08 December Wednesday

മയ്യഴി നഗരസഭാ ഓഫീസിന്‌ മുന്നിൽ ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

തദ്ദേശതെരഞ്ഞെടുപ്പ്‌ നടത്തണമെന്നാവശ്യപ്പെട്ട്‌ മയ്യഴി നഗരസഭാ ഓഫീസിന്‌ മുന്നിൽ സിപിഐ എം ധർണ സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാസെക്രട്ടറി എം വി ജയരാജൻ സമീപം

മയ്യഴി
പുതുച്ചേരി സംസ്ഥാനത്ത്‌ തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതനുസരിച്ച്‌ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം പ്രകടനവും നഗരസഭാ ഓഫീസിന്‌ മുന്നിൽ ധർണയും സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാസെക്രട്ടറി എം സി പവിത്രൻ അധ്യക്ഷനായി. കോൺഗ്രസും ബിജെപിയും ചേർന്ന്‌  തെരഞ്ഞെടുപ്പ്‌ നടത്താതിരിക്കാനുള്ള കുത്സിത നീക്കമാണ്‌ നടത്തുന്നതെന്നും ജനങ്ങൾ ഇക്കാര്യം തിരിച്ചറിയണമെന്നും പി ജയരാജൻ പറഞ്ഞു. ബിജെപിക്കൊപ്പം ചേർന്ന്‌ മാഹി എംഎൽഎ ലെഫ്‌. ഗവർണറെ കണ്ടത്‌ ഇതിന്റെ ഭാഗമാണെന്ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ജനാധിപത്യത്തെക്കുറിച്ച്‌ വാചകമടിക്കുന്ന കോൺഗ്രസ്‌ ജനാധിപത്യകശാപ്പിന്‌ ബിജെപിക്ക്‌ കൂട്ടുനിൽക്കുകയാണ്‌, എം വി ജയരാജൻ വ്യക്തമാക്കി. ജില്ലാസെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, തെരഞ്ഞെടുപ്പിനുള്ള വിധി നേടിയെടുത്ത അഡ്വ. ടി അശോക്‌കുമാർ, വി ജനാർദനൻ എന്നിവർ സംസാരിച്ചു. 
മാഹി മുനിസിപ്പൽ മൈതാനം കേന്ദ്രീകരിച്ചായിരുന്നു പ്രകടനം. ലോക്കൽ സെക്രട്ടറിമാരായ കെ പി സുനിൽകുമാർ, ടി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ബിജെപി–-കോൺഗ്രസ്‌ ഗൂഢനീക്കം തുറന്നുകാട്ടുന്നതായി സമരം. 
പുതുച്ചേരി, ഒഴുകരൈ, കാരയ്‌ക്കാൽ നഗരസഭകൾക്കും കൊമ്യൂൺ പഞ്ചായത്തുകൾക്ക്‌ മുന്നിലും ധർണയുണ്ടായി. ജില്ലാസെക്രട്ടറി രാജാങ്കം, പെരുമാൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. തെരഞ്ഞെടുപ്പ്‌ നടപടി നിർത്തണമെന്നാവശ്യപ്പെട്ട്‌ കോൺഗ്രസ്‌–- ഡിഎംകെ സഖ്യം പ്രഖ്യാപിച്ച പുതുച്ചേരി ബന്ദ്‌ കാര്യമായ ചലനം സൃഷ്‌ടിച്ചില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top