13 December Friday
മഹാ ചുഴലിക്കാറ്റ്‌

ലക്ഷദ്വീപിൽ കുടുങ്ങിയ ബോട്ട്‌ നാട്ടിലെത്തിക്കാൻ സഹായം തേടി മത്സ്യത്തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

കൽപ്പേനി ദ്വീപിൽ കുടുങ്ങിയ ബോട്ടും തൊഴിലാളികളും

കോവളം
ചുഴലിക്കാറ്റിൽ  ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപിലേക്ക് ഇടിച്ചു കയറിയ മൽസ്യബന്ധന ബോട്ടിനെ നാട്ടിലെത്തിക്കാൻ സഹായം തേടി മത്സ്യത്തൊഴിലാളികൾ. ഒരുമാസം മുമ്പ്‌ വിഴിഞ്ഞം, അടിമലത്തുറ ഭാഗത്തു നിന്നുള്ള പത്ത്‌ മത്സ്യത്തൊഴിലാളികളാണ്‌ അറബിക്കടലിൽ മത്സ്യബന്ധനത്തിനായി പോയത്‌. മഹാ ചുഴലിക്കാറ്റിൽപ്പെട്ട്‌ കൽപ്പേനിയിൽ ബോട്ട്‌ ഇടിച്ചു കയറുകയായിരുന്നു.  
 
 മണ്ണിൽ ഉറച്ചുപോയ ബോട്ട് എൻഐഒടിയുടെ ബലൂൺ സാങ്കേതികവിദ്യയുപയോഗിച്ച്‌ തിരിച്ച്‌ കടലിലിറക്കിയെങ്കിലും യന്ത്രത്തകരാറും കേടുപാടും മൂലം ബോട്ട് ഇപ്പോൾ തിരികെ നാട്ടിലെത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സാരമായ കേടുപാടുകൾ പറ്റിയതോടെ ബോട്ടിനുള്ളിലേക്ക് കടൽവെള്ളം കയറുകയാണ്. ബോട്ട് അറ്റകുറ്റപ്പണികൾ ചെയ്യാൻ ദ്വീപിൽ സൗകര്യമില്ല. ബോട്ട് തമിഴ്നാട് രജിസ്‌ട്രേഷനായതിനാൽ സംസ്ഥാന ഫിഷറീസ് വകുപ്പിന്‌ പരിമിതികളുണ്ട്‌. ബോട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത് തമിഴ്നാട്ടിലാണെങ്കിലും അതിന്റെ ഉടമസ്ഥരായ സെൽവരാജ്, അലക്സാണ്ടർ എന്നിവർ തിരുവനന്തപുരം സ്വദേശികളാണ്‌.  നാട്ടിൽനിന്ന് ഏതെങ്കിലും ബോട്ട് ദ്വീപിലേക്കുപോയി അപകടത്തിൽപ്പെട്ട ബോട്ടിനെ വലിച്ചു തിരികെ എത്തിക്കുക മാത്രമാണ് പോംവഴി എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. എന്നാൽ, ഇത്തരത്തിൽ ഒരു ബോട്ട് പോയി തിരികെ വരാൻ ഏകദേശം ഒന്നരലക്ഷം രൂപയോളം ചെലവ് വരും. കൽപ്പേനി ദ്വീപിലെ ഒരു സംഘം ഇത്തരത്തിൽ നാട്ടിലേക്ക് അകമ്പടി പോകാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും വൻ തുക പ്രതിഫലം നൽകേണ്ടി വരും.
പ്രധാന വാർത്തകൾ
 Top