Deshabhimani

കായകൽപ്‌ അവാർഡിൽ തിളങ്ങി ജില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 01:00 AM | 0 min read

തൃശൂർ
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡായ കായകല്‍പ്പിൽ ജില്ലയ്‌ക്ക്‌ നേട്ടം. 
സബ് ജില്ലാ തലത്തില്‍ ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി   89.09 ശതമാനം മാർക്കുമായി  ഒന്നാം സ്ഥാനം നേടി.  15 ലക്ഷം രൂപയാണ്‌ അവാര്‍ഡ്.  ജില്ലാ ആശുപത്രി തലത്തിൽ 83.14 ശതമാനം മാർക്ക്‌ നേടി തൃശൂർ ജനറല്‍ ആശുപത്രി മൂന്ന്‌  ലക്ഷം രൂപയുടെ കമന്‍ഡേഷന്‍ അവാര്‍ഡ് നേടി. സബ്‌ജില്ലാ തലത്തിൽ പുതുക്കാട് താലൂക്ക് ആശുപത്രി 76.43 ശതമാനം മാർക്ക്‌ നേടി ഒരു ലക്ഷം രൂപയുടെ അവാർഡും നേടി. 
സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമായ മൂന്ന്‌ ലക്ഷം രൂപയ്ക്ക്  വലപ്പാട് സിഎച്ച്സി അര്‍ഹത നേടി.  70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി മുല്ലശേരി സിഎച്ച്സി ഒരു ലക്ഷം രൂപയുടെ കമന്‍ഡേഷന്‍ അവാര്‍ഡും നേടി.
അര്‍ബന്‍ പ്രൈമറി വിഭാഗത്തിൽ പൊര്‍ക്കളേങ്ങാട് അര്‍ബന്‍ പ്രൈമറി  ഹെല്‍ത്ത് സെന്റര്‍ രണ്ട്‌ ലക്ഷം രൂപയുടെ അവാർഡ്‌ നേടി. 
ജില്ലാതല കായകൽപ്‌ അവാർഡിൽ മൂന്ന്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും മൂന്ന്‌ ജനകീയാരോഗ്യ കേന്ദ്രത്തിനും നേട്ടമുണ്ട്‌. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനം കൊടകര എഫ്എച്ച്‌സി നേടി. രണ്ട്‌ ലക്ഷം രൂപയാണ്‌ അവാർഡ്‌ തുക. എടവിലങ്ങ്‌ എഫ്‌എച്ച്‌സി, നാലുകെട്ട്‌ എഫ്‌എച്ച്‌സി എന്നിവയാണ്‌ രണ്ടും മൂന്നും സ്ഥാനം നേടിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ. 50000 രൂപയാണ്‌ അവാർഡ്‌ തുക. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉപകേന്ദ്രത്തിനുള്ള കായകൽപ് അവാർഡിൽ ശാന്തിപുരം എച്ച്‌ഡബ്ല്യുസി ഒന്നാം സ്ഥാനവും മുനയ്‌ക്കൽ എച്ച്‌ഡബ്ല്യഡി കട്ടപ്പുറം എച്ച്‌ഡബ്ല്യൂസി എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. ഒന്നാം സ്ഥാനത്തിന്‌ ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും ഫസ്റ്റ് റണ്ണറപ്പിന് 50000 രൂപയും സെക്കൻഡ്‌ റണ്ണറപ്പിന് 35000 രൂപയുമാണ്‌ ക്യാഷ്  അവാർഡ്‌. 


deshabhimani section

Related News

0 comments
Sort by

Home