17 June Monday

മഴക്കാലം പനിക്കാലമാക്കാതിരിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
തിരുവനന്തപുരം
മഴക്കാല രോഗങ്ങൾ  പകരാതിരിക്കാൻ ജനം ജാഗ്രത പാലിക്കണമെന്ന‌് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ ജാഗ്രത എന്നപേരിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ, വൈറൽ പനി, കോളറ, മലമ്പനി, മന്ത്, വയറിളക്ക രോഗങ്ങൾ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്കെതിരെ മുൻകരുതലെടുക്കണം. ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാൻ കൊതുകുകടി ഏൽക്കാതെ നോക്കണം. വീടും പരിസരവും വൃത്തിയാക്കണം. വെള്ളം കെട്ടിക്കിടക്കുന്നത‌് ഒഴിവാക്കണം. മലിനജലവുമായുണ്ടാകുന്ന സമ്പർക്കം എലിപ്പനിക്ക‌് കാരണമാകും. ഡയേറിയ, കോളറ, എന്നിവയും മലിന ജലത്തിലൂടെയാണ് പകരുന്നത്. മലിനജലത്തിൽ ഇറങ്ങേണ്ടി വന്നാൽ ഉടൻ കൈകാലുകളും ചെരിപ്പും വൃത്തിയാക്കണം. മുറിവുള്ളവർ മലിനജലവുമായി സമ്പർക്കത്തിലേർപ്പെടരുത്. സർക്കാർ ആശുപത്രികളിൽ സൗജന്യ പ്രതിരോധ മരുന്ന് ലഭ്യമാണ്.
 
കൈകൾ വൃത്തിയായി കഴുകുന്നതിലൂടെ നിരവധി രോഗങ്ങൾ ഒഴിവാക്കാം. യാത്രാമധ്യേ അണുബാധയുണ്ടാകാൻ സാധ്യത കൂടുതലുണ്ട‌്. ഭക്ഷണത്തിന് മുമ്പും ശേഷവും ശൗചാലയത്തിൽ പോയതിന് ശേഷവും കൈ സോപ്പുപയോഗിച്ച് കഴുകണം. മൂക്കിലൂടെയും വായിലൂടെയുമാണ‌്‌ ശ്വാസകോശ അണുബാധ, എച്ച്1, എൻ1, വൈറൽ പനി എന്നിവ പകരുന്നത്. വൃത്തിഹീനമായ കൈകളുപയോഗിച്ച് ഈ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ നിർബന്ധമായും വൃത്തിയുള്ള തൂവാല ഉപയോഗിച്ച് വായും മുഖവും മൂടണം. തുറസായ സ്ഥലത്ത് തുപ്പരുത‌്. വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കണം. ഭക്ഷണം തുറന്നുവയ്ക്കരുത്. ഈച്ച പെരുകാനിടയാകുന്ന സാഹചര്യം ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാൽ ഉടനടി ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. സംശയ നിവാരണത്തിന‌് ദിശ മുഴുവൻ സമയ ഹെൽപ് ലൈനായ 0471 2552056, 1056 (ടോൾഫ്രീ) നമ്പരുകളിൽ ബന്ധപ്പെടാം.
 
 
 
 
പ്രധാന വാർത്തകൾ
 Top