08 December Sunday

കുരിശിൻതൊട്ടിക്കും ഓർത്തഡോക്‌സ്‌ ചാപ്പലിനും നേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019
കോട്ടയം
ദേവലോകം അരമനയുടെ പടിഞ്ഞാറുള്ള കുരിശിൻതൊട്ടിയും മണർകാട്‌ തുത്തുട്ടി മാർ ഗ്രിഗോറിയോസ്‌ ഓർത്തഡോക്‌സ്‌ ചാപ്പലിനും നേരെ ആക്രമണം. ഇരുസ്ഥലത്തും കല്ല്‌ ഉപയോഗിച്ച്‌ ചില്ല്‌ ഇടിച്ചുതകർത്ത നിലയിലാണ്‌. ബൈക്കിൽ എത്തിയവരാണ്‌ ദേവലോകം അരമനയിൽ ആക്രമണം നടത്തിയതെന്ന സൂചനയുണ്ട്‌. സംഭവത്തിൽ കോട്ടയം ഈസ്‌റ്റ്‌ പൊലീസ്‌  കേസെടുത്തു. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ്‌  ശേഖരിച്ചു. 
ഞായറാഴ്‌ച രാത്രി 11.30 ഓടെയാണ്‌ ദേവലോകം അരമന ഭാഗത്ത്‌ ആക്രമണം ഉണ്ടായത്‌. ശബ്‌ദംകേട്ട്‌ സമീപവാസികൾ ഓടിയെത്തിയതോടെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. കുരിശിൻ തൊട്ടിയുടെ മുന്നിലെ ചില്ലുകൾ പൊട്ടി ചിതറിക്കിടക്കുന്ന നിലയിലാണ്‌. ആക്രമണത്തിന്‌ ഉപയോഗിച്ചതെന്ന്‌ കരുതുന്ന കല്ലുകൾ സമീപത്തുനിന്ന്‌ കണ്ടെടുത്തു. രണ്ടുപേരാണ്‌ ബൈക്കിൽ ഉണ്ടായിരുന്നതെന്നും ഇവർ ഹെൽമെറ്റ്‌ ധരിച്ചിരുന്നതായും സമീപവാസികൾ പറഞ്ഞു. 
അമയന്നൂർ കാരാട്ടുകുന്നേൽ സെന്റ്‌ മേരീസ്‌ ഓർത്തഡോക്‌സ്‌ പള്ളിയുടെ ഉടമസ്ഥതിയിലുള്ളതാണ്‌ തുത്തൂട്ടി മാർ ഗ്രിഗോറിയോസ്‌ ഓർത്തഡോക്‌സ്‌ ചാപ്പൽ. ചില്ലിട്ട വാതിൽ, ഫോട്ടോ എന്നിവ നശിപ്പിച്ചു.  പൊലീസ്‌ സ്ഥലത്തെത്തി പരിശോധന നടത്തി.
ആക്രമണത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം സെൻട്രൽ ഭദ്രാസന പളളി പ്രതിപുരുഷന്മാരുടെയും മാനേജിങ്‌ കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ ചേർന്ന യോഗം  പ്രതിഷേധിച്ചു. ദേവലോകം അരമനയിൽ ചേർന്ന യോഗം  മലങ്കര  ഓർത്തഡോക്സ് സഭ  സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ  മാർ  ദീയസ്ക്കോറോസ് മെത്രാപോലീത്താ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, ഫാ. എ വി വർഗീസ് ആറ്റുപുറം, ഫാ. ജോൺ ശങ്കരത്തിൽ, മാനേജിങ്‌ കമ്മിറ്റിയംഗങ്ങളായ റോണി വർഗീസ് ഏബ്രഹാം, വർഗീസ് ടി ഏബ്രഹാം തലക്കുളം, പ്രൊഫ. സാജു ഏലിയാസ്,  അലക്സ് കെ  പോൾ, ഉമ്മൻ ജോൺ, ജൂബി പീടിയേക്കൽ, എ കെ ജോസഫ്, ഷിജു ജോസഫ് എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top