20 June Thursday

അരങ്ങിൽ ഫ്രാൻസിസിന്റെ വേറിട്ട കാഴ‌്ചകൾ

സ്വന്തം ലേഖകൻUpdated: Thursday Jun 13, 2019

ഫ്രാന്‍സിസ് ടി മാവേലിക്കര

 
മാവേലിക്കര
പ്രൊഫണല്‍ നാടകമത്സരത്തില്‍ മികച്ച നാടകക‌ൃത്തിനുള്ള സംസ്ഥാന സര്‍ക്കാർ പുരസ്‌കാരം ഏഴാം തവണയാണ‌് ഫ്രാന്‍സിസ‌് ടി മാവേലിക്കരയുടെ വീട്ടിലെത്തുന്നത‌്. 1997, 1999, 2000, 2004, 2011, 2017 വര്‍ഷങ്ങളിലും മികച്ച നാടകരചനയ‌്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച നാടകത്തിനുള്ള പുരസ്‌കാരം നേടിയ അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വേറിട്ട കാഴ്‌ചകളു’ടെ രചനയ‌്ക്കാണ് ഇത്തവണത്തെ അംഗീകാരമെത്തിയത‌്. 
മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്‌കാരം നേടിയ ‘കപടലോകത്തെ ശരികള്‍’ എന്ന നാടകവും ഫ്രാന്‍സിസിന്റേതാണ‌്. "വേറിട്ട കാഴ്‌ചകള്‍' അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള നിലപാട് ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ "കപടലോകത്തെ ശരികള്‍' ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വം മുറുകെ പിടിച്ചു. 
 കര്‍ഷകപ്രശ്‌നങ്ങൾ അവതരിപ്പിച്ച "ഒരുനാഴി മണ്ണ് ' എന്ന നാടകം 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ‌്കാരം നേടിയിരുന്നു. കമ്യൂണിസ‌്റ്റുകാരനെന്നതില്‍ അഭിമാനം കൊള്ളുന്ന ഇദ്ദേഹത്തിന്റെ 350–-ാം നാടകം "അമ്മ'യാണ‌്. വിഖ്യാത ജര്‍മന്‍ നാടകക‌ൃത്ത് ബെര്‍ത്രോൾഡ‌് ബ്രെഹ‌്തിന്റെ "ദി കൊക്കേഷ്യന്‍ ചോക്ക് സര്‍ക്കിള്‍' എന്ന നാടകത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരമാണിത‌്. കൊല്ലം കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി എഴുതിയ ഈ നാടകം ഒ മാധവന്റെ ഓര്‍മദിനമായ ജൂലൈ 19ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ അരങ്ങേറും. 
  കെപിഎസിക്കുവേണ്ടി എഴുതിയ ആറ് നാടകങ്ങളില്‍ നാലിനും മികച്ച നാടകത്തിനുള്ള അവാര്‍ഡ് ലഭിച്ചു. കാളിദാസ കലാകേന്ദ്രം, കൊല്ലം അസീസി, കാഞ്ഞിരപ്പള്ളി അമല, സ്വദേശാഭിമാനി, അക്ഷരജ്വാല, സാരഥി തുടങ്ങിയ കേരളത്തിലെ പ്രമുഖ നാടകസംഘങ്ങള്‍ക്കായി രചന  നിർവഹിച്ചിട്ടുണ്ട്. വെണ്ടര്‍ ഡാനിയേല്‍ സ‌്റ്റേറ്റ് ലൈസന്‍സി, പാച്ചുവും കോവാലനും എന്നീ സിനിമകള്‍ക്ക് തിരക്കഥയുമെഴുതി. നാടകങ്ങളിലൂടെ ഫാസിസത്തിനെതിരെ പൊരുതുന്ന ഫ്രാന്‍സിസ‌് പല തവണ സംഘപരിവാര്‍ അക്രമത്തിനിരയായി.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, കാമ്പിശേരി കരുണാകരന്‍ അവാര്‍ഡ്, കോഴിശേരി ബാലരാമന്‍ പുരസ്‌കാരം, കെസിബിസി സാഹിത്യ പുരസ്‌കാരം, ഒ മാധവന്‍ പുരസ്‌കാരം, കല്ലുമല കരുണാകരന്‍ അവാര്‍ഡ് ഉള്‍പ്പടെ അനേകം പുരസ്‌കാരങ്ങള്‍ നേടി.
ഭാര്യ: മരിയ. മക്കള്‍: ഫേബിയന്‍, ഫ്യൂജിന്‍, ലക്ഷ‌്മി.
പ്രധാന വാർത്തകൾ
 Top