07 October Friday
സഞ്ജീവനി അഗ്രി തെറാപ്പി

ഉഷാറാക്കാം മണ്ണും മനസ്സും

സ്വന്തം ലേഖികUpdated: Friday Aug 12, 2022

കൂട്ടിലങ്ങാടി ബഡ്‌സ്‌ സ്‌കൂളിൽ വിദ്യാർഥികൾ പച്ചക്കറി തൈകൾ ഒരുക്കുന്നു

മലപ്പുറം
മാനസിക–-ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് കൃഷിയിലൂടെ മാനസികോല്ലാസം ഉറപ്പാക്കുന്ന ‘സഞ്ജീവനി അഗ്രി തെറാപ്പി’ ജില്ലയിൽ കൂടുതൽ ബഡ്‌സ്‌ സ്‌കൂളുകളിലേക്ക്‌. കുടുംബശ്രീയുടെ ഫാം ലൈവ്‌ലി ഹൂഡ്സ്, സാമൂഹ്യവികസന പദ്ധതി  എന്നിവയിൽ ഉൾപ്പെടുത്തി ബിആർസി സ്ഥാപനങ്ങൾ, ബഡ്സ്  സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി നടത്തിപ്പിന്‌ ഓരോ ബഡ്സ് സ്കൂളിനും പ്രതിവർഷം 5000 രൂപയുടെ ഗ്രാന്റ്‌ കുടുംബശ്രീ നൽകും. മാനസിക ഉല്ലാസത്തോടൊപ്പം പരമ്പരാഗത–-നൂതന കൃഷിരീതി കുട്ടികളെ പരിചയപ്പെടുത്തുക,  വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കുക, കുട്ടികളുടെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ്‌ പദ്ധതി ലക്ഷ്യം. പദ്ധതി ഭാഗമായുള്ള കൃഷിയിലൂടെ  വിളവെടുക്കുന്ന  ജൈവ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും. സ്കൂളുകളോട് ചേർന്ന് കുറഞ്ഞത്‌ രണ്ട്‌ സെന്റിലോ ഗ്രോ ബാഗിലോ മട്ടുപ്പാവിലോ  കൃഷിചെയ്യാം.
വിവിധ സ്‌കൂളുകൾക്ക്‌  ആവശ്യാനുസരണം കൃഷിവകുപ്പിന്റെ സഹായവും ലഭ്യമാക്കുന്നുണ്ട്‌. കൊണ്ടോട്ടി സ്‌കൂളിൽ പ്ലാന്റ്‌ സ്റ്റാൻഡ്‌, കൂട്ടിലങ്ങാടി സ്‌കൂളിൽ മഴമറ, ചെറുകാവ്‌ സ്‌കൂളിൽ തിരിനന എന്നീ സഹായം കൃഷിവകുപ്പ്‌ നൽകിയിട്ടുണ്ട്‌.
2017ൽ തളിർ എന്ന പേരിലാണ്‌ ജില്ലയിൽ ബഡ്‌സ്‌ സ്‌കൂളിൽ വിദ്യാർഥികളുടെ പരിപാലനത്തിൽ  കൃഷി ആരംഭിക്കുന്നത്‌. പരീക്ഷണാടിസ്ഥാനത്തിൽ മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ നടപ്പാക്കിയ പദ്ധതി വിജയമായതോടെ സംസ്ഥാനത്തെ എല്ലാ ബഡ്സ് സ്കൂളുകളിലേക്കും ‘സഞ്ജീവനി അഗ്രി തെറാപ്പി’ വ്യാപിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ ജില്ലയിലെ പതിനഞ്ചോളം സ്‌കൂളുകളിലാണ്‌ പദ്ധതി നടപ്പാക്കിയത്‌. 2021–-22 വർഷത്തിൽ  27 ബഡ്‌സ്‌ സ്‌കൂളുകളാണ്‌ പദ്ധതി ഭാഗമായത്‌. 2022–-23 വർഷത്തിൽ കൂടുതൽ സ്‌കൂളുകളെ പദ്ധതിയുടെ ഭാഗമാക്കും. സെപ്‌തംബർ–ഒക്‌ടോബർ മാസങ്ങളിലായി പുതിയ വർഷത്തെ പദ്ധതിക്ക്‌ തുടക്കമാകും.


സഞ്ജീവനി അഗ്രി തെറാപ്പി
അഗ്രി തെറാപ്പി ഒരു ചികിത്സാരീതിയാണ്. കൃത്യമായ പ്രവർത്തനങ്ങളിലൂടെ മാനസിക വെല്ലുവിളിയുള്ളവരുടെ കഴിവുകൾ പുറത്തെടുക്കുന്നതോടൊപ്പം മാനസികാരോഗ്യം വർധിപ്പിക്കുന്നതിനും സഞ്ജീവനി അഗ്രി തെറാപ്പിയിലൂടെ സാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top