23 August Friday
ആദിവാസികൾക്കായി കുടുംബശ്രീ പദ്ധതി

വനവിഭവങ്ങൾക്ക‌് ഇനി ‘സമൃദ്ധി’

ആർ ഹണീഷ‌്കുമാർUpdated: Thursday Jun 13, 2019
മലപ്പുറം
വനവിഭവങ്ങൾ ശാസ‌്ത്രീയമായി  ശേഖരിക്കാനും സംസ‌്കരിക്കാനും വിപണനം നടത്താനും കുടുംബശ്രീ. കാർഷിക മേഖലയിലെ പുരോഗതിക്കായി നടപ്പാക്കുന്ന "സമൃദ്ധി’ പദ്ധതിയിലുൾപ്പെടുത്തിയാണിത‌്. 
 ആദിവാസി സങ്കേതങ്ങളിൽ ഇടപെടൽ ശക്തമാക്കുന്നതോടെ വനവിഭവങ്ങൾ ശേഖരിച്ച‌് ഉപജീവനം നടത്തുന്ന ആദിവാസികളുടെ ജീവിതത്തിനും  പുരോഗതിയുണ്ടാകും. ഓരോ മേഖലയിലെയും വിദഗ‌്ധരുടെ മേൽനോട്ടത്തിലാണ‌് പരിശീലനം. ഇതിൽ ഉൽപ്പാദനം, ശേഖരിക്കൽ,  വിപണനം എന്നിവ  ഉൾപ്പെടുത്തിയിട്ടുണ്ട‌്. 
    തേൻ, നായ‌്ക്കുരുണ പരിപ്പ‌്, കുന്തിരിക്കം, ചീനിക്ക, മരോട്ടിക്കുരു, മൊന്തക്ക, കൊല്ലക്ക, ഉറുഞ്ചിക്കായ, കാഞ്ഞിരക്കുരു, മുള്ളിലക്കുരു, തിപ്പല്ലി, കാട്ടുകുരുമുളക‌് തുടങ്ങിയവയാണ‌് ആദിവാസികൾ വനങ്ങളിൽനിന്ന‌് ശേഖരിക്കുന്നത‌്. ഇവയുടെ വിപണനത്തിന‌് പട്ടികവർഗ സഹകരണ സംഘങ്ങളും വനസംരക്ഷണ സമിതികളും രംഗത്തുണ്ടെങ്കിലും വിൽപ്പന പലപ്പോഴും അവയിലൂടെ ആകാറില്ല. ആദിവാസികളോട‌് അടുപ്പംപുലർത്തുന്ന ചിലർ ചുളുവിലക്ക‌് തട്ടിയെടുക്കുകയാണ‌് പതിവ‌്. വനവിഭവങ്ങൾക്ക‌് പൊതുവിപണിയിലും ആയുർവേദ മേഖലയിലും വൻ വിലയുണ്ടെങ്കിലും ആദിവാസികൾക്ക‌്  അധ്വാനത്തിന്റെ പകുതി വിലപോലും ലഭിക്കാറില്ല. പദ്ധതി നടപ്പാകുന്നതോടെ അധ്വാനത്തോടൊപ്പം സംസ‌്കരണത്തിലും വിപണനത്തിലും വില നിർണയത്തിലുമെല്ലാം ആദിവാസികൾക്ക‌് ഇടപെടാനാകും. 
   നിലവിൽ ജില്ലയിലെ ആദിവാസി മേഖലയിൽ 28 കാർഷിക ഗ്രൂപ്പുകളാണുള്ളത‌്.  ‘സമൃദ്ധി’ പദ്ധതി നടപ്പാകുന്നതോടെ കാർഷിക ഗ്രൂപ്പുകളുടെ എണ്ണം വർധിപ്പിക്കും. പരിശീലനം പൂർത്തിയാകുന്നതോടെ കാർഷിക ഗ്രൂപ്പുകളെ ഉൾപ്പെടുത്തി കുടുംബശ്രീ നേതൃത്വത്തിൽ വിപണനത്തിനും സംഘങ്ങളുണ്ടാക്കും. ജില്ലയിൽ 292 പട്ടികവർഗ സങ്കേതങ്ങളാണുള്ളത‌്. അയ്യായിരത്തോളം കുടുംബങ്ങളിലായി 20,000 അംഗങ്ങളുണ്ടെന്നാണ‌് കണക്ക‌്. ചോലനായ‌്ക്കർ, കാട്ടുനായ‌്ക്കർ, പണിയർ, അറനാടൻ വിഭാഗങ്ങളാണ‌് ജില്ലയിലെ ആദിവാസികളിലേറെയും.
പ്രധാന വാർത്തകൾ
 Top