17 August Wednesday
എൻ ഡി അപ്പച്ചൻ യുവതിയെ അപമാനിച്ച സംഭവം

കോൺഗ്രസിൽ പോര്‌ 
മുറുകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022
 
കൽപ്പറ്റ
കോൺഗ്രസ്‌  പ്രവർത്തകയായ ആദിവാസി യുവതിയ്ക്കുനേരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനെതിരെ  കൂടുതൽ കോൺഗ്രസ്‌ നേതാക്കൾ രംഗത്തെത്തിയതോടെ അപ്പച്ചന്റെ രാജിക്ക്‌ സമ്മർദമേറുന്നു.  യൂത്ത്‌ കോൺഗ്രസിന്റെ വിവിധ മണ്ഡലം കമ്മിറ്റികളാണ്‌ അപ്പച്ചൻ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌. ‌വെള്ളമുണ്ട, എടവക, തിരുനെല്ലി, അഞ്ചുകുന്ന്‌ മണ്ഡലം കമ്മിറ്റികൾ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ പ്രസ്‌താവനയിറക്കിയതോടെ കോൺഗ്രസ്‌ ജില്ലാ നേതൃത്വം കടുത്ത പ്രതിരോധത്തിലായി.  ഇവർക്കു പുറമെ ആദിവാസി കോൺഗ്രസ്‌ നേതാക്കളും ഡിസിസി പ്രസിഡന്റിനെതിനെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്‌.  ആദിവാസി യുവതിയെ അപമാനിച്ച  ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ രാജിവയ്‌ക്കണമെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി മുസ്‌തഫ എറമ്പയിൽ നേരത്തേ വാർത്താസമ്മേളനം നടത്തി ആവശ്യപ്പെട്ടിരുന്നു. ‌  
    യൂത്ത്‌ കോൺഗ്രസ്‌ മാനന്തവാടി നിയോജകമണ്ഡലം സെക്രട്ടറികൂടിയായ വിജിതയെയാണ്‌ എൻ ഡി അപ്പച്ചൻ ബേഡിഷെയിമിങ്‌ നടത്തി അപമാനിച്ചത്‌.  ഡിസിസി അധ്യക്ഷനായ ശേഷം വെള്ളമുണ്ടയിൽ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു സംഭവം.  "കാണാൻ കൊണമില്ലാത്ത,  ഗ്ലാമറില്ലാത്ത വ്യക്തിയെ മത്സരിപ്പിച്ചതിനാലാണ്‌ തോറ്റത്‌'എന്നു പറഞ്ഞെന്നാണ്‌ യുവതിയുടെ പരാതി. തെളിവുണ്ടായിട്ടും നടപടി സ്വീകരിക്കാത്തത്‌ പ്രതിഷേധാർഹമാണെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ വെള്ളമുണ്ട മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. പാർടിയെ വിശ്വാസത്തിലെടുത്ത്‌ പാർടിയിൽ പ്രശ്‌ന‌ പരിഹാരത്തിന്‌ ശ്രമിച്ച യുവതിയെ  അപമാനിക്കുകയാണ്‌ ചില നേതാക്കളെന്നും ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസി നടപടിയെടുക്കണമെന്നും എടവക യൂത്ത്‌ കോൺഗ്രസ്‌  മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തിരുനെല്ലി മണ്ഡലം കമ്മിറ്റിയും ഇതേ ആവശ്യമുന്നയിച്ചു.  അതിനിടെ അപ്പച്ചനെതിരെ നടപടി ആവശ്യപ്പെട്ട യൂത്ത്‌ കോൺഗ്രസ്‌ എടവക മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ ആലമ്പാടിനെയും വെള്ളമുണ്ട മണ്ഡലം പ്രസിഡന്റ്‌ ഒ ടി ഉനൈസിനെയും സംഘടനയിൽ നിന്ന്‌ പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ്‌ അറിയിച്ചു. 
നടപടി വേണം: ആദിവാസി കോൺഗ്രസ്
മാനന്തവാടി
മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌  ജനറൽ സെക്രട്ടറിയായ ഗോത്രവിഭാഗത്തിൽപ്പെട്ട വിജിതയെ കുറിച്ച്‌ ഡിസിസി പ്രസിഡന്റ് മോശമായി പ്രസംഗിച്ച സംഭവത്തിൽ പ്രസിഡന്റിനെതിരെ പാർടി നടപടി സ്വീകരിക്കണമെന്ന്‌ ആദിവാസി കോൺഗ്രസ്‌ വെള്ളമുണ്ട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 
   വിജിത പാർടിക്ക് നൽകിയ പരാതിയിൽ സത്യമുണ്ടെന്ന് തെളിവുസഹിതം പുറത്തുവന്നിട്ടുണ്ട്‌. സംഭവത്തിൽ  കെപിസിസി പരാതിക്കാരിയായ വിജിതയോടൊപ്പം നിന്ന്‌ എത്രയും പെട്ടെന്നുതന്നെ ഡിസിസി  പ്രസിഡന്റിനെതിരെ പാർടി നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ പരസ്യമായ പ്രതിഷേധവുമായി ആദിവാസി കോൺഗ്രസ്‌ രംഗത്തിറങ്ങുമെന്നും 
ആദിവാസി കോൺഗ്രസ്‌ വ്യക്തമാക്കി. പ്രസിഡന്റ്‌ എം കേളു, 
അംബിക ഉണ്ണി, രാധ കൊല്ലിയിൽ, രജേഷ് പെരുവടി, പുഷ്‌പ, ബാലൻ കരിങ്ങാലി, ധർമ്മി, ചന്ദ്രൻ, ബിജു, ഉണ്ണി  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top