18 February Monday
വിമാനത്താവള സ്വകാര്യവൽക്കരണം

ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല സത്യഗ്രഹം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
തിരുവനന്തപുരം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ടാക്സി ഡ്രൈവർമാർ പ്രക്ഷോഭത്തിലേക്ക‌്. സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ബുധനാഴ്ച മുതൽ ഡൊമസ‌്റ്റിക‌് എയർപോർട്ടിന‌് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന‌് ടാക്സി ഡ്രൈവർമാരുടെ കോ–- ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ വി ശിവൻകുട്ടി, ജന. കൺവീനർ വി എസ‌് ശിവകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  സ്വകാര്യവൽക്കരണം വിമാനത്താവളത്തിലെ 318 ടാക്സി ഡ്രൈവർമാർക്ക‌് തൊഴിൽനഷ്ടം വരുത്തുമെന്ന‌് അവർ പറഞ്ഞു. 
 
വിമാനത്താവളത്തിനായി സ്ഥലം വിട്ടുനൽകിയവരാണ‌് വിമാനത്താവളത്തിൽ സർവീസ‌് നടത്തുന്ന ഭൂരിഭാഗം ടാക്സി ഡ്രൈവർമാരും. ഇവരുടെ തൊഴിൽ സംരക്ഷിക്കുമെന്ന‌് അധികൃതരുമായുള്ള ചർച്ചയിൽ ഉറപ്പ‌് നൽകിയിരുന്നു. ബംഗളൂരു വിമാനത്താവളം സ്വകാര്യവൽക്കരിച്ചപ്പോൾ വൻകിട ടാക്സി സർവീസിന‌ാണ‌് കരാർ നൽകിയത‌്. ഇത്തരമൊരു സമീപനം ഇവിടെയും സ്വീകരിച്ചാൽ വമ്പൻ കമ്പനികളോട‌് പിടിച്ചുനിൽക്കാൻ കഴിയാതെ ഡ്രൈവർമാരിൽ നല്ലൊരു ഭാഗത്തിനും തൊഴിൽ നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും. 
രാജ്യത്ത‌്‌ ലാഭത്തിൽ പ്രവർത്തിക്കുന്ന ചുരുക്കം വിമാനത്താവളങ്ങളിൽ ഒന്നായ തിരുവനന്തപുരം വിമാനത്താവളം കോർപറേറ്റുകളെ സഹായിക്കാനാണ‌് കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കുന്നത‌്. സിയാൽ പോലുള്ള സംസ്ഥാന സർക്കാർ നിയന്ത്രിത കമ്പനികളെ ടെൻഡറിൽനിന്ന‌് അകറ്റി നിർത്താനാണ‌് കേന്ദ്രസർക്കാർ 3500 കോടി വാർഷിക വിറ്റുവരവ‌് എന്ന നിബന്ധന വച്ചത‌്. സംസ്ഥാന സർക്കാരിന‌് സ്വന്തമായ 653.08 ഏക്കർ സ്ഥലത്ത‌ാണ‌് വിമാനത്താവളം പ്രവർത്തിക്കുന്നത‌്. ഈ സ്ഥലവും സർക്കാർ വിഹിതമായി കണക്കാക്കിയാൽ 2920 കോടി വാർഷിക വിറ്റുവരവുള്ള സിയാലിന‌് ടെൻഡറിൽ പങ്കെടുക്കാൻ അനുമതി നൽകുന്നതിൽ തടസ്സം ഉണ്ടാകേണ്ടതില്ല. 
 
ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാനുള്ള സമയം 14ന‌് അവസാനിക്കും. 16ന‌് ടെൻഡർ തുറക്കും. പതിനെട്ടിനാണ‌് ടെക‌്നിക്കൽ ബിഡ‌്‌. 28നുള്ളിൽ ലേലം ഉറപ്പിക്കുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ സ്ഥാവരജംഗമ വസ്തുക്കൾ വിലയിരുത്താനെത്തിയ കേന്ദ്രസർക്കാർ സംഘത്തെ ജീവനക്കാർ തടഞ്ഞിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച‌് കെ ജയമോഹനൻ, ഗോപാലകൃഷ്ണൻ, സുദർശനൻ, നവാസ‌്, അബ‌്ദുൾ വാഹിദ‌് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top