25 April Thursday

തല ചായ്ക്കാൻ മണ്ണിലൊരിടം തേടി

പി ഒ ഷീജUpdated: Wednesday Sep 12, 2018

പ്ലാമൂല കോളനിയിലെ ഭൂമി വിണ്ടു കീറി ഇടിഞ്ഞു താഴ്ന്ന് നിരങ്ങി നീങ്ങിയ നിലയിൽ

'ഒരു ദിവസമെങ്കിലും ഈ വീട്ടിൽ താമസിക്കട്ടെ. എന്നിട്ട് മരിച്ചാലും സാരമില്ല.'' വർഷങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലമായി  ഉയർന്ന കൊച്ച് വീട്ടിൽ തിരുനെല്ലി പ്ലാമൂല കോളനിയിലെ ജോഗിയും ഭാര്യ ഗീതയും മക്കൾ ശിവാനിയും ശിവനും അന്ന് ആദ്യമായി അന്തി ഉറങ്ങി. അവസാനമായും. മധുരം നുകർന്നും പങ്ക് വെച്ചും അവർ ആ ദിനം  ധന്യമാക്കി. കാരണം അതവരുടെ വിയർപ്പിൽ വിരിഞ്ഞ സ്വപ്ന ഭവനമാണ്. ആ മണ്ണ് അവർക്ക് പൈതൃകമായി കിട്ടിയതാണ്. പ്രക്ഷുബ്ധമായ ഭൗമ സമ്മർദങ്ങളിൽ കാൽക്കീഴിലെ അവസാന തരി മണ്ണും നഷ്ടമാകുകയാണ് എന്ന തിരിച്ചറിവിലും ആ മണ്ണിനെ നെഞ്ചോട് ചേർത്ത് വെക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഭൂമി വിണ്ട് കീറി നിരങ്ങി നീങ്ങുന്ന പ്രതിഭാസമുള്ള കോളനിയിലെ ഈ വീട്ടിൽ പക്ഷേ ജോഗിക്കും കുടുംബത്തിനും ഇനി താമസിക്കാൻ കഴിയില്ല. കാരണം ഏത് നിമിഷവും ഭൂമി പിളർന്ന് കൊണ്ടേയിരിക്കുന്ന അപകടാവസ്ഥയിലായ ഈ കോളനിയിൽനിന്ന്്്  ജോഗിയുടെ കുടുംബത്തെ ഉൾപ്പെടെ എല്ലാവരെയും  അധികൃതർ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. 
പ്രളയവും പേമാരിയും അടങ്ങിയ നാളുകളിലാണ് തിരുനെല്ലിയിലെ പ്ലാമൂല കോളനിയിലെത്തിയത്. മണ്ണിടിഞ്ഞ് ഭൂമി വിണ്ട് കീറി നിരങ്ങിയ കോളനി പ്രകൃതിക്ഷോഭത്തിന്റെ ദുരന്തഭൂമിയായി മാറിയിരിക്കുന്നു. ഇത്രയും നാൾ സർവം സഹയായി എല്ലാം സഹിച്ച പ്രകൃതിയുടെ അന്തർസമ്മർദങ്ങളത്രയും ഉണങ്ങാത്ത മുറിവുകളായി അവിടെ അവശേഷിക്കുന്നു. എല്ലാറ്റിനും  മൂക സാക്ഷിയായി  ദൂരെ ബ്രഹ്മഗിരി മലനിരകളും. മണ്ണിടിഞ്ഞ് നിരങ്ങി നീങ്ങി ഇല്ലാതാകുന്ന ഇവിടം ഇനി താമസയോഗ്യമല്ലെന്ന് ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം റിപോർട്ട് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവർക്ക് നഷ്ടമായത് അന്തി ഉറങ്ങാനൊരിടം മാത്രമല്ല. സ്വന്തമായി ഒരു പിടി മണ്ണുണ്ടെന്ന ആത്മവിശ്വാസം കൂടിയാണ്.
