19 August Monday

കാസർകോട‌് നഗരസഭ ഹരിതകർമ സേനാംഗങ്ങൾക്ക്‌ 3 മാസമായി വേതനമില്ല

കെ സി ലൈജുമോൻUpdated: Thursday Jun 13, 2019
കാസർകോട്‌
നഗരസഭയിലെ ഹരിതകർമ സേന അംഗങ്ങൾക്ക്‌ മൂന്നു മാസമായി വേതനം ലഭിക്കുന്നില്ല. വീടുകളിലും കടകളിലുമെത്തി പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവൃത്തി സജീവമായി നടക്കുന്നുണ്ടെങ്കിലും ഇതിലേർപ്പെട്ട തൊഴിലാളികൾക്ക്‌ ഇതുവരെ വേതനം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ നഗരസഭയിൽ ഹരിതകർമസേനയുടെ പ്രവർത്തനം ആരംഭിച്ചത്‌. ഓരോ വാർഡിലും രണ്ടുപേർ എന്ന കണക്കിലാണ്‌ പ്രവർത്തനം ആരംഭിക്കാൻ നിശ്ചയിച്ചതെങ്കിലും ഒരാളെപ്പോലും ജോലിക്ക്‌ കിട്ടാത്ത  വാർഡുകളുമുണ്ട്‌. നിലവിൽ 35 പേരാണ്‌ ഹരിതകർമസേനയുടെ ഭാഗമായി ജോലിചെയ്യുന്നത്‌. 38 വാർഡുള്ള നഗരസഭയിൽ ഇത്രയുംപേർ പോരെന്നിരിക്കെ നിലവിലുള്ളവർക്ക്‌ പോലും കൃത്യമായി വേതനം കിട്ടാത്ത സാഹചര്യമാണുള്ളത്‌.
പ്ലാസ്‌റ്റിക്‌ ശേഖരിക്കാനെത്തുമ്പോൾ ചില കടയുടമകളിൽനിന്നും വീട്ടുകാരിൽനിന്നും മോശം പ്രതികരണമാണ്‌ ലഭിക്കുന്നതെന്നും ഹരിതകർമസേനാംഗങ്ങൾ പറഞ്ഞു. സ്വയം കംപോസ്‌റ്റ്‌ ചെയ്യുമെന്നും നിങ്ങളുടെ സഹകരണം ആവശ്യമില്ലെന്നുമാണ്‌ ഇവരുടെ നിലപാട്‌. എന്നാൽ ഇവരിൽ ഭൂരിഭാഗവും വഴിയോരങ്ങളിൽ മാലിന്യം തള്ളുകയാണ്‌ പതിവ്‌. നഗരത്തിലെ റോഡരികുകളിൽ ചാക്കിലും വലിയ കവറിലുമാക്കി പ്ലാസ്‌റ്റിക്‌ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയത്‌ നിത്യകാഴ്‌ചയാണ്‌. ഇതിനെതിരെ നടപടിയെടുക്കേണ്ട അധികൃതരാകട്ടെ ഉണർന്നു പ്രവർത്തിക്കുന്നുമില്ല.  നഗരസഭാ പരിധിയിൽ പതിനഞ്ചായിരത്തിലധികം വീടുകളും നാലായിരത്തിലേറെ കടകളുമുണ്ട്‌. പ്ലാസ്‌റ്റിക്‌ ശേഖരിക്കുമ്പോൾ കടകളിൽനിന്ന്‌ മാസത്തിലൊരിക്കൽ 100 രൂപയും വീടുകളിൽനിന്ന്‌ 50 രൂപയുമാണ്‌ ഈടാക്കുന്നത്‌. ഈ തുക ഹരിതകർമസേനയുടെ പ്രവർത്തനത്തിനായാണ്‌ ഉപയോഗിക്കുക. നിലവിൽ പ്രതിമാസം ശരാശരി 1.8 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. പ്ലാസ്‌റ്റിക്കല്ലാത്ത മാലിന്യങ്ങളും ചില വീട്ടുകാരും കടയുടമകളും കൈമാറുന്നതും സാധാരണമാണ്‌. റീസൈക്ലിങ്‌ കേന്ദ്രത്തിൽ പ്ലാസ്‌റ്റിക്‌ മാത്രമേ സ്വീകരിക്കൂവെന്നതിനാൽ ഇവ വേർതിരിക്കൽ ഹരിതകർമ സേനയെ വലയ്‌ക്കുകയാണ്‌.  ബോധവൽക്കരണത്തിലൂടെ പദ്ധതിയുടെ ലക്ഷ്യം കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനായാൽ നഗരത്തിലെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാനാകും. ഇതിലൂടെ ഹരിതകർമ സേന അംഗങ്ങളുടെ വരുമാനവും വർധിപ്പിക്കാനാകും. 
രണ്ടുദിവസത്തിനുള്ളിൽ രണ്ടുമാസത്തെ വേതനം ഓരോരുത്തരുടെയും അക്കൗണ്ടിലെത്തുമെന്ന്‌ നഗരസഭയിൽ ഹരിതകർമസേനയുടെ ചുമതലയുള്ള കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി അജീഷ്‌ പറഞ്ഞു. ഇതിനായുള്ള ബില്ലുകൾ നേരത്തെ ട്രഷറിയിലെത്തിച്ചെന്നും ക്യൂ ബില്ലിൽ കുടുങ്ങിയതിനാലാണ്‌ വേതനം കിട്ടാൻ വൈകിയതെന്നും അടുത്ത മാസം മുതൽ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഹരിതകർമ സേനയുടെ പ്രവർത്തനത്തിന്‌ സഹായകരമാകാൻ വാർഡൊന്നിന്‌ ആറുമാസത്തേക്ക്‌ 23,000 രൂപയാണ്‌ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്‌. ഈ തുക കൂടി ഉപയോഗിക്കാനാവുന്നതോടെ വരുംനാളുകളിൽ സേനയുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതരുള്ളത്‌.

 

പ്രധാന വാർത്തകൾ
 Top