23 August Friday

സ്‌കൂളും ആശുപത്രിയും സുരക്ഷിതമാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
തിരുവനന്തപുരം
മഴക്കാലത്ത് സുരക്ഷാ മുൻകരുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളുടെയും ആശുപത്രികളുടെയും സുരക്ഷ ഉറപ്പാക്കാൻ ദുരന്ത നിവാരണ വിഭാഗം നടപടി തുടങ്ങി. സ്‌കൂളുകളുടെയും ആശുപത്രികളുടെയും ഫിറ്റ്‌നസ് പൊതുമരാമത്ത് എൻജിനിയറെക്കൊണ്ട് പരിശോധിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കലക്ടർ നിർദേശം നൽകി. ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങൾ, സ്‌കൂൾ, ആശുപത്രി എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. 
 
രക്ഷാപ്രവർത്തനം ആവശ്യമായ ഘട്ടത്തിൽ പുറമ്പോക്കിൽ വസിക്കുന്നവർ, കോളനികൾ, പുഴയുടേയോ നീർചാലുകളുടേയോ തീരത്ത് താമസിക്കുന്നവർ, മലയുടെ ചരിവുകളിലും ഒറ്റപ്പെട്ട പ്രദേശത്തും താമസിക്കുന്നവർ തുടങ്ങിയവർക്ക് മുൻഗണന നൽകും. ഇതിനായി തെരഞ്ഞെടുപ്പ‌് ബൂത്ത് ലെവൽ ഓഫിസർമാരുടെയും സർവെ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ വില്ലേജ്തല രക്ഷാപ്രവർത്തന മുൻഗണനാ ഭൂപടങ്ങൾ തയ്യാറാക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി. റെസ്‌ക്യൂ ബോട്ടുകൾ, ലൈഫ് ബോയ എന്നിവ സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് ഡിടിപിസിയെ ചുമതലപ്പെടുത്തി. കടലിലും മറ്റും അപകടങ്ങളിൽപ്പെടുന്നത് കൂടുതലും യുവജനങ്ങളാണെന്നതു കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സംഘടനകൾ എന്നിവ മുഖേന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ജില്ലാ ഫയർ ആൻഡ് റെസ്‌ക്യൂ ഓപ്പറേഷൻസ് വിഭാഗത്തിനും കലക്ടർ നിർദേശം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top