ‌് 70,000 രൂപ വിലയുള്ള ഇലക‌്ട്രിക‌് വീൽചെയർ വാങ്ങി നൽകിയതോടെയാണ‌് നവ്യയുടെ ആഗ്രഹം സഫലമാകുന്നത‌്. എസ‌്പിസി അവലോകനയോഗത്തിൽ  നവ്യയുടെ ദയനീയാവസ്ഥ അധ്യാപിക പി ആർ അശ്വതി അവതരിപ്പിച്ചിരുന്നു. ക്ലാസിലേക്ക‌് വീൽചെയർ കയറ്റാനും മറ്റും സ‌്കൂൾ മാനേജ്മെന്റ് സൗകര്യമൊരുക്കും.
 എഎസ‌്പി ആർ വിശ്വനാഥ് ഇലക‌്ട്രിക് വീൽചെയർ നവ്യക്ക‌് കൈമാറി. പ്രിൻസിപ്പൽ പി സജീവ് അധ്യക്ഷനായി.  റോബി ഫ്രാൻസിസിനെ ചടങ്ങിൽ ആദരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ 10 എസ‌്പിസി കേഡറ്റുകൾക്ക‌് ഉപഹാരം നൽകി. 
ഹെഡ്മിസ്ട്രസ് വി കെ ഷക്കീല, കെ വി ജയചന്ദ്രൻ, ഷാജി മഞ‌്ജരി, കെ എസ് ലാലിച്ചൻ, എം വി സാബുമോൻ, പി ആർ അശ്വതി, എസ്ഐ മാരായ വി ഓമനക്കുട്ടൻ, റിജിൽ എം തോമസ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top