19 March Tuesday
പൊട്ടില്ലെന്ന‌് ഉറപ്പില്ല

ആശങ്ക ചോരാതെ ആലപ്പുഴ കുടിവെള്ളപദ്ധതി

സ്വന്തം ലേഖകൻUpdated: Saturday Jan 12, 2019

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കരുമാടിയിൽ സ്ഥാപിച്ച കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്‌

 

 
ആലപ്പുഴ
ചോർച്ച താൽക്കാലികമായി അടച്ചെങ്കിലും ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ആശങ്ക ചോരുന്നില്ല. അടിക്കടി പൊട്ടുന്ന പൈപ്പുമാറ്റി സ്ഥാപിക്കലാണ‌് ശാശ്വതപരിഹാരം. പക്ഷെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ മൂന്നുമാസമെടുക്കുമെന്നാണ‌് ജലവിഭവവകുപ്പ‌് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.  
 2017ൽ തുടക്കമിട്ട പദ്ധതി പൂർണതോതിലും പരാതിരഹിതമാക്കാനും കഴിയാത്തത‌ാണ‌് ഇപ്പോഴും തുടരുന്ന പോരായ‌്മ. കരുമാടിയിലെ ജലശുദ്ധീകരണശാലയുടെ പ്രവർത്തനവും കുറ്റമറ്റതല്ല. ഇവിടെ ശുദ്ധീകരണപ്രക്രിയ വേണ്ടത്ര നിലവാരത്തിൽ നടക്കുന്നില്ലെന്നാണ‌് ആക്ഷേപം. പലപ്പോഴും കലക്കവെള്ളം പൈപ്പിൽ എത്തുന്നുമുണ്ട‌്.    
ഏതാനും മാസത്തിനിടെ പൈപ്പ‌് എത്രതവണ പൊട്ടിയെന്ന‌് ജല അതോറിറ്റിക്ക‌് പോലും കണക്കുണ്ടാകില്ല. ഒരുസ്ഥലത്ത‌് ചോർച്ച അടക്കുമ്പോൾ അപ്പുറം പൊട്ടും. ഇത‌് കാലങ്ങളായി തുടരുന്നു. കേളമംഗലംമുതൽ തകഴി റെയിൽവേക്രോസ‌്‌വരെയുള്ള ഒരുകിലോമീറ്ററിലാണ‌് നിരന്തരമായ പൈപ്പുപൊട്ടൽ. പൈപ്പിന്റെ തകരാറല്ല, പൊട്ടലിന‌് കാരണമെന്ന‌് വിദഗ‌്ധ പരിശോധനയിലെല്ലാം കണ്ടെത്തി. രാജസ്ഥാനിൽനിന്നുള്ള ‘പുർമ’ കമ്പനിയുടെ പൈപ്പാണ‌് പൊട്ടുന്നത‌്. കെമിക്കൽ ഘടനയിൽ മാറ്റമുണ്ടോയെന്നറിയാൻ ഏലൂരിലെ  കേന്ദ്രസ്ഥാപനമായ പോളിമർ റിസർച്ച‌് ഇൻസ‌്റ്റിറ്റ്യൂട്ടിലും ജലസമ്മർദം താങ്ങാതെയാണോ പൊട്ടലെന്നറിയാൻ 
