20 August Tuesday

കലിയടങ്ങാതെ കടൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

തിരയെടുത്ത തീരം.... താനൂർ എടക്കടപ്പുറത്ത് തീരദേശ റോഡ് കടലെടുത്ത നിലയിൽ

 ജില്ലയിൽ കടൽക്ഷോഭം രൂക്ഷം. തീരത്തെ നിരവധി 

വീടുകൾ തകർന്നു. താനൂർ, പൊന്നാനി മേഖലകളിലാണ് നാശമേറെ. നൂറോളം വീടുകളിൽ വെള്ളം കയറി.
താനൂരിൽ തീരദേശ റോഡുകൾ തകർന്നു 
താനൂർ
ശമനമില്ലാതെ തുടരുന്ന കടൽക്ഷേ‌ാഭത്തിൽ താനൂരിൽ സംരക്ഷണഭിത്തിയില്ലാത്ത മേഖലകളിലെ തീരദേശ റോഡുകളെല്ലാം തകർന്നു. ഇതുകാരണം അടുത്ത സ്ഥലത്തേക്ക് പോകാൻ കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയാണ‌്. വലിയ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കയാണ്. കഴിഞ്ഞദിവസം എടക്കടപ്പുറം മേഖലയിൽ പത്തോളം വീടും തീരദേശ റോഡും  കടലെടുത്തു. അഞ്ച‌് വീടുകൾ പൂർണമായി തകർന്നു. പ്രദേശത്ത‌് മൂന്നുമീറ്റർ ആഴത്തിലുള്ള ഗർത്തം രൂപപ്പെട്ടു. ഭീതിയോടെയാണ് തീരദേശവാസികൾ ഓരോ നിമിഷവും തള്ളിനീക്കുന്നത്. കടലിനോട് ചേർന്നുള്ള വീടുകളിലുള്ളവർ താൽക്കാലികമായി ബന്ധുവീടുകളിലേക്ക് മാറി. 
തകർന്നടിഞ്ഞ‌് 
പൊന്നാനി തീരം 
പൊന്നാനി 
ആർത്തിരമ്പുന്ന തിരമാലകൾ പൊന്നാനിയുടെ തീരത്തെ തകർത്തെറിയുകയാണ‌്. 
പൊന്നാനി, പെരുമ്പടപ്പ‌്, വെളിയങ്കോട് മേഖലകളിൽ എട്ട് വീടുകൾ പൂർണമായി തകർന്നു. പെരുമ്പടപ്പിൽ എട്ടും വെളിയങ്കോട്ട‌് 25ഉം പൊന്നാനിയിൽ 16 വീടുകളും ഭാഗികമായി തകർന്നു. 
54 വീടുകൾ മണലും വെള്ളവും കയറി വാസയോഗ്യമല്ലാതായി. നൂറോളം കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് മാറി.
  പാലപ്പെട്ടി, കാപ്പിരിക്കാട്, അലിയാർ പള്ളി പരിസരത്ത് കടലേറ്റം ശക്തമാണ്. ബുധനാഴ‌്ച കാപ്പിരിക്കാട് ബീച്ച് റോഡ് 500 മീറ്ററോളം കടലെടുത്തു. പ്രദേശത്ത് 25–-ഓളം വീടുകൾ അപകടഭീഷണിയിലാണ്. പൊന്നാനി മരക്കടവ്, മുറിഞ്ഞഴി, അലിയാർ പള്ളി, ലൈറ്റ് ഹൗസ് പരിസരം എന്നിവിടങ്ങളിലും തിരയേറ്റം ശക്തമാണ‌്.
പൊന്നാനി ലൈറ്റ് ഹൗസ് ഭാഗത്ത‌് കടൽഭിത്തി ഉടൻ 
പൊന്നാനി 
 രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന പൊന്നാനി ലൈറ്റ് ഹൗസ് പരിസരത്ത് കടൽഭിത്തി നിർമാണം ഉടൻ തുടങ്ങും. സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണന്റെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ‌് തീരുമാനം. വീടുകൾ നഷ്ടപ്പെടുന്ന മേഖലയിൽ കല്ലുകളിട്ട‌് ഫ്ലഡ് ബണ്ടുകൾ നിർമിച്ച് സംരക്ഷണം ഒരുക്കും. ഇറിഗേഷൻ ചീഫ് എൻജിനിയർ അടക്കമുള്ള ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ലൈറ്റ് ഹൗസ് പരിസരത്തെ 115 മീറ്റർ കടൽഭിത്തി നിർമിക്കാൻ സർക്കാർ 60 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ക്യാമ്പുകൾ സജ്ജം 
പൊന്നാനി
 കടലാക്രമണ ഭീഷണി നേരിടുന്നവർക്കായി ക്യാമ്പുകൾ സജ്ജമാക്കി. പൊന്നാനി ആനപ്പടി എഎൽപി സ്കൂൾ, പാലപ്പെട്ടി ഫിഷറീസ് യുപി സ്കൂൾ, വെളിയങ്കോട് ആനകത്ത് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ‌് ഒരുക്കിയിരിക്കുന്നത്. എന്നാൽ, നിലവിൽ ആരുംതന്നെ മാറിയിട്ടില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top