ചെങ്ങന്നൂർ
പിണറായി സർക്കാരിന്റെ ആയിരംദിനം ആഘോഷങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡുകൾ മന്ത്രി ജി സുധാകരൻ നാടിന് സമർപ്പിച്ചു. നിർമാണം പൂർത്തീകരിച്ച വിവിധ കെട്ടിടങ്ങളും മന്ത്രി ഉദ്ഘാടനംചെയ്തു.
ചെങ്ങന്നൂരിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ബൈപാസ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ പാലങ്ങളുടെ നിർമാണവും ഏറ്റെടുക്കും. സംസ്ഥാനത്താകെ 1.05 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മരാമത്ത് വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. വികസനത്തിൽ മുൻനിരയിലുള്ള മണ്ഡലമായി ചെങ്ങന്നൂർ മാറിയെന്നും മന്ത്രി പറഞ്ഞു.
ആല, ചെറിയനാട് പഞ്ചായത്തുകളിലെ പ്രധാന റോഡുകളായ എസ്എൻ കോളേജ് – തുരുത്തിമേൽ റോഡ്, പുളിഞ്ചുവട് ആല അത്തലക്കടവ് റോഡ്, കടയിക്കാട് ഗുരുമന്ദിരം – ശിശു വിഹാർ റോഡ് എന്നിവയുടെ ഉദ്ഘാടനം തുരുത്തിമേൽ മാർക്കറ്റ് ജങ്ഷനിൽ മന്ത്രി ജി സുധാകരൻ നിർവഹിച്ചു. ചെങ്ങന്നൂർ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓപ്പൺ എയർ ഓഡിറ്റോറിയവും മന്ത്രി ഉദ്ഘാടനംചെയ്തു.
വെള്ളാവൂർ ജങ്ഷനിൽ നടന്ന യോഗത്തിൽ ടെമ്പിൾ റോഡ്, പുത്തൻവീട്ടിൽ പടി–- അങ്ങാടിക്കൽ ശബരിമല വില്ലേജ് റോഡ്, വെള്ളാവൂർ – പടിഞ്ഞാറേ നട റോഡ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
മുളക്കുഴ പിരളശേരി ജങ്ഷനിൽ നടന്ന യോഗത്തിൽ പിരളശേരി -പുത്തൻകാവ്, ചെങ്ങന്നൂർ ഐടിഐ – കിടങ്ങന്നൂർ റോഡുകൾ ഉദ്ഘാടനംചെയ്തു. മന്ത്രി ജി സുധാകരനെ ചെങ്ങന്നൂർ മഹാദേവക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു.
വിവിധ യോഗങ്ങളിൽ സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധമ്മ, നഗരസഭ വൈസ് ചെയർപേഴ്സൺ വത്സമ്മ എബ്രഹാം, എം എച്ച് റഷീദ്, എൻ എ രവീന്ദ്രൻ, വി വേണു, ജി വിവേക്, വി വി അജയൻ, പി കെ അനിൽ കുമാർ, ശോഭാവർഗീസ്, സുജ ജോൺ, പി ആർ പ്രദീപ് കുമാർ, ഷാളിനി രാജൻ, ദീപാസ്റ്റെനറ്റ്, വി കെ വാസുദേവൻ, പി ഉണ്ണികൃഷ്ണൻ നായർ, കെ ഡി രാധാകൃഷ്ണകുറുപ്പ്, പി വി ഐശ്വര്യ, മാത്യു വർഗീസ്, കെ എൻ ഹരിദാസ്, എബി ചാക്കോ, സാമുവേൽ ഐപ്പ്, പി ആർ വിജയകുമാർ, ആർഡിഒ അതുൽ എസ് നാഥ്, എഇഒ ആർ ബിന്ദു, ജി കൃഷ്ണകുമാർ, എ കെ പ്രസന്നൻ, ഡോ. രാജഗോപാൽ, ഷിബി സുനിൽ, ബി വിനു, പി ബി വിമൽ, പി വി ജൈനമ്മ എന്നിവർ സംസാരിച്ചു.