ഗോവയിലും പരിശോധിച്ചിട്ടും പൈപ്പിന്റെ ഗുണമേൻമയിലോ നിർമാണത്തിലോ പിഴവ‌് കണ്ടെത്താനായില്ല. അതാണ‌് ശാശ്വതപരിഹാരമായി പൈപ്പ‌് മാറ്റിയിടാനുള്ള തീരുമാനം. പദ്ധതിയുടെ കരാർ കാലാവധി കഴിയാത്തതിനാൽ കരാറുകാരന‌് ഇക്കാര്യം ആവശ്യപ്പെട്ട‌് നോട്ടീസ‌് അയച്ചു. എന്നാൽ ഭാരിച്ച ചെലവ‌ുള്ളതിനാൽ കരാറുകാരൻ പ്രതികരിക്കുന്നില്ല. കരാർവ്യവസ്ഥയുടെ നിയമവശം പരിശോധിച്ചായിരിക്കും കരാറുകാരനുമായി ബന്ധപ്പെട്ട തുടർനടപടി. നാട്ടുകാർക്ക‌് വെള്ളം കൊടുക്കേണ്ടത‌് അത്യാവശ്യമായതിനാൽ നിയമയുദ്ധമുണ്ടായാൽ തീർപ്പുവരെ കാത്തിരിക്കാനാകില്ല. ജല അതോറിറ്റി ടെൻഡർ നടപടികളിലേക്ക‌് നീങ്ങുന്നതും അതുകൊണ്ടാണ‌്. പുതിയ പൈപ്പിടാൻ ഏകദേശം നാലുകോടി രൂപയാണ‌് എസ‌്റ്റിമേറ്റ‌്. പൈപ്പിടാൻ വെട്ടിപ്പൊളിക്കുന്ന റോഡ‌് പുനർനിർമിക്കാനുള്ള ചെലവും കൂടുമ്പോൾ  ആറുകോടി കടക്കും. ഫണ്ട‌് വകയിരുത്തുന്നതടക്കമുള്ള കാര്യങ്ങളിലും വ്യക്തത വരാനുണ്ട‌്.       
 ആലപ്പുഴ നഗരസഭയും സമീപത്തെ  പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം പഞ്ചായത്തുകൾക്കുമായി വിഭാവനംചെയ‌്തതാണ‌് ആലപ്പുഴ കുടിവെള്ള പദ്ധതി.   പമ്പാനദിയിലെ കടപ്രയിൽനിന്ന‌് എത്തിക്കുന്ന വെള്ളം കരുമാടിയിലെ പ്ലാന്റിലെത്തിച്ച‌് ശുദ്ധീകരിച്ചാണ‌് വിതരണം. 2036 വർഷം വരെയുള്ള ആവശ്യം കണക്കുകൂട്ടി 620 ലക്ഷം ലിറ്ററാണ് പ്ലാന്റിന്റെ പ്രതിദിന ശുദ്ധീകരണശേഷി. എന്നാൽ ഇപ്പോൾ ആവശ്യകത അത്രയുമില്ലാത്തതിനാൽ 300 ലക്ഷം ലിറ്റർമാത്രമാണ‌് വിതരണം. കടപ്രയിൽനിന്ന‌് പ്ലാന്റിലേക്ക‌് മണിക്കൂറിൽ 20 ലക്ഷം ലിറ്റർ വെള്ളം പമ്പ‌്ചെയ്യുന്നുണ്ട‌്. പൈപ്പ‌് പൊട്ടുമോയെന്ന ആശങ്കയുള്ളതിനാൽ ഇടവിട്ടാണ‌് പമ്പിങ‌്. തുടർച്ചയായി നാല‌് മണിക്കൂർ വരെയും. ഈ വെള്ളം കരുമാടി പ്ലാന്റിൽ പരിശോധിക്കാനുള്ള ലാബ‌് സൗകര്യം അപര്യാപ‌്തമാണ‌്. വെള്ളം പരിശോധിച്ച‌് ആവശ്യമായ ഘടകങ്ങൾ ചേർക്കണമെന്ന‌് നിർദേശിക്കാൻ കെമിസ‌്റ്റിനെ പ്ലാന്റിൽ നിയോഗിക്കണം. ലാബിൽ കുറഞ്ഞത‌് രണ്ട‌് വിദഗ‌്ധരുടെ സേവനവും ആവശ്യമുണ്ട‌്. ഇപ്പോൾ മതിയായ ജീവനക്കാരില്ല. ജല അതോറിറ്റിയുടെ മുഴുവൻസമയ നിരീക്ഷണവും പ്ലാന്റിൽ ഇല്ല. ഇതാണ‌് ഗുണനിലവാരം കുറഞ്ഞ വെള്ളം വിതരണംചെയ്യാൻ ഇടയാക്കുന്നതെന്നാണ‌് ആക്ഷേപം. ജപ്പാൻകുടിവെള്ള പദ്ധതിയുടെ ഭാഗമായ ചേർത്തല പ്ലാന്റിലെ പ്രവർത്തനം മികച്ച നിലവാരത്തിൽ പ്രവർത്തിക്കുമ്പോഴാണ‌് ഈ സ്ഥിതി. 
പ്രധാന വാർത്തകൾ
 Top