27 May Wednesday
കലിതുള്ളി കടല്‍

തീരം തകർത്ത്‌ തിരകൾ; ഗ്രാമങ്ങളിൽ മഴക്കെടുതി

സ്വന്തംലേഖകൻUpdated: Thursday Jun 13, 2019

തിരയടങ്ങാതെ... കടലാക്രമണത്തിൽ തകർന്ന തന്റെ വീടിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ വിജയ്‌

തിരുവനന്തപുരം
മഴക്കാല കെടുതിയിലും കടൽക്ഷോഭത്തിലും ജില്ലയിൽ 120ലധികം വീട‌് തകർന്നു. നാല് ദുരിതാശ്വാസ ക്യാമ്പിലായി 93 കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കടൽക്ഷോഭത്തിൽ എട്ട് വീട‌് പൂർണമായും  60 വീട‌് ഭാ​ഗികമായും തകർന്നു. വലിയതുറ, കൊച്ചുതോപ്പ്, വലിയ തോപ്പ് മേഖലകളിലാണ് രൂക്ഷമായ കടൽക്ഷോഭം. വലിയതുറയിൽ മാത്രം 15ലധികം വീട‌് കടലെടുത്തു. കടൽക്ഷോഭം രൂക്ഷമായ തിരുവനന്തപുരം താലൂക്കിൽ  നാല് ദുരിതാശ്വാസ ക്യാമ്പുതുറന്നു. വലിയതുറ ​ഗവ. യുപി സ്കൂളിൽ 268പേർ, ബഡ്സ് സ്കൂളിൽ 54പേർ, ഫിഷറീസ് ​ഗോഡൗണിൽ 20 പേർ, ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ മൂന്ന് പേർ എന്നിങ്ങനെ 345 പേരാണ‌് ക്യാമ്പിലുള്ളത‌്.  ശംഖുംമുഖം തീരത്തിന്റെ മുക്കാൽ ഭാ​ഗവും കടൽ കയറി. ഇവിടേക്ക‌് ആളുകൾ എത്താതിരിക്കാൻ  പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. 
 
കടൽക്ഷോഭത്തിന്റെ ആഘാതം കുറയ്ക്കാനായി വലിയതുറ മേഖലയിൽ യുദ്ധകാലാടിസ്ഥാനത്തിൽ കളിമൺ ചാക്കുകൾ ഇടാൻ തീരുമാനിച്ചു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് ചാക്കുകൾ സ്ഥാപിക്കുക. പാറശാല ഏരിയയിലെ ഏലാകളിൽ ശക്തമായ മഴയിലും കാറ്റിലും  വ്യാപകമായ‌് കൃഷിനശിച്ചു. ഓണവിപണി ലക്ഷ്യമിട്ട്  കൃഷി ചെയ്തിരുന്ന കുലച്ചതും കുലയ‌്ക്കാത്തതുമായ പതിനായിരക്കണക്കിന് വാഴകൾ ഒടിഞ്ഞുവീണു. അയിരക്ക് സമീപത്ത‌് ബൈപ്പാസ് റോഡിന് അടുത്തായി മഴവെള്ളം ഒഴുകിപ്പോകുവാനുള്ള സംവിധാനമൊരുക്കാത്തതിനാൽ  ഇവിടെയുള്ള ഏലാകളിൽ വെള്ളക്കെട്ട് രൂക്ഷമായി കൃഷിനാശം സംഭവിച്ചു. 
 
വർക്കലയിലും പരിസര പ്രദേശങ്ങളിലും  മഴയിലും കാറ്റിലും വൃക്ഷങ്ങൾ കടപുഴകിയതിനെ തുടർന്ന് വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകൾക്കും ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വർക്കല മുനിസിപ്പാലിറ്റി, വെട്ടൂർ, ഇടവ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലെ തീരദേശ മേഖലയിലെ വീടുകളിലും താഴ‌്ന്ന പ്രദേശങ്ങളിലും വെള്ളം കയറി പുറത്തേയ്ക്കിക്കിറങ്ങാൻ കഴിയാതായി.  ഇലകമൺ, ചെമ്മരുതി, ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ എന്നീ പഞ്ചായത്ത് പ്രദേശത്തെ ഭൂരിഭാഗം കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ കാറ്റിലും മഴയിലും പാലോട‌് വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു.  തെക്കേക്കര ഷാഫി മൻസിലിൽ ഷാജിമോന്റെ വീടിന് മുകളിലേക്കാണ് സമീപത്തെ പ്ലാവ് ഒടിഞ്ഞു വീണത്. കോവളത്ത്‌ ശക‌്തമായ കാറ്റിലും, കനത്ത മഴയിലും വ്യാപക കൃഷിനാശം, ആയിരക്കണക്കിന് കുലച്ച വാഴകൾ ഒടിഞ്ഞു വീണു.ചെറുകൃഷി ഇനങ്ങളെല്ലാം വെള്ളത്തിനടിയിലായി.വെങ്ങാനൂർ, വെണ്ണിയൂർ, പനങ്ങോട്, മുട്ടക്കാട് , നെടിഞ്ഞൽ, വച്ചാമൂല തുടങ്ങിയഏലാകളിലാണ‌് വ്യാപകമായ കൃഷിനാശം ഉണ്ടായിരിക്കുന്നത്. മുട്ടക്കാട് ഏലായിൽ കർഷകനായ രാജപ്പന്റെ 800-ലധികം കുലവാഴകൾ ഒടിഞ്ഞുവീണു.ഓരോ ഏലായിലും, 1000-ലധികം വാഴകൾ വീതം ഒടിഞ്ഞു നശിച്ചിട്ടുണ്ട്. 
 
പനത്തുറ ഭാഗത്ത് രൂക്ഷമായ കടലാക്രമണം. 50-ലധികം വീടുകളിൽ വെള്ളം കയറി.അഞ്ചു വീടുകൾ തകർച്ചാഭീഷണിയിൽ. പനത്തുറ സ്വദേശികളായ ഖാദർ, സോമൻ, ബാലാനന്ദൻ, രാധ എന്നിവരുടെ വീടുകളാണ് തകർച്ചാഭീഷണി നേരിടുന്നത്.  പനത്തുറ സുബ്രഹ്മണ്യക്ഷേത്രം, മുസ്ലിം പള്ളി, മറ്റ് രണ്ട് ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കയറി. പ്രദേശത്തു നിന്നുള്ള ആളുകളെയെല്ലാം മാറ്റി. നെടുമങ്ങാട‌് പനവൂർ പഞ്ചായത്തിൽ മീന്നിലംവാർഡിൽ മൊട്ടക്കാവ് തോപ്പിൽ അന്നാഭവനിൽ സുജിതയുടെ വീട‌് തകർന്നു. വിളപ്പിൽ: മലയിൻകീഴ് കോളേജ് റോഡിൽ ഉണങ്ങിയ അക്കേഷ്യമരം കടപുഴകി. കോളേജ് മതിലിനകത്ത് നിന്ന മരം വൈദ്യുതി കമ്പികൾക്ക് മുകളിൽവീണു.തൊട്ടടുത്താണ് എൽപി ബോയ്സ് സ്കൂൾ.  മരം വീഴുമ്പോൾ കുട്ടികളെല്ലാം ക്ലാസിലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
 
 
 
 
 
 
പ്രധാന വാർത്തകൾ
 Top