12 August Wednesday
കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്നുള്ളവർ പങ്കെടുത്തു

കോവിഡ്‌ നിയന്ത്രണം ലംഘിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ സമരം

സ്വന്തം ലേഖകന്‍Updated: Sunday Jul 12, 2020

കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച്‌ യൂത്ത്കോൺഗ്രസുകാർ കമീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌. ഉദ്‌ഘാടകയായ ബിന്ദു കൃഷ്‌ണയ്‌ക്ക്‌ പിന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം

കൊല്ലം
കോവിഡ്‌ വ്യാപനത്തിന്‌ കാരണമാകുംവിധം കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്നുള്ളവർ പങ്കെടുത്ത്‌ യൂത്ത്കോൺഗ്രസ്, കെഎസ്‌യു സമരം.   കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നത്‌ നാടിനു‌ ഭീഷണിയാകുമെന്നത്‌ കാണാതെയായിരുന്നു ജില്ലാ കേന്ദ്രത്തിലെ കൂട്ടംകൂടിയുള്ള സമരം. ജില്ലാ പ്രസിഡന്റ് അരുൺരാജിന്റെ നേതൃത്വത്തിൽ അറുപതോളം യൂത്ത്കോൺഗ്രസുകാർ കമീഷണർ ഓഫീസിനു മുന്നിലും 20 കെഎസ്‌യുക്കാർ കലക്ടറേറ്റിനു മുന്നിലും പങ്കെടുത്തു. 
കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽനിന്നുള്ളവർ പങ്കെടുക്കുമെന്നത്‌ നേരത്തെ വാർത്തയായതിനെത്തുടർന്ന്‌ ‌നടപടി ഭയന്ന് കെ എസ്‌ ശബരിനാഥ് എംഎൽഎ പരിപാടി ഉപേക്ഷിച്ചു. രണ്ടുസമരത്തിലും കേരള എപ്പിഡമിക്‌ ഡിസീസസ് ഓർഡിനൻസ് ആക്ട് പ്രകാരം ഉദ്‌ഘാടകനൊഴികെ ഉള്ളവർക്കെതിരെ  കേസെടുത്തു.
അരുൺരാജിനെ കൂടാതെ കണ്ടെയ്ൻമെന്റ്‌ സോണായ പന്മനയിൽനിന്ന്‌ ജില്ലാ വൈസ് പ്രസിഡന്റ് ബിനു മംഗലത്തും  സെക്രട്ടറി നിഷാ സുരേഷും 15 പേരും  കമീഷണർ ഓഫീസ് മാർച്ചിന് എത്തി. സമരം ഡിസിസി പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ ഉദ്‌ഘാടനംചെയ്‌തു. 
കണ്ടെയ്‌ൻമെന്റ്‌ സോണിന്റെ പുറത്തേക്കോ അകത്തേക്കോ കടക്കരുതെന്നാണ് ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാനായ കലക്ടറുടെ ഉത്തരവ്. കലക്ടറേറ്റിനു മുന്നിലായിരുന്നു കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം.  പ്രതാപവർമതമ്പാനാണ്‌  ഉദ്‌ഘാടനംചെയ്‌തത്‌. മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ  അറസ്റ്റ്‌ ചെയ്ത് നീക്കി.  ജില്ലാ പ്രസിഡന്റ്‌ വിഷ്ണു വിജയൻ,  കൗശിക് എം ദാസ്‌,  എസ്‌ പി അതുൽ,  അഖിൽ ഭാർഗവൻ, ബിച്ചു, വിപിൻ രാജ് എന്നിവർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളായ  ഫൈസൽ കുളപ്പാടം,  കുരുവിള ജോസഫ്‌,  അരുൺ രാജ് തുടങ്ങി 17 പേർക്കെതിരെ  ഈസ്റ്റ് പൊലീസും കേസെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top