18 September Wednesday

ഇടമുറിയില്ല എടത്തൊടികയിലെ കളിയടവുകൾ

ജോബിൻസ‌് ഐസക‌്Updated: Wednesday Jun 12, 2019

കം ബാക്ക‌്... ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്ന അനസ് എടത്തൊടികക്ക് സ്വാഗതമോതി വിങ്‌ ബാക്ക‌് പൊസിഷനിലെ കൂട്ടുകാരൻ സന്ദേശ‌് ജിംഗൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

 

 
മലപ്പുറം 
സ്വരം നന്നായിരിക്കെ പാട്ട‌് നിർത്തുന്നത‌് ഗായകന്റെ മാന്യതയാണെങ്കിലും ആസ്വാദകന്റെ മനസ്സിൽ എന്നും അതൊരു തീരാവേദനയാകും. പാതിയിൽ മുറിഞ്ഞ ആ മനോഹരഗാനം വീണ്ടും കേൾക്കാൻ  അവസരം ലഭിച്ചാലോ. അതിൽപ്പരം ആനന്ദം മറ്റെന്തുവേണം. കരിയറിന്റെ നല്ലകാലത്ത‌് ഫുട‌്ബോളിൽനിന്ന‌് വിരമിച്ച അനസ‌് എടത്തൊടിക എന്ന ഇന്ത്യൻ വൻമതിൽ വീണ്ടും കളിക്കളത്തിലേക്കെത്തുമ്പോൾ  മലപ്പുറത്തിന്റെ  മനം ആഹ്ലാദത്തിന്റെ പരകോടിയിലാണ‌്. ഇൻജുറി ടൈമിൽ ലഭിച്ച വിജയഗോൾ പോലെ അവർ ആസ്വദിക്കയാണ‌് ആ മടങ്ങിവരവിന്റെ വാർത്ത. ഇഷ്ട കോമ്പിനേഷനായ സന്ദേശ‌് ജിംഗൻ –- അനസ‌് കൂട്ട‌് ഇന്ത്യയുടെ കോട്ടയായി വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ‌് ആരാധകർ.   
സെന്റർബാക്ക് പൊസിഷനിൽ ഇന്ത്യയുടെ വിശ്വസ‌്തനായ അനസിന്റെ അപ്രതീക്ഷിത വിരമിക്കൽ കായിക ലോകത്തെ ഞെട്ടിച്ചിരുന്നു. തുടർച്ചയായ പരിക്കുകൾ   അലട്ടിയതിനെ തുടർന്ന‌് യുവതാരങ്ങൾക്ക് വഴിമാറുന്നുവെന്ന് പറഞ്ഞ് ഏഷ്യൻ കപ്പിന് ശേഷം ജനുവരി 15ന‌് അനസ് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ മലപ്പുറത്തെ കളിക്കളങ്ങൾ ശോകമൂകമായിരുന്നു. അനസിനെ തിരികെ വിളിക്കണമെന്ന് ആരാധകരും മുൻ താരങ്ങളും പരിശീലകരും ഒക്കെ ആവശ്യപ്പെട്ടു. ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റീമാച്ച് ഇന്റർകോണ്ടിനെന്റൽ കപ്പിലേക്കുള്ള ടീമിൽ അനസിനെ ഉൾപ്പെടുത്തിയ വാർത്ത മലപ്പുറം ആഘോഷിക്കയാണ്.  ഏറെ കാത്തിരിപ്പിനൊടുവിൽ അണിഞ്ഞ ദേശീയ ടീം കുപ്പായം പെട്ടെന്ന‌് അഴിക്കേണ്ടിവന്ന അനസിനെ വീണ്ടും ഇന്ത്യയുടെ നീല ജേഴ്‌സിയിൽ കാണാനാകുമെന്ന സന്തോഷത്തിലാണ് ഫുട്‌ബോൾ പ്രേമികൾ.    
ഏഷ്യൻകപ്പിന് ശേഷം ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റയിൻ രാജിവച്ചതിനെ തുടർന്നാണ് ക്രൊയേഷ്യക്കാരൻ സ്റ്റീമാച്ച് ചുമതലയേറ്റത‌്. കിങ്‌സ് കപ്പിൽ ടീമിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുയരാത്തതിനാൽ  കൂടുതൽ പരിചയസമ്പത്തുള്ള താരങ്ങൾ ടീമിലുണ്ടാകുന്നത് മുതൽക്കൂട്ടാവുമെന്ന് വിലയിരുത്തിയാണ് അനസിനെ മടക്കിവിളിച്ചത്. ദേശീയ കുപ്പായം അണിഞ്ഞപ്പോൾ വലിയ ആദരവാണ‌് കിട്ടയതെന്നും ഉടൻ ഇന്ത്യൻ ക്യാമ്പിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നുവെന്നും അനസ‌് അടുത്ത സുഹൃത്തുക്കളോട്‌ പറഞ്ഞു. പ്രതിഭയുടെ ധാരാളിത്തമായിരുന്നിട്ടും പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ്  ഇന്ത്യൻ ടീമിൽ ഇടംകിട്ടിയത‌്. 