03 June Wednesday

വരദരാജപൈയുടെ രക്തസാക്ഷിത്വത്തിന് അമ്പതാണ്ട് ആ ഓർമകൾക്കിന്നും ചോരത്തിളപ്പ്

പി സുരേശൻUpdated: Thursday Jul 12, 2018
കാസർകോട്
കാലചക്രം അമ്പതാണ്ട് കറങ്ങിത്തിരിഞ്ഞെങ്കിലും ആ ഓർമകൾക്ക് ഇന്നും ചോരത്തിളപ്പ്.സഹപ്രവർത്തകൻ വരദരാജപൈയുടെ ധീരരക്തസാക്ഷിത്വം അഭിഭാഷക വൃത്തിയിൽ സുവർണ ജൂബിലി പിന്നിട്ട അഡ്വ. പി കെ മുഹമ്മദിന് ആവേശവും നടുക്കവുമാണ്. സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനും കൂലിവർധനവിനുമുള്ള ഐതിഹാസിക സമരവും ജീവത്യാഗവും സ്മരണകളിൽ ഇരമ്പുകയാണ്. ബസ് ചക്രം കയറി വരദരാജപൈയുടെ ജീവനെടുത്തത് മുഹമ്മദിന് മറക്കാനാവില്ല. സമരം വിജയിപ്പിക്കാൻ പ്രാണൻ കൊടുത്ത നിശ്ചയദാർഢ്യത്തെ വാഴ്ത്താൻ ഈ അഭിഭാഷകന് വാക്കുകളില്ല.
1968 ജൂലൈ 12നാണ്  സ്വകാര്യ ബസ് മുതലാളിയുടെ കൊടുംക്രൂരതക്കിരയായി ഉദുമയിലെ  വരദരാജപൈയുടെ ജീവൻ പൊലിഞ്ഞത്.  മെഹബൂബ് ബസ്സിലെ തൊഴിൽ സംരക്ഷിക്കാനും  കൂലി കൂട്ടാനും ആവശ്യപ്പെട്ടതിന്    പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. വരദരാജപൈയെ പിരിച്ചുവിട്ടിരുന്നില്ല. മറ്റുള്ളവർക്കായി രംഗത്തിറിങ്ങുകയായിരുന്നു. വിവിധ തലങ്ങളിൽ പ്രക്ഷോഭം നടത്തിയെങ്കിലും ബസ് മുതലാളി വഴങ്ങിയില്ല. കാസർകോട് മെഹബൂബ് ബസ് ഓഫീസിന് മുന്നിലായിരുന്നു സമരത്തിന്റെ തുടക്കം. പിന്നീട് ബസിന് മുന്നിൽ പിക്കറ്റിങ് നടത്താൻ തീരുമാനിച്ചു. പിക്കറ്റിങ് നടത്തിയ ഡ്രൈവർ അസൈനാറെ ബസ്സിടിച്ച് തെറിപ്പിച്ചു. രണ്ടാമത്തെ ബസ്സാണ്  വരദരാജപൈയെ ഇടിച്ചിട്ട് ദേഹത്തിലൂടെ കയറ്റിയിറക്കിയത്.   രാവിലെ പതിനൊന്നോടെയാണ്  ബസ് ഉടമ കസർകോട്ടെ ഷായുടെ സഹോദരൻ അമ്മീൻ എന്ന ഹമീദ്    ബസ് ഇരച്ചുകയറ്റിയത്. 
സമരം തീരണമെങ്കിൽ ജീവൻ ത്യജിക്കേണ്ടി വരുമെന്ന് ഉറപ്പിച്ചാണ് പൈ വന്നത്. ഷർട്ടിന്റെ പോക്കറ്റിൽ മരിച്ചാൽ കൊടുക്കേണ്ട ഫോട്ടോയും കരുതിയിരുന്നു. ആ പടമാണ് പിന്നീട് പത്രങ്ങളിലെല്ലാം വന്നത്. വാർത്ത പത്രങ്ങൾക്ക് കൊടുത്തത് അന്ന് കാസർകോട് ഗവ. കോളേജ് വിദ്യാർഥിയായ ഇപ്പോഴത്തെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി രാഘവനായിരുന്നു. ബസ് കയറ്റിയ അമ്മീനെ തടവിന്  ശിക്ഷിച്ചു.  