18 June Tuesday

പനിക്ക‌് ചികിത്സതേടിയെത്തിയത‌് 331 പേർ

സ്വന്തം ലേഖകൻUpdated: Thursday Jun 13, 2019
 
ആലപ്പുഴ 
മഴക്കാലത്ത‌് പകർച്ചവ്യാധി തടയാൻ തുടർപ്രവർത്തനവുമായി ആരോഗ്യവകുപ്പ‌്. ശുചീകരണത്തിന്റെ തുടർപ്രവർത്തനവും ബോധവൽക്കരണവുമാണ‌് നടത്തുന്നത‌്. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ദ്രുതപ്രതികരണ ടീമിന്റെ യോഗം ചേർന്നു. ജില്ലയിലെ ആശുപത്രികളിൽ ബുധനാഴ‌്ചയും പനി ബാധിതരെത്തി. വൈറൽ പനിക്ക‌് ചികിത്സ തേടി 331 പേരാണ‌് എത്തിയത‌്. ഡെങ്കിപ്പനി മൂന്നും എലിപ്പനി ഒന്നും ചിക്കൻപോ‌ക‌്സ‌് ആറും കേസുകൾ റിപ്പോർട്ട‌്ചെയ‌്തിട്ടുണ്ട‌്.   
 ആരോഗ്യപ്രവർത്തകരുടെ നേത‌ൃത്വത്തിൽ നേരത്തെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തിയിരുന്നു. ഡോക‌്ടർമാർക്കും മറ്റ‌് ജീവനക്കാർക്കും വിദഗ‌്ധപരിശീലനവും നൽകി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ, മറ്റ‌് സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 
കൊതുകുജന്യ രോഗങ്ങൾ തടയാൻ  ‘ഈഡിസേ വിട’ എന്ന പേരിൽ ഉറവിടനശീകരണ പ്രവർത്തനവും നടത്തുന്നു.  
പനിബാധിതർക്ക‌് നൽകാനുള്ള കൊതുകുവല, കൊതുകിനെ ചെറുക്കാനുള്ള ക്രീമുകൾ എന്നിവ ‌എല്ലാ ആശുപത്രികൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും നൽകിയിട്ടുണ്ട‌്. 
വീട്ടിൽപ്പോയി വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെയും മറ്റ‌് സംസ്ഥാനങ്ങൾ സന്ദർശിച്ച‌് തിരിച്ചുവരുന്ന തദ്ദേശീയരുടെയും  രക്തസാമ്പിളുകൾ പരിശോധിക്കാനുള്ള സജ്ജീകരണമായി. 
എലിപ്പനി പടരാതിരിക്കാൻ പ്രതിരോധമരുന്ന‌് വിതരണംചെയ‌്തു. മരുന്ന‌് കഴിക്കാനുള്ള ബോധവത‌്കരണവും നടത്തുന്നുണ്ട‌്. തൊഴിലുറപ്പ‌് തൊഴിലാളികൾക്കും എലിപ്പനി പ്രതിരോധ മരുന്ന‌് നൽകി .
പകർച്ചവ്യാധി പ്രതിരോധം ഏകോപിപ്പിക്കാനായി ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂർ കൺട്രോൾറൂം തുറന്നു. ഫോൺ: 0477–-2251650. വിശദവിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ദിശയുമായി (ഫോൺ: 1056) ബന്ധപ്പെടാം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top