18 October Friday

ഇനി ശുചീകരണവും പുനരധിവാസവും

പ്രത്യേക ലേഖകൻUpdated: Monday Aug 12, 2019

വെള്ളമിറങ്ങിയതിനെ തുടർന്ന്‌ മയ്യിൽ കണ്ടക്കൈയിലെ വീട്ടിൽ അടിഞ്ഞുകൂടിയ ചെളി നീക്കുന്നു

കണ്ണൂർ
ജില്ലയിൽ നാലുദിവസമായി തുടരുന്ന അതിതീവ്ര മഴയ്‌ക്ക്‌ ശമനം. റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും  ഞായറാഴ്‌ച വൈകിട്ടുവരെ തീരെ മഴയുണ്ടായില്ല. വൈകിട്ടോടെ പലമേഖലയിലും മഴ പെയ്‌തു. എന്നാൽ തീവ്രത കുറവായിരുന്നു. പ്രളയത്തിലമർന്ന പ്രദേശങ്ങളിൽ  വെള്ളം ഇറങ്ങിത്തുടങ്ങി. പുഴകളിലും ജലനിരപ്പ്‌ താണു. 
അതിനിടെ, കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ കുത്തൊഴുക്കിൽ പയ്യന്നൂരിനടുത്ത കാനായി മീങ്കുഴി വലിയ അണക്കെട്ട്‌ തകർന്നു. വണ്ണാത്തിപ്പുഴയുടെ കുറുകെയുള്ള അണക്കെട്ട്‌ വൈകിട്ട്‌ നാലോടെയാണ്‌ തകർന്നത്‌. പാലത്തിനു മുകളിലൂടെ പുഴ ഭീതിദമായി നിറഞ്ഞൊഴുകുകയാണ്‌. 
വരുംദിവസങ്ങളിൽ ജില്ലയിലുടനീളം ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ്‌ കാലാവസ്ഥാ പ്രവചനം. 
വെള്ളമിറങ്ങിയതിനാൽ മിക്ക ക്യാമ്പുകളിൽനിന്നും ആളുകൾ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. വെള്ളക്കെട്ടും ചെളിയും നിറഞ്ഞ വീടുകൾ ശുചീകരിക്കാനുള്ള ശ്രമത്തിലാണ്‌ നാട്ടുകാരും സന്നദ്ധപ്രവർത്തകരും.
 ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ നേതൃത്വത്തിൽ ഞായറാഴ്‌ച ജില്ലയുടെ പല ഭാഗങ്ങളിലും ശുചീകരണം നടത്തി. ശുചീകരണപ്രവർത്തനങ്ങളിൽ അണിനിരക്കാൻ സിപിഐ എം പാർടി, വർഗ–- ബഹുജന സംഘടനാ പ്രവർത്തകർക്ക്‌ നിർദേശം  നൽകി. 
വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ ഇനി പുനരധിവാസ പ്രവർത്തനങ്ങളിലാണ്‌ ശ്രദ്ധയെന്ന്‌ കലക്ടർ ടി വി സുഭാഷ്‌ അറിയിച്ചു. ദുരിത മേഖലയിലെ നഷ്ടങ്ങൾ കണക്കാക്കാനും  ജില്ലാ അധികൃതർ നടപടി സ്വീകരിച്ചു.
പ്രധാന വാർത്തകൾ
 Top