23 March Saturday

പ്രവാസി പുനരധിവാസ പദ്ധതി: വായ്പ 30 ലക്ഷമായി ഉയർത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

 പത്തനംതിട്ട

തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസിയുടെ പുനരധിവാസത്തിനായുള്ള പ്രവാസി പുനരധിവാസ പദ്ധതിയുടെ വായ്പ തുക 20 ലക്ഷം രൂപയിൽ നിന്നും 30 ലക്ഷം രൂപയായി ഉയർത്തിയെന്നും പ്രാഥമിക സഹകരണ ബാങ്കുകളുടെ പങ്കാളിത്തം ഉറപ്പു വരുത്തി പദ്ധതി വിപുലീകരിക്കുമെന്നും നിയമസഭാ സമിതി ചെയർമാൻ കെ വി അബ്ദുൾ ഖാദർ എംഎൽഎ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ സിറ്റിംഗിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നിലവിൽ പൊതുമേഖലാ ബാങ്കുകളുടെ മുമ്പാകെയുള്ള പ്രവാസി പുനരധിവാസ പദ്ധതി പ്രകാരമുള്ള അപേക്ഷകളിൻമേൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളെ പദ്ധതിയുടെ ഭാഗമാക്കുന്നത്. ഇതുസംബന്ധിച്ച് ചർച്ച നടത്തുകയും കാർഷിക ഭൂപണയ ബാങ്കുകൾ തത്വത്തിൽ പദ്ധതി നിബന്ധനകൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പട്ടികവിഭാഗ വികസന കോർപ്പറേഷൻ, പിന്നാക്ക വികസന കോർപ്പറേഷനുകൾ എന്നിവയുടെ സഹകരണവും ഉറപ്പാക്കും. കൂടാതെ ദേശസാത്കൃത ബാങ്കുകളുടെ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താൻ സംസ്ഥാന സർക്കാർ ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളാകാതെ വിദേശത്ത് ജോലി നോക്കുന്നവരെ പദ്ധതിയുടെ ഭാഗമാക്കാൻ വലിയ തോതിലുള്ള പ്രചാരണം സംഘടിപ്പിക്കുന്ന കാര്യം സമിതിയുടെ പരിഗണനയിൽ ഉണ്ട്. പലപ്പോഴും ജോലി മതിയാക്കി നാട്ടിലെത്തുമ്പോഴാണ് പ്രവാസി പെൻഷൻ പോലുള്ള പദ്ധതികളെക്കുറിച്ച് അറിയുന്നത്. ഇത് ഒഴിവാക്കാൻ ഊർജിതമായ പ്രചാരണം സംഘടിപ്പിക്കും. 34 ലക്ഷത്തിൽ അധികം പ്രവാസികൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ കേവലം മൂന്നര ലക്ഷത്തോളം പേർ മാത്രമേ പ്രവാസി ക്ഷേമ പദ്ധതിയിൽ അംഗമായിട്ടുള്ളു എന്നത് ഇതിന് ഉദാഹരണമാണ്. മാസം 100 രൂപ മാത്രമാണ് പെൻഷൻ വിഹിതമായി വേണ്ടത്. എന്നാൽ പ്രായമാവുമ്പോൾ നല്ലൊരു തുക പെൻഷനായി ലഭിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും ചെയർമാൻ പറഞ്ഞു. ക്ഷേമനിധി പ്രവാസികളിൽ നിന്നും പിരിച്ചെടുക്കാൻ പുറമേ നിന്നും ഒരു സംഘടനകളെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരത്തിൽ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ചെയർമാൻ പറഞ്ഞു.  നിലവിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള ക്ഷേമനിധിയുടെ ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ ജില്ലയിൽ സ്ഥിരം ഓഫീസ് സംവിധാനം ഒരുക്കുന്ന കാര്യം പരിഗണിക്കും.  പ്രവാസികളുടെ പരാതികൾ കേൾക്കാനും അവർക്ക് നിർദേശങ്ങളും വിവരങ്ങളും നൽകാനും സാധിക്കുന്ന തരത്തിലുള്ള ഓഫീസ് സംവിധാനമാണ് ലക്ഷ്യമിടുന്നത്. പ്രവാസികളുടെ ഇൻഷുറൻസ് തിരികെയെത്തുന്നവർക്കും ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. കേന്ദ്രസർക്കാരിന്റെ അനുമതികൂടി ഉണ്ടെങ്കിൽ വളരെയേറെ ആകർഷകമായ രീതിയിൽ ക്ഷേമനിധി പരിഷ്‌കരിക്കാൻ സാധിക്കും. പ്രവാസികളുടെ ഭവന നിർമാണ പദ്ധതികൾ ഉൾപ്പെടെ അവരുടെ ക്ഷേമം ഉറപ്പു വരുത്തുന്ന ഒട്ടേറെ പദ്ധതികൾ മുഖ്യമന്ത്രി ഉടൻ പ്രഖ്യാപിക്കുമെന്നും ചെയർമാൻ യോഗത്തെ അറിയിച്ചു. 
എം രാജഗോപാലൻ എംഎൽഎ, വി അബ്ദുറഹിമാൻ എംഎൽഎ, നോർക്കാ    റൂട്‌സ് റിക്രൂട്ട്‌മെന്റ് മാനേജർ അജിത് കൊളശേരി, ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ, വിവിവിധ പ്രവാസി സംഘടനാ ഭാരവാഹികൾ, പ്രവാസികൾ തുടങ്ങിയവർ പങ്കെടുത്തു.  കലക്ടർ പി ബി നൂഹ് സ്വാഗതവും എഡിഎം പി റ്റി എബ്രഹാം നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top