16 November Saturday

വിവാഹശേഷം യുവതികളെ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
കസർകോട‌്
യുവതികളെ ചെറുപ്രായത്തിൽ വിവാഹം കഴിച്ചു മക്കളായ ശേഷം  ഉപേക്ഷിക്കുന്ന പ്രവണത വർധിക്കുന്നുവെന്ന‌്  സംസ്ഥാന വനിത കമ്മീഷൻ.  ഇതിനെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും  കാസർകോട‌് നടന്ന മെഗാ അദാലത്തിന‌് ശേഷം  വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ  മാധ്യമങ്ങളെ അറിയിച്ചു. 18വയസായ പെൺകുട്ടികളെ വിവാഹം ചെയ‌്ത ശേഷം നിസ്സാരകാരണത്താൽ ഒന്നിലധികം മക്കളായ ശേഷം  ഭർത്താക്കന്മാർ ഉപേക്ഷിച്ചു വേറെ വിവാഹം കഴിച്ചു വിദേശത്തേക്ക‌് പോവുന്നത‌് ജില്ലയിൽ വർധിക്കുകയാണ‌്. ഒൗദ്യോഗിക നടപടി സ്വീകരിക്കാതെയാണ‌് യുവതികളെ ഉപേക്ഷിക്കുന്നത‌്. വിവാഹസമയത്ത‌് രക്ഷിതാക്കൾ നൽകുന്ന സ്വത്തും പണവും ആഭരണങ്ങളുമൊക്കെ അതിനിടയിൽ ഭർത്താവും ഭർതൃബന്ധുക്കളും മാറ്റിയിട്ടുണ്ടാവും.  ഇത്തരം നിസ്സഹായാവസ്ഥയിൽനിന്ന‌്  പെൺകുട്ടികളെ രക്ഷിക്കാൻ ഭർത്താവിന്റെയും ഭർതൃമാതാപിതാക്കളുടെയും സ്വത്തും വസ‌്തുക്കളും  അധീനതയിലാക്കുക, ഭർത്താവിൽനിന്ന‌് ചെലവ‌് നേടിയെടുക്കുക,   വിവാഹത്തിനോ അതിന‌് ശേഷമോ രക്ഷിതാക്കൾ നൽകിയ സ്വർണവും പണവും സ്വത്തും തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയവ ചെയ്യാനാവും. എന്നാൽ നിയമ നടപടികളെകുറിച്ചു ഇത്തരം യുവതികൾ അജ്ഞരാണ‌്. അതിനാൽ അവരുടെ പിന്നീടുള്ള ജീവിതം ദയനീയമാണ‌്.  അദാലത്തിൽ ഇത്തരത്തിലുള്ള മൂന്ന‌് പേർക്ക‌് നാലായിരം രൂപ വീതം ചെലവിന‌് നൽകാൻ ഉത്തരവിട്ടതായും  വനിത കമ്മീഷൻ  പറഞ്ഞു‌.വിവാഹശേഷം വസ‌്ത്രം മാറുന്നതുപോലെ പെൺകുട്ടികളെ  മാറ്റുന്ന വർക്കെതിരെ നിയമനടപടി കർശനമാക്കും.  സ‌്ത്രീകളുടെ അവകാശങ്ങളെകുറിച്ചു അറിവുണ്ടാക്കാൻ നിയമബോധവൽക്കരണം നൽകും.
43 പരാതികളാണ‌് മെഗാ അദാലത്തിൽ ലഭിച്ചത‌്. മറ്റു ജില്ലകളെ അപേക്ഷിച്ചു പരാതികൾ കാസർകോട‌് കുറവാണ‌്. ഏഴ‌് പരാതികൾ തീർപ്പാക്കി,  ആറ‌് പരാതികളിൽ വിവിധ വകുപ്പുകളോട‌്  റിപ്പോർട്ട‌് തേടി. 30 പരാതികൾ കൂടുതൽ പരിശോധനക്കായിമാറ്റി വച്ചു.     
സഹപ്രവർത്തകൻ ഫോണിലൂടെ അശ്ലീലം പറയുന്നത‌ായുള്ള വനിതാ ഡോക്ടറുടെ പരാതിയിൽ  കടുത്തവകുപ്പ‌് ചേർത്ത‌് കേസെടുക്കാൻ  ബന്ധപ്പെട്ടവരോട‌് ആവശ്യപ്പെട്ടു.  വാക്ക‌്, നോട്ടം, ആംഗ്യം എന്നിവയൊക്കെ പീഡനമായി കണക്കാക്കുമെന്നും വനിത കമ്മീഷൻ പറഞ്ഞു.  പുറംകരാർ തൊഴിൽ  വ്യാപകമായതോടെ  കുറഞ്ഞ കൂലിയിൽ  സ‌്ത്രീകളെ ജോലി ചെയ്യിപ്പിക്കുന്നതായുള്ള പരാതികളും ഉയരുന്നുണ്ട‌്. ഓൺലൈൻ വഴി സ‌്ത്രീകളെ അപമാനിക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ട‌്. താൻ പോലും അതിന‌് ഇരയായതായി ജോസഫൈൻ പറഞ്ഞു, കുട്ടികൾക്ക‌് നേരെയുള്ള അതിക്രമങ്ങൾ , സ്വത്ത‌് സംബന്ധമായ തർക്കങ്ങൾ തുടങ്ങിയവയും  അദാലത്തിൽ വന്നതായി പറഞ്ഞു.   കമീഷൻ അംഗങ്ങളായ ഷാഹിദ കമാൽ, ഇ  എം രാധ, അഡ്വ. ഷിജി ശിവജി എന്നിവരും പങ്കെടുത്തു. 43 പരാതികളാണ‌് ലഭിച്ചത‌്. അതിൽ ഏഴ‌് പരാതികൾ തീർപ്പാക്കി,  ആറ‌്പരാതികളിൽ വിവിധ വകുപ്പുകളിൽ  നിന്ന‌് റിപ്പോർട്ട‌് തേടി. 30 പരാതികൾ കൂടുതൽ പരിശോധനക്കായി മാറ്റി വച്ചു‌.
പ്രധാന വാർത്തകൾ
 Top