17 മത്സരമേ രാജ്യത്തിനായി കളിച്ചുള്ളൂവെങ്കിലും മികവുറ്റ പ്രകടനമായിരുന്നു ഓരോന്നും. ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ അനസ് ഇറങ്ങിയിരുന്നു. എന്നാൽ കളിയുടെ തുടക്കത്തിൽതന്നെ പരിക്കേറ്റതിനാൽ കളം വിടേണ്ടിവന്നു. ഏറെക്കാലം സംസ്ഥാനത്തിന്റെ പുറത്തുകളിച്ചു. കഴിഞ്ഞ സീസണിൽ  ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ കളത്തിലിറങ്ങിയത‌് മലയാളികൾ ആഘോഷമാക്കി.  
ജീവിത സാഹചര്യങ്ങളോട് പടവെട്ടേണ്ടിവന്നപ്പോഴും കളി മികവിനെ അതൊന്നും ബാധിക്കാൻ അനസ‌് അനുവദിച്ചിരുന്നില്ല. വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം ഓട്ടോ ഡ്രൈവറായി കുടുംബം പുലർത്തേണ്ടി വന്ന അനസിന‌് ജീവിതാനുഭവങ്ങളും കളത്തിലെ കരുത്തായി.   ഡൽഹി ഡൈനാമോസിനൊപ്പം  ഐഎസ‌്എല്ലിൽ അരങ്ങേറ്റം കുറിച്ച  അനസിനെപ്പറ്റി ചോദിക്കുമ്പോൾ കോച്ച് റോബർട്ടോ കാർലോസിന്‌ നൂറ് നാവുകൾ. ഫ്രാൻസിന്റെയും ചെൽസിയുടെയും സൂപ്പര്‍ താരം മലൂദയുടെ കോർണറിൽനിന്ന് നേടിയ മിന്നൽ ഹെഡ്‍ഡർ ഗോളും, ഹീറോ ഓഫ് ദ മാച്ച് പുരസ്കാരവും അനസിനെ ആരാധകരുടെയും കളിയെഴുത്തുകാരുടെയും കണ്ണിലുണ്ണിയാക്കി. 
   കൊണ്ടോട്ടി മുണ്ടമ്പലം എടത്തൊടിക പുതിയേടത്തുവീട്ടിൽ മുഹമ്മദ് കുട്ടിയുടേയും ഖദീജയുടേയും മകനായ അനസ് കൊണ്ടോട്ടി ഇഎംഇഎ കോളജ്, മഞ്ചേരി എൻഎസ്എസ് കോളജ് ടീമുകളിലൂടെയാണ് കളിച്ചുവളർന്നത്. 2007ൽ മുംബൈ എഫ്സിയിലൂടെയാണ് സീനിയർ കരിയർ തുടങ്ങിയത്. പത്തുവർഷത്തിനുശേഷമാണ് ഇന്ത്യൻ ദേശീയ ടീമിലെത്തുന്നത്. 19 അന്താരാഷ്ട്ര മത്സരങ്ങൾക്ക് ബൂട്ടണിഞ്ഞു. കോച്ചും മുൻ ഇന്ത്യൻ ഗോൾ കീപ്പറുമായ ഫിറോസ് ശെരീഫാണ‌് അനസിലെ ‘പ്രതിരോധ താരത്തെ' കണ്ടെടുത്തത‌്. 2010-ൽ കേരളത്തിനായി സന്തോഷ്‌ട്രോഫി കളിച്ചു. 2011 മുതൽ 15 വരെ പുണെ എഫ്‌സിയിൽ കളിച്ച അനസ് രണ്ടുവർഷം ടീം നായകനുമായി. 2015ലും 2016ലും ഐഎസ്എല്ലിൽ ഡെൽഹി ഡൈനാമോസിൽ. 
ഐ ലീഗിൽ മോഹൻബഗാനിലും കളിച്ചു.  ഐ ലീഗിലെ മിന്നുന്ന പ്രകടനത്തിന് കഴിഞ്ഞ സീസണിലെ മികച്ച പ്രതിരോധ താരത്തിനുള്ള അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അവാർഡ് നേടി. മികച്ച പ്രതിരോധ താരത്തിനുള്ള അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ ജെർണയിൽസിങ് അവാർഡും ലഭിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top