27 June Thursday

അധ്യാപക നിയമനങ്ങളിൽ ക്രമക്കേട‌് ഹയര്‍ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ വിജിലൻസ‌് പരിശോധന

സ്വന്തം ലേഖകൻUpdated: Wednesday Jun 12, 2019

മലപ്പുറം ഹയർ സെക്കൻഡറി ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടന്ന വിജിലൻസ് പരിശോധന

 

 
മലപ്പുറം
ജില്ലയിലെ ഹയർ സെക്കൻഡറി റീജ്ണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ വിജിലൻസ് പരിശോധന. എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക തസ്തിക നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ‌് പരിശോധന. ഹയർ സെക്കൻഡറി പ്രവേശനത്തിന് രക്ഷിതാക്കളിൽനിന്ന് രസീത് നൽകാതെ സ്‌കൂൾ മാനേജ്‌മെന്റുകൾ പണം വാങ്ങുന്നുവെന്ന പരാതിയും വിജിലൻസിന‌് ലഭിച്ചിട്ടുണ്ട‌്. സംഭവത്തിൽ ഓഫീസിലെ ജൂനിയർ സൂപ്രണ്ടിന്റെ കൈയിൽനിന്നും കണക്കിൽപ്പെടാത്ത 97,000 രൂപ പിടികൂടി. എന്നാൽ പിടിച്ചെടുത്ത പണം വ്യക്തിപരമായി കടം നൽകാനുള്ളതെന്നാണ് വിജിലൻസിന് മുമ്പാകെ ജൂനിയർ സൂപ്രണ്ട് മൊഴി നൽകിയത്. മൊഴി രേഖപ്പെടുത്തിയെങ്കിലും പണം തിരിച്ച് നൽകുന്ന കാര്യത്തിൽ വിജിലൻസ് തീരുമാനമെടുത്തിട്ടില്ല. പണത്തിന്റെ കൃത്യമായ രേഖ ഹാജരാക്കാതിരിക്കുകയോ ഉറവിടം സംബന്ധിച്ച് വിവരം നൽകുകയോ ചെയ‌്തില്ലെങ്കിൽ ഉദ്യോഗസ്ഥനെതിരെ നിയമ നടപടിയുണ്ടാകും. 
എയ്ഡഡ് വിദ്യാലയങ്ങളിൽ മതിയായ യോഗ്യതയില്ലാതെ അധ്യാപകർ നിയമനം നേടുന്നുവെന്ന പരാതിയിൽ ഓഫീസിൽനിന്നും ഫയലുകൾ വിജിലൻസ് പരിശോധനക്കായി കൊണ്ടുപോയി. റിട്ടയർമെന്റ് ഒഴിവുകൾ നികത്തുന്നതിനുള്ള ഫയലുകളിൽ കൃത്യമായ കാരണംകൂടാതെ മാസങ്ങളോളം അനാവശ്യ കാലതാമസം വരുത്തുന്നത് സംബന്ധിച്ചും പരിശോധന നടത്തി. എയ്ഡഡ് വിദ്യാലയങ്ങൾ പ്രവേശനത്തിന‌് രസീത് നൽകാതെ വൻ തുക കൈപ്പറ്റുന്നെന്ന പരാതിയിൽ അന്വേഷണം തുടരുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും വിജിലൻസ് ഡിവൈഎസ്‌പി എ രാമചന്ദ്രൻ പറഞ്ഞു. 
ഈഗിൾ വാച്ച് എന്ന പേരിൽ നടന്ന പരിശോധനയിൽ എഎസ്ഐമാരായ ശ്രീനിവാസൻ, പി മോഹൻദാസ്, അസി. എൻജിനിയർ ടി മുഹമ്മദ് കബീർ, സിപിഒമാരായ പി പ്രജിത്ത്, കെ മണികണ്ഠൻ, റഫീഖ്‌ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top