18 October Friday
പള്ളിപ്പുറത്ത‌് ഗുണ്ടാ ആക്രമണം

പെട്രോൾബോംബെറിഞ്ഞ‌് വീടും വാഹനങ്ങളും തകർത്തു

സ്വന്തം ലേഖകൻUpdated: Tuesday Feb 12, 2019
 
ചേർത്തല
പള്ളിപ്പുറത്ത‌് ഗുണ്ടാസംഘം പെട്രോൾബോംബ‌് എറിഞ്ഞ് വീടും വാഹനങ്ങളും തകർത്തു. ഗ‌ൃഹനാഥയുടെ കഴുത്തിൽ കത്തിവച്ച‌് ഭീഷണിപ്പെടുത്തി. പള്ളിപ്പുറം പഞ്ചായത്ത‌് അഞ്ചാംവാർഡിൽ കളത്തിൽ ക്ഷേത്രത്തിന‌് സമീപം പടിഞ്ഞാറേമംഗലത്ത് മുകുന്ദകുമാറിന്റെ വീട്ടിൽ ഞായറാഴ‌്ച രാത്രിയാണ‌് സംഭവം. ബോംബ‌് ഉൾപ്പെടെ മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം വീടിന്റെ വാതിലുകളും ജനാലകളും തകർത്തു. വീട്ടുവളപ്പിൽ പെട്രോൾബോംബ‌് എറിഞ്ഞ‌് കാറും സ‌്കൂട്ടറും തകർത്തു. ബന്ധുവും അയൽവാസിയുമായ സുമേഷിന്റേതാണ‌് കാർ. വീടിന്റെ ജനാലകളെല്ലാം അടിച്ചുതകർത്തു. വാതിൽ തകർത്ത‌് ഉള്ളിൽ പ്രവേശിച്ച അക്രമികൾ മുകുന്ദകുമാറിനെയും ഉഷാറാണിയെയും അസഭ്യംപറഞ്ഞ‌് മാരകായുധങ്ങൾ വീശി ഭീഷണിപ്പെടുത്തി.   ഉഷാറാണിയുടെ കഴുത്തിൽ കത്തിവച്ചശേഷം മകൻ അഭിജിത്തിനെ കൊല്ലുമെന്ന‌ും ഭീഷണിപ്പെടുത്തിയിട്ടുണ്ട‌്.  അഭിജിത്തിനെ ലക്ഷ്യംവച്ചാണ‌് അക്രമികൾ എത്തിയത‌്. ബഹളംകേട്ട് നാട്ടുകാർ എത്തിയതോടെ അക്രമിസംഘം സ്ഥലംവിട്ടു.
സംഭവസ്ഥലത്ത‌ുനിന്ന‌് പൊട്ടാത്ത രണ്ട‌് പെട്രോൾബോംബും ലൈറ്ററും മൊബൈൽഫോണും പൊലീസിന‌് ലഭിച്ചു. കടവിൽ മഹാലക്ഷ‌്മിക്ഷേത്ര ഉത്സവത്തിനിടെ രണ്ട‌ുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ‌് ആക്രമണമെന്ന‌് പൊലീസ‌് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പള്ളിപ്പുറത്തെ ചിലർ ഉൾപ്പെടെ ഇരുപതിൽപ്പരം പേർ ഉൾപ്പെട്ടതാണ‌് അക്രമിസംഘമെന്ന‌് പൊലീസിന‌് വിവരം ലഭിച്ചു. 
ബോംബ്‐ഡോഗ‌് സ‌്ക്വാഡുകളും വിരലടയാള വിദഗ‌്ധരും ശാസ‌്ത്രീയ പരിശോധനാ സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവം അതീവഗൗരവത്തോടെയാണ‌് പൊലീസ‌് കാണുന്നത‌്. അക്രമികൾക്കെതിരെ അതിശക്തമായ നടപടിക്ക‌് ജില്ലാ പൊലീസ‌് മേധാവി കെ എം ടോമി ചേർത്തല പൊലീസിന‌് നിർദേശംനൽകി. 
പ്രതികളെക്കുറിച്ച‌് ക‌ൃത്യമായ വിവരം ലഭിച്ചെന്നും പിടികൂടാൻ പൊലീസ‌് സംഘങ്ങൾ വിവിധയിടങ്ങളിൽ അന്വേഷിക്കുകയാണെന്ന‌ും ചേർത്തല സിഐ പി ശ്രീകുമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top