25 September Friday

മഴയ്‌ക്ക്‌ ശമനം; ദുരിതം ബാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

ചുങ്കം മള്ളൂശ്ശേരി പ്രദേശത്തെ വീടിനുള്ളിലെ വെള്ളം ഇറങ്ങിയതിനെ തുടർന്ന് വൃത്തിയാക്കുന്ന  ജ്യോതികുമാർ

 കോട്ടയം

ജില്ലയിൽ മഴക്ക്‌ ശമനംവന്നതോടെ നദികളിലെ ജലനിരപ്പ് കുറഞ്ഞു. എന്നാൽ പടിഞ്ഞാറൻ മേഖലകളിൽ വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്‌. ചൊവ്വാഴ്‌ച പ്രളയക്കെടുതിയിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. അയ്മനം ചീപ്പുങ്കൽ വലിയചിറ വീട്ടിൽ ദേവസ്യയുടെ ഭാര്യ മാർഗ്രേറ്റ്(63) ആണ്‌ മരിച്ചത്‌. വീടിനുസമീപത്തെ അറുനൂറ്റിൽ പാടശേഖരത്തിന്റെ മോട്ടോർ തറയോട്‌ ചേർന്നുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പറമ്പിൽനിന്ന്‌ കാന്താരി പറിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക്‌ വീണതായാണ്‌ വിവരം. മുക്കുളം വെമ്പാല ടോപ്പിൽ മലയിടിച്ചിലിൽ 16 ഏക്കറോളം ഭൂമി നഷ്ടമായി.  
മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജലനിരപ്പ്‌ താഴ്‌ന്നു. 6500ൽ അധികം പേരാണ് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ  ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന്‌ ആളുകൾ വീടുകളിലേക്ക്‌ മടങ്ങിത്തുടങ്ങി‌. വാഗമൺ, തീക്കോയി, അടുക്കം തുടങ്ങിയ മലയോര മേഖലകളിൽ തിങ്കളാഴ്‌ച രാത്രി തുടങ്ങിയ മഴ ഏറെനേരം കഴിഞ്ഞാണ് ശമിച്ചത്. കോട്ടയം, കുമരകം, തലയോലപ്പറമ്പ്, വൈക്കം റോഡ് ഒഴികെയുള്ള പ്രധാനപാതകളിൽ ഗതാഗതം പുനഃസ്ഥാപിച്ചു. മഴയ്ക്ക് ശമനമായെങ്കിലും വൈക്കം, കോട്ടയം താലൂക്കുകളുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. താഴത്തങ്ങാടി, കുമരകം, തിരുവാർപ്പ്‌, അയ്‌മനം, ആർപ്പൂക്കര, ചങ്ങനാശേരി എന്നിവിടങ്ങളിൽ ഇപ്പോഴും പൂർണമായി വെള്ളമിറങ്ങിയില്ല. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിലും കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലും ജലനിരപ്പ് താഴ്‌ന്നുതുടങ്ങി. എസി റോഡിൽ ജലനിരപ്പ് താഴ്ന്നതിനാൽ ചങ്ങനാശേരി–- ആലപ്പുഴ ബുധനാഴ്‌ച മുതൽ ഭാഗികമായി പുനസ്ഥാപിക്കും. 
 കല്ലറ, എഴുമാന്തുരുത്ത്, മുണ്ടാർ മേഖലകൾ ഒറ്റപ്പെട്ടു. വൈക്കം മേഖലയിൽ ചെമ്പ്, ഉദയനാപുരം, മറവൻതുരുത്ത്, ടി വി പുരം, തലയാഴം, തലയോലപ്പറമ്പ് പഞ്ചായത്തുകൾ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയയെ തുടർന്ന്‌ വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത്, വടയാർ പഞ്ചായത്തുകളിൽ വെള്ളംകയറി വലിയ കൃഷി നാശമുണ്ടായി. തലയാഴം പഞ്ചായത്തിലെ പാടശേഖരങ്ങളിൽ മടവീണ് 1700 ഏക്കറോളം നിലത്തിലെ കൃഷിയാണ് നശിച്ചത്. 15 ദിവസം മുതൽ 60 ദിവസം വരെ പ്രായമായ നെൽചെടികൾ നാശത്തിന്റെ വക്കിലാണ്. നെൽകൃഷിക്ക് പുറമെ വാഴ, പച്ചക്കറി, കപ്പ എന്നിവയും നശിച്ചു. 
നഗരങ്ങളിൽ വെള്ളം ഇറങ്ങിയതോടെ വീടുകൾ വൃത്തിയാക്കിത്തുടങ്ങി. വെള്ളംകയറിയ വീടുകളിലും പരിസരത്തും ചെളിയും മാലിന്യങ്ങളും നിറഞ്ഞിരുന്നു. കിണറുകളും മലിനമായി. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top