25 January Saturday

പരിമിതികൾ വഴിമാറും, ഇവരുടെ ആത്മസമർപ്പണത്തിന്‌ മുന്നിൽ

കെ സുരേഷ് കുമാർUpdated: Thursday Dec 12, 2019

  

കോഴിക്കോട്
വർഷം 820 ഹൃദയ ശസ്ത്രക്രിയകൾ, കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ തൊറാസിക്‌ സർജറി വിഭാഗത്തിലെ പരിമിതികൾ വഴിമാറും ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ ആത്മസമർപ്പണത്തിന്‌ മുമ്പിൽ. മുൻ കാലങ്ങളിൽ 200ൽ താഴെ ശസ്‌ത്രക്രിയകൾ നടന്നിടത്താണ്‌ ഈ കുതിച്ചുചാട്ടം. ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയ സൗജന്യമായി നടത്താനുള്ള സാഹചര്യമൊരുങ്ങിയതോടെയാണ്‌ ഈ മാറ്റം. 
പണമില്ലാത്തതിനാൽ ഗത്യന്തരമില്ലാതെ മരണത്തെ സ്വീകരിച്ചിരുന്ന സാധാരണക്കാരെ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിക്കാൻ പുതിയ ഇടപെടലുകളിലൂടെ കഴിയുന്നെന്ന്‌ പറയുമ്പോൾ തൊറാസിക് സർജറി വിഭാഗത്തിലെ അസി. പ്രൊഫസർ ഡോ. എസ് രാജേഷിന്റെ മുഖത്ത് നിറഞ്ഞ ചാരിതാർഥ്യം. കേരളത്തിൽ ഏറ്റവും കൂടുതൽ ഹൃദയശസ്ത്രക്രിയ സൗജന്യമായി ചെയ്യുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. 
ദിവസേന നാല് ഹൃദയശസ്ത്രക്രിയയും രണ്ട് ശ്വാസകോശ ശസ്ത്രക്രിയയും ഇവിടെ നടക്കുന്നുണ്ട്. തിങ്കൾ, ബുധൻ ഒപി ദിവസങ്ങളൊഴികെ എല്ലാ ദിവസവും ശസ്ത്രക്രിയ നടത്തുന്നു. ഒപി ദിവസങ്ങളിൽ ന്യൂറോ സർജറിയാണ്‌ നടക്കുന്നത്‌. രണ്ട് ദിവസത്തെ ഒപിയിലൂടെ 30ഓളം രോഗികളെ ഓരോ ആഴ്ചയിലും ശസ്ത്രക്രിയക്കായി അഡ്മിറ്റ് ചെയ്യുന്നു. ഒരാൾക്ക് ശസ്ത്രക്രിയ പൂർത്തിയാക്കാൻ അഞ്ചു മണിക്കൂറോളമെടുക്കും.  
തിയേറ്ററിനു സമീപമുള്ള ഐസിയുവിൽ മൂന്ന് വാർഡുകളിലായി 16 കട്ടിലുകളാണുള്ളത്. രോഗികളുടെ ബാഹുല്യം ഇവിടെ പ്രയാസമുണ്ടാക്കുന്നു. ഒരു ശസ്ത്രക്രിയ നടക്കണമെങ്കിൽ 90ലേറെ സർജിക്കൽ ഉപകരണങ്ങൾ വേണം. ഇൻഷുറൻസ് കമ്പനി പണം ലഭ്യമാക്കാതെ വരുമ്പോൾ ഇവിടെയും പ്രയാസങ്ങൾ അനുഭവപ്പെടുന്നു. 
എന്നാൽ ഇതുകൊണ്ടൊന്നും ഒരു ശസ്‌ത്രക്രിയപോലും ഇവിടെ മുടങ്ങാറില്ല. വകുപ്പ് മേധാവി ഡോ. കെ എം കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെയും ജീവനക്കാരുടെയും അർപ്പണ മനോഭാവത്തിനു മുന്നിൽ എല്ലാ പരിമിതിയും വഴിമാറും. നേരത്തെ രണ്ട് ഡോക്ടർമാരാണ് ഇവിടെ ഉണ്ടായിരുന്നത്. എൽഡിഎഫ്‌ സർക്കാർ വന്നതിനുശേഷം മൂന്ന് ഡോക്ടർമാരെ പുതുതായി നിയമിച്ചു. ആറ് നേഴ്സുമാരും നാല് നേഴ്സിങ്‌ പാരാമെഡിക്കൽ വിദ്യാർഥികളും ഇവിടെ സേവനം ചെയ്യുന്നുണ്ട്. 
ഹാർട്ട് ലെങ്‌ മെഷിൻ പ്രവർത്തിപ്പിക്കുന്ന പെർഫ്യൂഷ്യനിസ്റ്റിന്റെ ഒഴിവാണ്‌ നിലവിൽ നികത്താനുള്ളത്‌. പുതിയ കാഷ്വാലിറ്റി കോംപ്ലക്‌സിലേക്ക്‌ മാറുന്നതോടെ നിലവിലെ സ്ഥലപരിമിതി പരിഹരിക്കപ്പെടും.

 

പ്രധാന വാർത്തകൾ
 Top