മെഹബൂബ് ബസിലെ ഡ്രൈവർമാരായ പ്രഭാകരൻ,ബി ശങ്കരപ്പ നായക്ക്, സിനൻ, ഗോപാലകൃഷ്ണൻ, കണ്ടക്ടർ ഗോപി എന്നിവർ സമരത്തിൽ സജീവമായിരുന്നു. ഇതിൽ ശങ്കരപ്പ നായക്കും സിനാനും മുഹമ്മദും മാത്രമെ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ. കാസർകോട് ബട്ടംപാറ ശങ്കരപ്പയ്ക്കും  മീപ്പ്ഗുരിയിലെ സിനനും വാർധ്യത്തിന്റെ അവശതയിൽ സംഭവം സംബന്ധിച്ച് വ്യക്തമായി ഓർമകളില്ല.  മൂവരയെും വ്യാഴാഴ്ച നടക്കുന്ന വരദരാജ പൈ  രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാർഷിക അനുസ്മരണ സമ്മേളനത്തിൽ ആദരിക്കും. 
വരദരാജപൈയുടെ രക്തസാക്ഷിത്വത്തോടെ  കാസർകോട് ബസ് സമരം കേരളത്തിലാകെ ചർച്ചയായി. മന്ത്രി മത്തായി മാഞ്ഞൂരാൻ ബസ് മുതലാളിയുമായി ചർച്ചക്ക് കാസർകോട് എത്തി. ഉടമകൾ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചു. എന്നാൽ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് ഇഎംഎസ് സർക്കാർ പിരിച്ചുവിട്ടവർക്ക്  മുഴുവൻ കെഎസ്ആർടിയിൽ ജോലി വാഗ്ദാനം ചെയ്തു. ഇതിൽ അസൈനാർ,ശങ്കരപ്പ നായക്ക്, സിനൻ എന്നിവർ ജോലി സ്വീകരിച്ചു. 
കാസർകോട്ടെ തൊഴിലാളികളും കർഷകരും വിദ്യാർഥികളും ഉൾപ്പെടെ മുഴുവനാളും സമരത്തിൽ പങ്കാളികളായി. സമരസഹായ സമിതി പിരിച്ചുവിട്ട തൊഴിലാളികളുടെ സംരക്ഷണം ഏറ്റെടുത്തു. സിപിഐ എം താലൂക്ക് സെക്രട്ടറിയായിരുന്ന പാച്ചേനി കുഞ്ഞിരാമൻ,കമ്മട്ട കുഞ്ഞമ്പുനായർ, കെ ടി രാഘവൻ, പി രാഘവൻ തുടങ്ങിയവർക്കായിരുന്നു സമര നേതൃത്വം. ഒരു തവണ ബസ് മുതലാളി ഒത്തുതീർപ്പിന് തയ്യാറായെങ്കിലും പിന്നീട് പിറകോട്ട് പോയി. തുടർന്നാണ് സമരം ശക്തമായത്. 
ഇരുപത്തിയാറാം വയസ്സിലാണ് മുഹമ്മദ് സമരത്തിൽ പങ്കെടുക്കുന്നത്. അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി അപ്പോൾ ഒരു വർഷമേ ആയിരുന്നുള്ളൂ. മോട്ടോർ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും   കാസർകോട് ബസ് ട്രാൻസ്പോട്ട് എംപ്ലോയീസ് യൂണിയൻ രൂപീകരിക്കുന്നതിനും മുൻകൈയെടുത്തത് മുഹമ്മദായിരുന്നു. ആദ്യ പ്രസിഡന്റും മുഹമ്മദായിരുന്നു. സെക്രട്ടറി കെ ടി രാഘവനും.   കാസർകോട് ബദരിയ ഹോട്ടലിന് സമീപമായിരുന്നു താമസം. പതിനഞ്ച് വർഷം കാസർകോട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് ഹൈക്കോടതിയിലേക്ക് മാറിയത്. 36 വർഷമായി അവിടെയാണ് പ്രാക്ടീസ്. 
 
പ്രധാന വാർത്തകൾ
 Top