13 December Friday

കൃഷിനാശം: കർഷകർക്ക്‌ നഷ്ടപരിഹാരം നൽകണം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

കർഷകസംഘം പനത്തടി ഏരിയാ സമ്മേളനം ജില്ലാ പ്രസിഡന്റ്‌ പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു,- ഉദുമ ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം വി കോമൻ നമ്പ്യാർ ഉദ്‌ഘാടനം ചെയ്യുന്നു

രാജപുരം
കാലവർഷത്തിൽ കൃഷി നശിച്ച മുഴുവൻ കർഷകർക്കും ഉടൻ  നഷ്ടപരിഹാരം നൽകണമെന്ന്  കർഷക സംഘം പനത്തടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മലയോര മേഖലയിൽ ഉൾപ്പെടെ ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും നിരവധി കർഷകരുടെ ഏക്കർ കണക്കിന് കൃഷി ഭൂമിയാണ് നശിച്ചത്. കമുങ്, തെങ്ങ്, റബ്ബർ, വാഴ ഉൾപ്പെടെ ഉള്ള നൂറ് കണക്ക് കൃഷികളാണ് കാറ്റിലും മഴയിലും നശിച്ചത്. 
കർഷകർക്കുണ്ടായ നാശം സംബന്ധിച്ച് കർഷകർ ബന്ധപ്പെട്ട കൃഷി ഓഫീസുകളിൽ അപേക്ഷ നൽകിയെങ്കിലും ഇതു വരെയായി കർഷകർക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. കർഷിക മേഖലയെ ആശ്രയിച്ച് ജീവിതം കഴിയുന്ന നിരവധി കർഷകരാണ് ധനസഹായം വൈകുന്നത് മൂലം കഷ്ടത അനുഭവിക്കുന്നത്. തായന്നൂർ സാംസ്കാരിക നിലയത്തിൽ എ പി പുരുഷോത്തമൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ്‌ പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യു ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. 
ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി കോരൻ സംഘടന റിപ്പോർട്ടും,  ഏരിയ സെക്രട്ടറി ബാനം കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ടി വേണുഗോപാലൻ രക്തസാക്ഷി പ്രമേയവും, വി കരുണാകരൻ നായർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണൻ,  കെ കണ്ണൻ, യു തമ്പാൻ നായർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി ഗംഗാധരൻ സ്വാഗതം പറഞ്ഞു.   
കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാത മെക്കാഡം ടാറിങ്ങ്‌ പണി ഉടൻ ആരംഭിക്കുക, റബ്ബറിന് 200 രൂപ തറ വില നിശ്ചയിക്കുക, വന്യജീവി ശല്യം തടയുക, തേങ്ങയ്ക്ക് കിലോയ്ക്ക് 50 രൂപ തറ വില നിശ്ചയിക്കുക  എന്നീ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. 
ഭാരവാഹികൾ: യു ഉണ്ണികൃഷ്ണൻ (പ്രസിഡന്റ) പി വി ചന്തു, പി എൽ വിനോദ് കുമാർ (വൈസ് പ്രസിഡന്റ്) ടി വേണുഗോപാലൻ ( സെക്രട്ടറി)  പി അപ്പക്കുഞ്ഞി,  കെ എ പ്രഭാകരൻ  (ജോയിന്റ്‌ സെക്രട്ടറി) ബാനം കൃഷ്ണൻ (ട്രഷറർ).
കോളിയടുക്കം
പ്രകൃതിക്ഷോഭത്തെതുടർന്ന്‌   കർഷകർക്കുണ്ടായ നാശ നഷ്ടങ്ങൾക്ക്‌ മതിയായ നഷ്ടപരിഹാരം നൽകണമെന്ന്‌ കർഷക സംഘം ഉദുമ ഏരിയാ സമ്മേളനം ആവശ്യപെട്ടു. 
ചിത്താരിപ്പുഴയിലെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കുക,  നെൽകൃഷിയും ക്ഷീര മേഖലയും തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപെടുത്തുക,  ജില്ലാ കേന്ദ്രങ്ങളിൽ നെല്ല്‌ സംവരണ സംസ്‌കരണ കേന്ദ്രം ആരംഭിക്കുക തുടങ്ങിയാവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. കോളിയടുക്കത്ത്‌ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം വി കോമൻ നമ്പ്യാർ ഉദ്‌ഘാടനം ചെയ്‌തു.  ഇ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.  
എൻ വി ബാലൻ  രക്തസാക്ഷി പ്രമേയും സി ഭാർഗവി അനുശോചന പ്രമേയും കുന്നൂച്ചി കുഞ്ഞിരാമൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ കുഞ്ഞിരാമൻ എംഎൽഎ, എ ചന്ദ്രശേഖരൻ, പി പത്മനാഭൻ, ടി വി കുഞ്ഞികൃഷ്‌ണൻ, ബി ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. 
സംഘാടകസമിതി ചെയർമാൻ ഇ മനോജ്‌കുമാർ സ്വാഗതവും കൺവീനർ എ നാരായണൻ നായർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇ കുഞ്ഞിക്കണ്ണൻ (പ്രസിഡന്റ്‌), എ നാരായണൻ നായർ, പി കെ അബ്ദുള്ള (വൈസ്‌ പ്രസിഡന്റ്‌), കുന്നൂച്ചി കുഞ്ഞിരാമൻ (സെക്രട്ടറി),  എം  കുമാരൻ, പി  ഇന്ദിര ( ജോയിന്റ്‌ സെക്രട്ടറി), എൻ വി ബാലൻ (ട്രഷറർ). 
 
 
പ്രധാന വാർത്തകൾ
 Top