23 March Saturday

രക്തംകൊണ്ട്‌ മുദ്രവച്ച്‌ അഖിൽ എഴുതി: ഞാൻ തെറ്റുചെയ്‌തിട്ടില്ല

എം വി ഗ്രീഷ്‌മUpdated: Friday Oct 12, 2018

ആത്മഹത്യാശ്രമം നടത്തിയ അഖിൽ താഴത്ത്‌ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ

കാസർകോട്‌ > ‘ഞാനനുഭവിക്കുന്ന വേദനയും ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാൻ പറ്റില്ല. എന്ത്‌ തീരുമാനിക്കുമ്പോഴും എന്നെ ഇത്രമാത്രം ദ്രോഹിച്ച യൂണിവേഴ്‌സിറ്റി അധികാരികളുടെ മുഖങ്ങൾ മറക്കുന്നില്ല...’‐ കേരള കേന്ദ്ര സർവകലാശാലയിലെ എംഎ ഇന്റർനാഷണൽ വിദ്യാർഥി ആത്മഹത്യാ ശ്രമം നടത്തുന്നതിനു തൊട്ടുമുമ്പ‌് എഴുതിയ കുറിപ്പിൽനിന്നാണിത്‌. നോട്ടുബുക്കിൽനിന്ന്‌ ചിന്തിയെടുത്ത കടലാസിൽ എഴുതി അതിനു താഴെ സ്വന്തം രക്തം കൊണ്ട്‌ കൈവിരൽ മുദ്ര ചാർത്തി. കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിൽ പറയുന്നു: ‘ഞാൻ തെറ്റു ചെയ്‌തിട്ടില്ല. അതുകൊണ്ട്‌ പേടിയുമില്ല. ആത്മഹത്യയല്ല, പോരാട്ടംതന്നെയാണ്‌ വേണ്ടത്‌’.

സമ്മർദങ്ങളും ഭീഷണികളുംകൊണ്ട‌് എന്റെ വിദ്യാഭ്യാസ ഭാവി തന്നെ ഇല്ലാതാക്കുന്ന വിധത്തിൽ അധികൃതർ കുതന്ത്രങ്ങൾ മെനഞ്ഞപ്പോൾ  പിടിച്ചുനിൽക്കാനായില്ലെന്ന്‌ അഖിൽ പറഞ്ഞു.  കേന്ദ്ര സർവകലാശാല അധികാരികൾക്ക് എതിരെ ഫേസ്‌ബുക്കിൽ  അപകീർത്തിപരമായ പോസ്‌റ്റിട്ടു എന്ന് ആരോപിച്ചാണ്  ക്യാമ്പസിൽനിന്ന്  പുറത്താക്കിയത്. എന്നാൽ ഇങ്ങനെയൊരു പോസ്റ്റ് താൻ ഇട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും  വൈസ് ചാൻസലർ, വാർഡൻ എന്നിവരെ  മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും  ഖേദം പ്രകടിപ്പിക്കാൻ തയ്യാറായില്ലെന്നും പറഞ്ഞ‌്  പുറത്താക്കുകയായിരുന്നു. 
 
യുജിസി നിയമങ്ങൾക്ക് വിരുദ്ധമായി 195ലധികം പേരെയാണ്‌  അനധികൃതമായി നിയമിച്ചത്‌.  ഇത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയപ്പോൾ ഇവരെ പിരിച്ചുവിടാതെ ഹോസ്റ്റലിലെ  പാചകക്കാരെ പിരിച്ചുവിടുകയായിരുന്നു.  ഇതിനെതിരെ വിദ്യാർഥികൾ  അഞ്ചുദിവസം സമരം ചെയ്‌തു.  
 
ഇതിന്റെ പേരിൽ  ജൂൺ 22ന് അഖിൽ അടക്കം  നാല് വിദ്യാർഥികളെ ഹോസ്റ്റലിൽനിന്ന് സസസ്‌പെൻഡ് ചെയ്‌തിരുന്നു. ഫേസ്‌ബുക്ക്‌ കുറിപ്പിന്റെ പേരിൽ  പുറത്താക്കുകയും പിന്നീട്‌ എംഎസ്ഡബ്ല്യു വിഭാഗം തലവൻ മോഹൻ കുന്ദറിന്റെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയമിക്കുകയുംചെയ്‌തു.  ജൂലൈ 25ന്  നടത്തിയ ആദ്യ സിറ്റിങ്ങിൽ  മാപ്പ് പറഞ്ഞാൽ അഖിലിന്  തിരികെ പ്രവേശിക്കാമെന്ന നിബന്ധന വച്ചു. തുടർന്ന് മാപ്പ് അപേക്ഷ എഴുതിക്കൊടുത്തു. എന്നാൽ  അഖിലിനെതിരെ പൊലീസിന് കള്ള പ്പരാതി കൊടുത്തു,   യൂണിവേഴ്‌സിറ്റിക്കുള്ളിൽ  കയറ്റരുതെന്ന്‌  അലിഖിത നിയമം ഉണ്ടാക്കി. 
 
ഡിഗ്രി സർട്ടിഫിക്കറ്റും മറ്റ്‌ രേഖകളും  കൊടുത്തില്ല.  നീതിതേടി പിവിസിയുടെ അടുത്ത‌് പോയപ്പോൾ അദ്ദേഹം കാണാൻപോലും കൂട്ടാക്കിയില്ല. പിന്നീട്‌ പി കരുണാകരൻ എംപിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ  തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സർവകലാശാല എക്‌സിക്യൂട്ടീവ്‌  യോഗം ചേരുമെന്ന‌് പറഞ്ഞു. നവംബർ രണ്ടാംവാരം സെമസ്‌റ്റർ പരീക്ഷ നടക്കുകയാണ്‌. ഇതിനുമുമ്പ‌് തിരിച്ചെടുത്തില്ലെങ്കിൽ അഖിലിന്റെ ഭാവി അവതാളത്തിലാകും. എന്നാൽ എക്‌സിക്യൂട്ടീവ്‌ വിളിക്കുന്നത്‌ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. 
 
ചൊവ്വാഴ‌്‌‌ച രാവിലെയാണ്‌ അഖിൽ ക്യാമ്പസിനു പുറത്ത്‌ ഞരമ്പ‌് മുറിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌.  തുടർന്ന്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ സർവകലാശാലയിൽ ശക്തമായ സമരം നടന്നു. രാത്രിയോടെ ജില്ലാ പൊലീസ്‌ മേധാവി എത്തി ചർച്ച ചെയ്‌ത്‌ കലക്ടർ ഇടപെടും എന്ന്‌ ഉറപ്പുനൽകിയാണ്‌ സമരം അവസാനിപ്പിച്ചത്‌. ബുധനാഴ്‌ച കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലെ തീരുമാനത്തെ തുടർന്ന്‌ അഖിൽ കലക്ടർ മുഖാന്തരം മാപ്പപേക്ഷ എഴുതിക്കൊടുത്തു.  തൃശൂർ ആമ്പല്ലൂർ സ്വദേശിയാണ്‌ അഖിൽ താഴത്ത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top