24 October Sunday

ചിറ്റാര്‍ പാലം അപകട ഭീതിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

വിതുര > മലവെള്ളപ്പാച്ചിലിന്റെ മഹാപ്രവാഹങ്ങളെ നൂറ്റാണ്ടുകള്‍ അതിജീവിച്ച ചിറ്റാര്‍ പാലം അപകടാവസ്ഥയില്‍. 1905ല്‍ ബ്രിട്ടീഷുകാരുടെ കാലത്താണ് ചിറ്റാര്‍ നദിക്കു കുറുകെ ആര്‍ച്ച് മാതൃകയില്‍ പാലം പണിതത്. വിതുര-പൊന്മുടി സംസ്ഥാന ഹൈവേയിലെ പാലം അപകടഭീഷണിയുയര്‍ത്തിയിട്ട് വര്‍ഷങ്ങളായി. അറ്റകുറ്റപ്പണി നടക്കാതെ പോയതോടെ ആണിക്കല്ലുകള്‍ ഇളകി തുടങ്ങി. പാലം മുന്‍വശം താഴ്ന്നു. സംരക്ഷണഭിത്തികളിലെ പല കോണും തകര്‍ന്നു. പൊന്മുടിയിലേക്കു പോകുന്നത് ചിറ്റാര്‍ പാലം കടന്നാണ്. സംസ്ഥാന ഹൈവേയായി പൊന്മുടി റോഡിനെ പ്രഖ്യാപിച്ചപ്പോഴും രണ്ട് വാഹനത്തിന് ഒരേ സമയം പോകുന്നവിധം വീതിയില്‍ സമാന്തര പാലം തീര്‍ക്കാന്‍ അധികൃതര്‍ ശ്രമിച്ചില്ല.


പഞ്ചസാരയും ചുണ്ണാമ്പും ചേര്‍ന്ന സുര്‍ക്കി മിശ്രിതം ഉപയോഗിച്ചായിരുന്നു പാലം നിര്‍മാണം. മിശ്രിതം ഇളകി പ്രധാന രണ്ടു കല്ല് ചിറ്റാറിലേക്ക് വീണിട്ടുണ്ട്. രണ്ടു വര്‍ഷംമുമ്പ് പാലത്തിന്റെ നടുഭാഗത്ത് വന്‍ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊതുമരാമത്തുകാര്‍ കുഴി അടയ്ക്കുകയായിരുന്നു. രണ്ടു ദിവസത്തേക്ക് പൊന്മുടിയിലേക്ക് സഞ്ചാരികളെയും കടത്തിവിട്ടില്ല. ആനപ്പാറ, കല്ലാര്‍ പ്രദേശവാസികള്‍ വാഹനഗതാഗതം നഷ്ടപ്പെട്ടതോടെ ബുദ്ധിമുട്ടിലാകുകയും ചെയ്തു. പാലത്തിന്റെ പണികള്‍ നടത്തി അപകടഭീഷണി ഒഴിവാക്കണമെന്ന് ഡിവൈഎഫ്ഐ വിതുര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top