20 August Tuesday

അമിത‌് ഷാ ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കുന്നു: എസ‌് ആർ പി

സ്വന്തം ലേഖകൻUpdated: Saturday Apr 13, 2019
ആലപ്പുഴ
കുടിയേറ്റക്കാരായ മുസ്ലിങ്ങൾക്ക‌് പൗരത്വം നൽകില്ലെന്ന ബിജെപി അധ്യക്ഷൻ അമിത‌് ഷായുടെ പ്രസ‌്താവന ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കാൻ ലക്ഷ്യമിടുന്നതാണെന്ന‌് സിപിഐ എം പൊ‌ളിറ്റ‌് ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള പറഞ്ഞു.  ആലപ്പുഴ ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി എ എം ആരിഫിന്റെ പ്രചാരണത്തിനായി വിവിധകേന്ദ്രങ്ങളിൽ നടന്ന യോഗം ഉദ‌്ഘാടനം ചെയ‌്തു സംസാരിക്കുകയായിരുന്നു അദേഹം. 
 ബിജെപി ഉയർത്തുന്ന ഭൂരിപക്ഷവർഗീയത ചെറുക്കാൻ കോൺഗ്രസിന‌് കഴിയുന്നില്ല. അയോധ്യയിലെ രാമക്ഷേത്ര നിർമാണം, ഗോവധ നിരോധനം, പൗരത്വപ്രശ‌്നം, ജമ്മു–-കശ‌്മീരിന്റെ സ്വതന്ത്രപദവി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസിന‌് ഉറച്ച മതേതര നിലപാടില്ല. മധ്യപ്രദേശിൽ ഗോവധത്തിന്റെ പേരിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തിയത‌് കോൺഗ്രസ‌് സർക്കാരാണ‌്. ബാബറി മസ‌്ജിദ‌് തുറന്നുകൊടുത്തത‌് കോൺഗ്രസിന്റെ ഭരണകാലത്താണ‌്. ബാബറി മസ‌്ജിദ‌് തകർക്കപ്പെട്ടതും കോൺഗ്രസിന്റെ കാലത്താണ‌്. ബാബറി മസ‌്ജിദിന്റെ തകർച്ച ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടാക്കിയ വിശ്വാസത്തകർച്ച വളരെ വലുതാണ‌്. വർഗീയതയുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ‌്. സാമ്പത്തികനയങ്ങളിലും ബിജെപിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ല. 
ഗോവധ നിരോധനത്തിന്റെ പേരിൽ രാജ്യത്ത‌് ന്യൂനപക്ഷങ്ങളും ദളിതരും ആക്രമിക്കപ്പെട്ടപ്പോൾ കോൺഗ്രസിന‌് ചെറുക്കാനായില്ല. ഇടതുപക്ഷമാണ‌് ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയത‌്.    ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തെ അട്ടിമറിക്കുന്ന സമീപനമാണ‌് കോൺഗ്രസ‌് രാജ്യത്തെമ്പാടും ഈ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്നത‌്. ഉത്തർപ്രദേശിലും ഡൽഹിയിലും ബംഗാളിലുമുൾപ്പെടെ ബിജെപി വിരുദ്ധ ചേരിയുടെ വോട്ടുകൾ ഭിന്നിപ്പിക്കുന്ന നിലപാടാണ‌് കോൺഗ്രസിന്റേത‌്. 
നരേന്ദ്ര മോഡി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്ത‌് ഇനിയൊരു പാർലമെന്റ‌് തെരഞ്ഞെടുപ്പ‌് നടക്കില്ല എന്ന ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രസ‌്താവനയെ ബിജെപി നേത‌ൃത്വം തള്ളിപ്പറഞ്ഞിട്ടില്ല. ഭരണഘടനയും പാർലമെന്റും നിലനിൽക്കണോ എന്ന ചോദ്യമാണ‌് ഈ തെരഞ്ഞെടുപ്പ‌് ഉയർത്തുന്നത‌്.   സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഇടപെടുന്നുവെന്ന‌് വ്യക്തമാക്കി നാല‌് ജഡ‌്ജിമാർ വാർത്താസമ്മേളനം നടത്തിയത‌് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ‌്. സിബിഐയെ കേന്ദ്രസർക്കാർ രാഷ‌്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന‌് കോടതിതന്നെ പറഞ്ഞു. ആദായനികുതിവകുപ്പ‌്, എൻഫോഴ‌്സ‌്മന്റ‌് ഡയറക‌്ടറേറ്റ‌് എന്നിവയെ രാഷ‌്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുകയാണ‌് കേന്ദ്രസർക്കാർ. 
  കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേത‌ൃത്വം നൽകിയ എൻഡിഎയ‌്ക്ക‌് 39 ശതമാനം വോട്ടുമാത്രമാണ‌് ലഭിച്ചത‌്. എന്നിട്ടും അവർ അധികാരത്തിൽ വന്നു. ഉത്തർപ്രദേശിൽ 80ൽ 73 സീറ്റും എൻഡിഎ നേടി. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ‌് കഴിഞ്ഞതവണ എൻഡിഎയ‌്ക്ക‌് നേട്ടമായത‌്. ഇക്കുറി യുപിയിൽ എസ‌്പി, ബിഎസ‌്പി, ആർഎൽഡി പാർടിക‌ളുടെ സഖ്യം ഭൂരിഭാഗം സീറ്റുകളും നേടും. ലോക‌്സഭാ ഉപതെരഞ്ഞെടുപ്പുഫലം ഇതിന്റെ സൂചനയാണ‌്. 
  പ്രതിസന്ധികളെ അതിജീവിച്ച‌് ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാർ. ആരോഗ്യം, പൊതുവിദ്യാഭ്യാസം, പശ‌്ചാത്തലസൗകര്യ വികസനം, സാമൂഹ്യസുരക്ഷ തുടങ്ങി എല്ലാ മേഖലയിലും 1000 ദിവസങ്ങൾക്കുള്ളിൽ മികച്ച മുന്നേറ്റം കാഴ‌്ചവയ‌്ക്കാൻ എൽഡിഎഫ‌് സർക്കാരിനായി. ഇടതുപക്ഷത്തിന‌് സ്വാധീനമുള്ള മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരേണ്ടത‌് അനിവാര്യമാണെന്നും എസ‌് ആർ പി പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത‌് കമ്യൂണിറ്റി ഹാളിൽ ചേർത്തല മണ്ഡലം എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് കമ്മിറ്റി പ്രസിഡന്റ‌് എൻ എസ‌് ശിവപ്രസാദ‌് അധ്യക്ഷനായി. സ്ഥാനാർഥി എ എം ആരിഫ‌് സംസാരിച്ചു. തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറി വി ജി മോഹനൻ സ്വാഗതം പറഞ്ഞു. എൽഡിഎഫ‌് ജില്ലാ കൺവീനർ ആർ നാസർ, നേതാക്കളായ കെ പ്രസാദ‌്, എസ‌് പ്രകാശൻ, എസ‌് രാധാക‌ൃഷ‌്ണൻ, ജലജ ചന്ദ്രൻ, എൻ പി ഷിബു തുടങ്ങിയവർ പങ്കെടുത്തു.
അമ്പലപ്പുഴ പടിഞ്ഞാറെ നടക്കു സമീപം നടന്ന യോഗത്തിൽ  പി ജ്യോതിസ് അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ,അജയ് സുധീന്ദ്രൻ, എ ഓമനക്കുട്ടൻ, ഇകെജയൻ, മുജീബ് റഹ്മാൻ, വി സി മധു, ജി പുഷ്പരാജൻ, പി എ സജീവ്, പി കെ ഹരിദാസ് എന്നിവർ സംസാരിച്ചു. എച്ച് സലാം സ്വാഗതം പറഞ്ഞു. 
കായംകുളം മണ്ഡലത്തിലെ കറ്റാനത്ത‌് നടന്ന യോഗത്തിൽ എൻ സുകുമാരപിള്ള അധ്യക്ഷനായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ  എം ജില്ലാ സെക്രട്ടറി ആർ നാസർ, അഡ്വ. യു പ്രതിഭ എംഎൽഎ, കെ ജി ഹരികുമാർ, കോശി അലക‌്സ‌്, കെ അൻഷാദ്, ഡോ. സജു ഇടക്കാട്, നിസാറുദീൻ കാക്കോന്തറ, എ മഹേന്ദ്രൻ, എ എ റഹിം, വി പ്രശാന്തൻ, ജി സദാശിവൻപിള്ള, കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എം എ അലിയാർ സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top