17 September Tuesday

ബോട്ടുകളെത്തി; വേളിയിൽ അടിച്ചുപൊളിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

വേളിയിൽ നീറ്റിൽ ഇറക്കിയ ബോട്ടിൽ മന്ത്രിയും മിത്രയെന്ന കുട്ടിയും ആദ്യസവാരി നടത്തുന്നു

വഞ്ചിയൂർ
വേളിയിലെ വാട്ടര്‍സ്പോര്‍ട്‌സിലെത്തിയ പുതിയ ബോട്ടുകള്‍  ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  ഉദ്ഘാടനംചെയ്‌തു. ടൂറിസം വകുപ്പ് വാങ്ങിയ രണ്ടു സ്പീഡ് ബോട്ടുകളുടെയും അഞ്ച് പെഡല്‍ ബോട്ടുകളുടെയും ഫ്ലാഗ് ഓഫും ആദ്യയാത്രയും മന്ത്രി നിർവഹിച്ചു. ചടങ്ങ് കാണാനെത്തിയ മിത്രയെന്ന കൊച്ചുമിടുക്കിയെ ആദ്യ സവാരിയില്‍ മന്ത്രി ഒപ്പംകൂട്ടി. ആദ്യ ബോട്ടിന് മിത്രയെന്ന പേര് നല്‍കാനും രണ്ടാമത്തെ ബോട്ടിന് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ഉത്രാടമെന്ന പേര് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.
 
വേളിയുടെ വിനോദസഞ്ചാരസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ആകെ മൂന്ന് സ്പീഡ് ബോട്ടും അഞ്ച് പെഡല്‍ ബോട്ടും ഒരു സോളാര്‍ അസിസ്റ്റഡ്‌ സഫാരി ബോട്ടും സുരക്ഷയുടെ ഭാഗമായി നൂറ് ലൈഫ് ജാക്കറ്റുകളുമാണ് വാങ്ങുന്നത്. 1.46 കോടി രൂപയാണ് ഇതിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അനുവദിച്ചത്. ഇപ്പോള്‍ അഞ്ച് പെഡല്‍ ബോട്ടും രണ്ട് സ്പീഡ് ബോട്ടുകളുമാണ് എത്തിയത്. ഇതിനോടൊപ്പം ലൈഫ് ജാക്കറ്റും എത്തിക്കഴിഞ്ഞു. കൂടാതെ കെടിയുസിയുടെ ഫണ്ടില്‍നിന്ന് 50 ലൈഫ് ബോയിയും എത്തിയിട്ടുണ്ട്.
സോളാര്‍ അസിസ്റ്റഡ് സഫാരി ബോട്ടിന്റെ രൂപകല്‍പ്പനയും മറ്റും നിര്‍വഹിക്കുന്നത് കൊച്ചിന്‍ യൂണിവേഴ്സിറ്റിയാണ്. ഇതിന്റെ നിര്‍മാണം ഏതാനും മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കും. വേളിയുടെ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി ഇതിനകം വിവിധ പദ്ധതിക്കായി 44 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞുവെന്നും കേരളത്തില്‍ ആദ്യമായി വേളിയില്‍ ട്രെയിന്‍ സർവീസ് നടത്തുന്നതിനുള്ള പണി ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ട്രെയിന്‍ സർ‌വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. 
 
ഇക്കോപാര്‍ക്ക്, അര്‍ബന്‍ പാര്‍ക്ക് എന്നിവയുടെയും മറ്റും നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു.  ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. കൂടാതെ മറ്റ് ചില വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭരണാനുമതിയും ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്–- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top