23 January Thursday
കനകാശേരിക്കാർ ക്യാമ്പിൽ

മട വീണ്‌ മണിക്കൂറുകൾക്കകം

നന്ദു വിശ്വംഭരന്‍Updated: Monday Aug 12, 2019
 
കൈനകരി
അഗ്നിരക്ഷാസേനയുടെ ബോട്ടിൽ കനകാശേരി പാടം വിടുമ്പോൾ മുങ്ങിത്തുടങ്ങുന്ന വീടുകളിലേക്ക് നോക്കി അവർ മൗനമായി യാത്ര പറഞ്ഞു. കാഴ്‌ചയിൽ നിന്ന് വീട്‌ മറയുമ്പോൾ നോവോടെ സനിത പറഞ്ഞു–-‘‘ദാ അതാണ് ഞങ്ങളുടെ വീട്’’... 
 ശനിയാഴ്‌ച രാത്രി കനകാശേരി പാടത്ത് മടവീണ്  മണിക്കൂറുകൾക്കകം വീട്ടുമുറ്റത്ത് വെള്ളംകയറി. വീട് ഇടിഞ്ഞുവീഴുമെന്ന് ഭയന്ന്‌ അത്യാവശ്യ സാധനങ്ങളുമായി  അയൽവീട്ടിലേക്ക്  മാറി. അവിടെയും വെള്ളമെത്തിയപ്പാൾ മറ്റൊന്നും ചിന്തിക്കാതെ ഇറങ്ങി–-സനിത പറഞ്ഞു. 
  താഴും താക്കോലുമില്ലാത്ത വാതിൽ കയറുകൊണ്ട് ജനലിൽ കെട്ടി വീട്ടിൽ നിന്നിറങ്ങിയപ്പോൾ മക്കളായ നെവന,  നെവിൻ,  അമ്മ കോമളം എന്നിവരുടെ വസ്‌ത്രങ്ങൾ മാത്രമാണ്‌ കൂടെ കൊണ്ടുപോന്നത്‌. സനിതയുടെ ഭർത്താവ് മാസങ്ങൾ മുമ്പ് മരിച്ചതാണ്‌. കോമളം തൊഴിലുറപ്പിന് പോയാണ് കുടുംബത്തെ പോറ്റുന്നത്‌. കഴിഞ്ഞ പ്രളയത്തിലും വീടുമുങ്ങി ഇവർ ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. 
  മുട്ടൊപ്പം വെള്ളത്തില്‍ നിന്ന് ഓണപ്പിള്ളില്‍ ‌ഷീല സാധനങ്ങള്‍  ഭദ്രമായി ബാ​ഗിലേക്കു മാറ്റി. വെള്ളത്തിലൂടെ നീന്തി ബോട്ടിനായി കാത്തുനില്‍ക്കുന്ന മകള്‍ക്ക് കൈമാറി... മക്കളെ ബോട്ടിൽ കയറ്റിവിടുന്നതിനിടയിൽ അവർ വിളിച്ചു പറഞ്ഞു. - ‘‘അമ്പൂനെ നോക്കണേടാ, അമ്മ അടുത്ത ബോട്ടിൽ വരാം...’’-കനകാശേരിയലെ പലായന കാഴ്‌ചകളിങ്ങനെ തുടരുന്നു. 
 കനകാശേരിപാടവും സമീപമുള്ള വലിയേരി, മീനപ്പള്ളി പാടങ്ങളുമാണ് 450 കുടുംബങ്ങളെ വെള്ളത്തിലാക്കി നിറഞ്ഞുകവിഞ്ഞത്. എല്ലാവരും പാടത്ത് ക‌ൃഷിയിറക്കിയിരുന്നു. വിതച്ച് 40 ദിവസം പ്രായമായ ഞാറ്‌ നശിച്ചതോടെ വൻ ക‌ൃഷിനാശമാണ് സംഭവിച്ചത്‌.  ‘‘കഴിഞ്ഞ പ്ര‌ളയത്തിന് ശേഷം രണ്ടാം ക‌ൃഷിയാണിത്‌. ആദ്യകൊയ്‌ത്ത്‌ നന്നായി വന്നു. ഇതുകൂടി കിട്ടിയിരുന്നെങ്കില്‍ ജീവിതം പച്ചതൊട്ടേനേ’’... -കർഷകനായ സലിയുടെ വാക്കുകൾ മുറിഞ്ഞു. 
 ക്യാമ്പുകളിലേക്കുള്ള യാത്രക്കൊരുങ്ങുന്നവർക്കിടയിൽ ചെറുവള്ളങ്ങളില്‍ ചാക്കില്‍ മണ്ണ് നിറച്ചെത്തിച്ച്‌ ബണ്ടിന് ബലംകൂട്ടാന്‍ ശ്രമിക്കുന്നവരുമുണ്ട്‌ ഇവിടെ. പാടത്ത്‌ വെള്ളംകയറാതിരിക്കാൻ കര്‍ഷകര്‍ ഞാറോടെ കട്ടകുത്തി ബണ്ട് നിര്‍മിക്കുന്നതും കനകാശേരിയിലെ കാഴ്‌ച. 
 പാടശേഖരത്തില്‍ മടവീണെന്നറിഞ്ഞപ്പോള്‍ തന്നെ ജില്ലാ ഭരണകേന്ദ്രം രക്ഷാപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തിരുന്നു. ഞായറാഴ്‌ച രാവിലെ ആറുമുതല്‍ സര്‍ക്കാര്‍ പ്രതിനിധികൾ ജനങ്ങളെ മാറ്റാൻ വീടുകളിലെത്തി. സാധനങ്ങള്‍ മാറ്റാനുള്ള സമയം വേണമെന്ന്‌  താമസക്കാര്‍ പറഞ്ഞതോടെ രക്ഷാപ്രവർത്തകർ കാത്തുനിന്നു. എട്ടുമണിയോടെ ചെറിയസംഘങ്ങളായി ഇവരെ ക്യാമ്പുകളിലേക്ക്‌ മാറ്റിത്തുടങ്ങി. അ​ഗ്നിരക്ഷാസേനയുടെയും ജലഗതാഗത വകുപ്പിന്റെയും ബോട്ടുകള‌ിലായി ക്യാമ്പുകളിലേക്കുള്ള യാത്ര. 
പ്രധാന വാർത്തകൾ
 Top