17 June Monday

അങ്കണവാടികൾക്ക‌് താങ്ങായി കപ്പൽശാല

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019
ആലപ്പുഴ
പ്രളയത്തിൽ തകർന്ന കുട്ടനാട്ടിലെ അങ്കണവാടികളെ കൈപിടിച്ചുയർത്താൻ കൊച്ചി കപ്പൽശാല. കപ്പൽശാല ഏറ്റെടുത്ത ആറ‌് അങ്കണവാടികളിൽ മൂന്നെണ്ണത്തിന്റെ നവീകരണം പൂർത്തിയായി‌. രാമങ്കരി, കൈനകരി, മാമ്പുഴക്കരി എന്നിവിടങ്ങളിലാണ‌് അങ്കണവാടികളുടെ നിർമാണമാണ‌്പൂർത്തിയാക്കിയത‌്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതോടെ ഇവയുടെ ഉദ‌്ഘാടനം നടക്കും. കെട്ടിടങ്ങളുടെ തകർന്ന ഭാഗങ്ങൾ പുനർനിർമിച്ച‌് ടൈൽസ‌് ഇട്ട‌് മനോഹരമാക്കിയിട്ടുണ്ട‌്. വെളിച്ചവും ഒരുക്കി. കാനാച്ചേരി, കൊടുപ്പുന്ന, തലവടി എന്നിവിടങ്ങളിലെ മൂന്ന‌് അങ്കണവാടികളുടെ നിർമാണം പുരോഗമിക്കുകയാണ‌്. 
സാമൂഹ്യനീതി വകുപ്പും ജില്ലാ ഭരണവൃന്ദവുമായി ചേർന്ന‌് കപ്പൽശാലയുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽനിന്ന‌് 20 ലക്ഷം രൂപ ചെലവഴിച്ചാണ‌് അങ്കണവാടികൾ ഉപയോഗയോഗ്യമാക്കുന്നത‌്. ജില്ലാ നിർമിതി കേന്ദ്രത്തിനാണ‌് നിർവഹണച്ചുമതല. അങ്കണവാടികളുടെ പുനർനിർമാണത്തിന‌് സാമൂഹ്യനീതിവകുപ്പ‌് തയ്യാറാക്കിയ പദ്ധതി യാഥാർഥ്യമാക്കാൻ സഹായം തേടി സബ‌്കലക‌്ടർ വി ആർ ക‌ൃഷ‌്ണതേജയാണ‌് കപ്പൽശാലയുമായി ബന്ധപ്പെട്ടത‌്. 
 പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച കപ്പൽശാല അധിക‌ൃതർ സാമൂഹ്യനീതി വകുപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. നിർമിതി കേന്ദ്രത്തെ നിർവഹണ ഏജൻസിയായി തീരുമാനിച്ച‌് ആദ്യഗഡു പണവും കൈമാറിയശേഷമാണ‌് നിർമാണം തുടങ്ങിയത‌്. പൂർത്തിയാകാനുള്ള മൂന്ന‌് അങ്കണവാടികളുടെയും നിർമാണം പുരോഗമിക്കുന്ന മുറയ‌്ക്ക‌് ഇവയ‌്ക്കുള്ള പണം കൈമാറും.
പ്രധാന വാർത്തകൾ
 Top