19 March Tuesday

വികസന പദ്ധതികൾ ഉപേക്ഷിക്കില്ല: മന്ത്രി ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

തിരുവല്ല ബൈപ്പാസ് നിർമാണവും ടൗണിലെ എംസി റോഡ് നവീകരണവും മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

 

 
തിരുവല്ല
വികസന പദ്ധതികളൊന്നും ഉപേക്ഷിക്കില്ലെന്നും സമയബന്ധിതമായി അവ പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. തിരുവല്ല ബൈപ്പാസ് നിർമാണത്തിന്റെ പുനരാരംഭവും ടൗണിലെ എംസി റോഡിന്റെ നവീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
  മുൻ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കേണ്ടിയിരുന്ന ബൈപ്പാസ് നിർമാണമാണ് എൻജിനീയർമാരുടെ പിഴവുമൂലം പൂർത്തിയാക്കാൻ കഴിയാതെ പോയത്. കരാറുകാർ ഉപേക്ഷിച്ചുപോയ പദ്ധതി വീണ്ടും ലോകബാങ്ക് സഹായത്തോടെ ഏറ്റെടുത്ത് പൂർത്തീകരിക്കുന്നതിന് വളരെ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ട്. രൂപകൽപ്പനയിലെ പിഴവുകളും സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച കേസുകളുമാണ് തിരുവല്ല ബൈപ്പാസ് നിർമാണത്തെ തടസ്സപ്പെടുത്തിയത്. 
 തിരുവല്ല അസംബ്ലി മണ്ഡലത്തിൽ റോഡുകൾക്കും പാലങ്ങൾക്കും മാത്രമായി 500 കോടിയുടെ പദ്ധതികളാണ് നടന്നുവരുന്നത്. മുൻ സർക്കാർ നടപ്പാക്കേണ്ടിയിരുന്ന ബൈപ്പാസിന് ഇപ്പോൾ 24 കോടി അധിക ചെലവ് ഉണ്ടായിരിക്കുകയാണ്. പദ്ധതികളൊന്നും ഉപേക്ഷിക്കുകയില്ല. എന്നാൽ, പിഴവ് വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകും. നിർമാണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ഇതുസംബന്ധിച്ച് അന്വേഷണങ്ങളും നടത്തും. ഇപ്പോൾ വിജിലൻസ് അന്വേഷണം നടന്നുവരുന്നുണ്ട്. പെൻഷനായി പിരിഞ്ഞാലും അവർ അന്വേഷണത്തെ നേരിടേണ്ടിവരും. സാധാരണ വികസന പ്രവർത്തനങ്ങളിൽ 40 ശതമാനത്തോളം അധികം തുക കാണിച്ച് ടെൻഡർ പിടിച്ചിരുന്ന രീതി കരാറുകാർ ഉപേക്ഷിച്ചിട്ടുണ്ട്. സർക്കാർ അനുവദിക്കുന്നതിനേക്കാൾ താഴെയാണ് ഇപ്പോൾ അവർ ടെൻഡർ പിടിക്കുന്നത്. ഉദ്യോഗസ്ഥർക്കോ രാഷ്ട്രീയക്കാർക്കോ കൈക്കൂലി കൊടുക്കേണ്ട അവസ്ഥ ഇപ്പോഴില്ല. ഒമ്പത് മാസംകൊണ്ട് ബൈപ്പാസിന്റെയും മഴുവങ്ങാട് മുതൽ രാമഞ്ചിറ വരെയുള്ള വിട്ടുകളഞ്ഞ എംസി റോഡിന്റെയും നവീകരണം പൂർത്തിയാക്കി മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 
 2019ൽ എല്ലാ കടമ്പകളും മറികടന്ന് തിരുവല്ലയുടെ വികസനം പൂർണമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. രൂപകൽപ്പനയിലെ പിഴവുകാരണം കരാറുകാർ ഉപേക്ഷിച്ചുപോയ വികസന പ്രവർത്തനം ലോകബാങ്കിന്റെ സഹായത്തോടെ വീണ്ടും നടപ്പാക്കാൻ കഴിയുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് എംഎൽഎ പറഞ്ഞു. ഇക്കാര്യത്തിൽ വേണ്ടത്ര പ്രാധാന്യത്തോടെ ഇതിന് മുൻകൈയെടുത്ത ജി സുധാകരനെ മാത്യു ടി അഭിനന്ദിച്ചു.
 തിരുവല്ല കെ ഐ കൊച്ചീപ്പൻമാപ്പിള ഓപ്പൺ എയർ സ്റ്റേജിൽ വെള്ളിയാഴ്ച വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ കെഎസ്ടിപി സൂപ്രണ്ടിങ് എൻജിനീയർ എം അൻസാർ റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ സി രാഗേഷ് സ്വാഗതം പറഞ്ഞു. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ നഗരസഭയുടെ ഉപഹാരം മന്ത്രിക്ക് നൽകി. മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത സന്നിഹിതനായിരുന്നു. 
 
പ്രധാന വാർത്തകൾ
 Top