13 October Sunday

സൂരജിനെത്തേടി സഹപാഠികളെത്തി; ഓണസമ്മാനവും

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കുറത്തികാട് സെന്റ് ജോൺസ് എംഎസ് സി യുപി സ്‍‍കൂളിലെ ഭിന്നശേഷിക്കാരനായ ഒന്നാം ക്ലാസ് വിദ്യാർഥി സൂരജിന് പ്രഥമാധ്യാപകൻ റിനോഷ് ശാമുവൽ മധുരം നൽകുന്നു. ക്ലാസ് ടീച്ചർ വത്സമ്മ സമീപം

 മാവേലിക്കര

ഓണാഘോഷത്തിനൊപ്പം കരുതലിന്റെ കരം നീട്ടി തെക്കേക്കര കുറത്തികാട് സെന്റ്‌ ജോൺസ് എംഎസ്‌സി യുപി സ്‌കൂളിലെ ഒന്നാം ക്ലാസുകാർ. സ്‌കൂളിൽ വരാൻ കഴിയാത്ത ഭിന്നശേഷിക്കാരനായ സഹപാഠി സൂരജിനൊപ്പം വീട്ടിൽ ഓണം ആഘോഷിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചതോടെ സ്‌കൂളും അധ്യാപകരും ഇതിന്‌ അവസരമൊരുക്കി. ‘ഒന്നാം ക്ലാസ് ഒന്നാന്തരം' പദ്ധതിയുടെ ഭാഗമായി സ്‌കൂൾ സംഘടിപ്പിച്ച കരുതാം സതീർഥ്യനെ ഒരുങ്ങാം പൊന്നോണം പരിപാടി ഇതോടെ ശ്രദ്ധേയമായി. 
മലയാളം പാഠപുസ്‌തകത്തിലെ പിറന്നാൾ സമ്മാനം എന്ന പാഠഭാഗത്തിന്റെ പ്രവേശക പ്രവർത്തനമാണ് കരുതലിന് വഴിമാറിയത്. 
  ഒന്നാംക്ലാസിൽ നിരന്തരം ഹാജരാകാൻ സാധിക്കാത്ത സൂരജിനെ കാണണമെന്ന തീരുമാനമെടുത്തത്‌ സഹപാഠികളാണ്‌. തുടർന്ന് വത്സമ്മ ടീച്ചർ കുട്ടികളുമായി സൂരജിന്റെ വീട്ടിലെത്തുകയായിരുന്നു. കൈനിറയെ കളിപ്പാട്ടങ്ങളും സമ്മാനങ്ങളുമായെത്തിയ സഹപാഠികളെയും ടീച്ചറെയും കണ്ട് സൂരജും കൂട്ടുകാരോടൊപ്പം കളിക്കാൻ കൂടി. 
അത്തപ്പൂക്കളം ഒരുക്കിയും പായസം കഴിച്ചും ആടിയും പാടിയും തിരുവോണത്തിന് മുമ്പേ ഓണം ആഘോഷിച്ചു. ടീച്ചർ കുട്ടികൾക്ക് ഓണത്തിന്റെ സവിശേഷതകൾ പറഞ്ഞുകൊടുത്തു. കുഞ്ഞുങ്ങൾ സഹവർത്തിത്വത്തിന്റെ പുതിയ പാഠങ്ങൾ രചിച്ചു. പ്രഥമാധ്യാപകൻ റിനോഷ് സാമുവൽ ഉദ്ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top