 45 ഏക്കർ ഭൂമിയാണ് ഈ കോളനിയിൽ മാത്രം ഭൂമി താഴ്ന്ന് പോയതോടെ വാസയോഗ്യമല്ലാതായത്. 12 ഏക്കറോളം കര ഭൂമി 440 കെവി ഇലക്ട്രിക് ടവറിനോട് ചേർന്ന് വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്ന് നിരങ്ങി നീങ്ങുന്നതായി ജില്ലാ മണ്ണ് സംരക്ഷണ പര്യവേക്ഷണ കാര്യാലയം തയ്യാറാക്കിയ റിപോർട്ടിൽ പറയുന്നു.
ആഗസ്ത് പത്തിനാണ് പ്ലാമൂല കോളനിയിലെ വിവിധ ഭാഗങ്ങളിൽ മണ്ണ്  ഇടിഞ്ഞ് നിരങ്ങി നീങ്ങിയ പ്രതിഭാസം സംഭവിച്ചത്. ആദ്യം ഉളിക്കൽ പ്ലാമൂല രാധയുടെ വീടും മുറ്റവും അടക്കം വിണ്ട് കീറി. ഭൂമി പിളർന്ന് നിരങ്ങി നീങ്ങി.
 ഇതോടെ പഞ്ചായത്ത്  റവന്യു അധികൃതർ ചേർന്ന് ഇവരെ മാറ്റിപാർപ്പിച്ചു. അതോടെയാണ് വൻ ദുരന്തം ഒഴിവായത്.
"പത്താം തീയതി  ഞങ്ങൾ ഈ വഴി പോകുമ്പോൾ ഈ റോഡ് ഇവിടെ ഉണ്ടായിരുന്നു. പിറ്റേ നാൾ ആയപ്പോളേക്കും റോഡ് പിളർന്ന് ഇടിഞ്ഞ് താഴ്ന്നു.'' കുത്തനെ വിണ്ട് കീറിയ റോഡ് ചൂണ്ടി കാണിച്ച് വാർഡ് മെമ്പർ ശ്രീജ പറഞ്ഞു. ഏഴ് കടുംബങ്ങൾക്കാണ് ഈ കോളനിയിൽ വീടും ഭൂമിയും നഷ്ടമായത്. ഏത് സമയത്തും ഭൂമി പിളർന്ന് നിരങ്ങി നീങ്ങുന്ന പ്രതിഭാസമുള്ള ഈ പ്രദേശം വാസയോഗ്യമല്ലെന്ന് ജില്ലാ മണ്ണ് സംരക്ഷ ഓഫീസും ദുരന്തനിവാരണ അതോറിറ്റിയും റിപോർട്ട് ചെയ്യുന്നു. പ്ലാമൂല, ഉളിക്കൽ, കൊടുകളും കോളനികളിൽ ആകെയുള്ള 74 വീടുകളിൽ 15 കുടുംബങ്ങൾക്കാണ് ഭൂമി പൂർണമായും നഷ്ടമായത്.
അപകട മുനമ്പായി തച്ചറക്കൊല്ലി
"എന്തുണ്ടായിട്ടെന്താ തല ചായ്ക്കാനൊരിടമില്ലാതായിപ്പോയില്ലേ. കണ്ണടയ്ക്കാൻ നേരം സ്വന്തം വീട്ടിൽ അന്തി ഉറങ്ങാനുള്ള ഭാഗ്യം പോലും ഇല്ലാതായല്ലോ കർത്താവേ? വരിനിലം കൈതവള്ളി ജോസഫും ഭാര്യ ത്രേസ്യാമ്മയും കണ്ണീർ വാർത്തു. വാർധക്യത്തിന്റെ അവശതകളും വല്ലായ്മകളും ക്ഷീണിതരാക്കി മാറ്റിയ ഈ വൃദ്ധ ദമ്പതികളുടെ ജീവിതം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ തന്നെ.
ആഗസ്ത് ഒമ്പതിനാണ് ഇവർക്കും കിടപ്പാടം നഷ്ടമായത്. രാത്രി മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോളാണ് വീടിന് പിന്നിൽ മണ്ണിടിഞ്ഞ് കണ്ടത്.  ഇവരുടെ വീടിന് മുന്നിൽ മണ്ണിടിഞ്ഞ് നിരങ്ങി നീങ്ങി വീട് അപകടാവസ്ഥയിലായതോടെയാണ് ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. വരിനിലം ട്രൈബൽ മിഷൻ ചർച്ചിലാണ് ഇവർ ഇപ്പോഴും കഴിയുന്നത്. മണ്ണ് വിണ്ട് കീറി അപകടാവസ്ഥയിലായ വീട്ടിലേക്ക് തിരികെ പോകാൻ കഴിയാതെ വരിനിലം ജോസഫും സലോമിയും സമാന അവസ്ഥയിലാണ് ഇതേ ക്യാമ്പിൽ താമസിക്കുന്നത്.
ക്യാമ്പുകളിൽ ഇനി എത്ര നാൾ
"ഇനി അങ്ങോട്ട് മടങ്ങാനാകൂല. എല്ലാം നഷ്ടമായി. ആകെയുള്ള സ്ഥലവും വീടും എല്ലാം  ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും നഷ്ടമായി. വീട്ടിൽ അഞ്ച് പശുക്കളുണ്ടായിരുന്നു. ഞങ്ങൾ ക്യാമ്പിലേക്ക് മാറിയതോടെ അവ അനാഥമായി. അയൽവാസികളുടെ വീടുകളിലാണ് അവയെ പാർപ്പിച്ചത്. എന്നാൽ അവർക്കും ബുദ്ധിമുട്ടാണ്. അതോടെ കിട്ടിയ പണത്തിന് രണ്ട് നല്ല പശുക്കളെയും  വിൽക്കേണ്ടി വന്നു.
 തിരുനെല്ലി തച്ചറക്കൊല്ലി കോളനിയിലെ ശാന്തയുടെ വാക്കുൾ കണ്ണീരിൽ കുതിർന്നു.  ഉരുൾപൊട്ടലും മണ്ണിടിച്ചിലിലും ഇവർക്ക് നഷ്ടമായത് വീടും മണ്ണും പശുക്കളും എല്ലാമാണ്.ഇതേ കോളനിയിലെ ചന്ദ്രന്റെ  വീടിന്റെ അടിത്തറ അടക്കം ഇളകി പോയി. രണ്ട് കിടാരികൾ തണുത്ത് വിറച്ച് ചത്തു. ഇവർക്കും മടങ്ങാനൊരിടമില്ല. ഈ പ്രദേശവും താമസയോഗ്യമല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
തച്ചറക്കൊല്ലി കോളനിക്ക് മുകൾ ഭാഗത്തെ വനത്തിലാണ് ഉരുൾപൊട്ടിയത്. മണ്ണും ചെളിയും ഒഴുകി ഏകദേശം 20 ഏക്കൾ ഭൂമി വാസയോഗ്യമല്ലാതായി. മണ്ണും ചെളിയും ഒഴുകി ഏഴേക്കറോളം വയൽകൃഷി നശിക്കുകയും കൃഷി യോഗ്യമല്ലാതായി മാറുകയും ചെയ്തു.
കോളനിയിലെയും പരിസരപ്രദേശങ്ങളിലെയും 11 കുടുംബങ്ങളാണ് ഇപ്പോഴും വരിനിലം ട്രൈബൽ മിഷൻ ചർച്ചിൽ കഴിയുന്നത്. തിരുനെല്ലി പഞ്ചായത്തിൽ മാത്രം 170 ഏക്കർ ഭൂമിയാണ്  ഉരുൾപൊട്ടലിലും മണ്ണ് നിരങ്ങി നീങ്ങിയും   താമസയോഗ്യമല്ലാതായി മാറിയത്. 253 കുടുംബങ്ങളെയാണ് ഈ പ്രകൃതി ദുരന്തം ബാധിച്ചത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top