15 October Tuesday
മന്ത്രി താക്കോല്‍ കൈമാറി

നാടോർമിച്ചു; രമണിക്ക്‌ വീടായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

ദേവസ്വം ബോർഡിന്റെ ശരണാലയം പദ്ധതിപ്രകാരം നിർമിച്ച വീടിന്റെ താക്കോൽ രമണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറുന്നു. സി കെ ഹരീന്ദ്രൻ എംഎൽഎ സമീപം

വെള്ളറട
1981ലെ ഏറ്റുമാനൂർ ക്ഷേത്രമോഷണക്കേസിലെ പ്രതിയെ കണ്ടെത്താൻ കാരണക്കാരിയായ രമണിക്ക്  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശരണാലയം പദ്ധതിപ്രകാരം നിർമിച്ച വീടിന്റെ താക്കോൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കോളിളക്കം സൃഷ്ടിച്ച ഏറ്റുമാനൂർ വിഗ്രഹക്കവർച്ചയ്‌ക്ക്‌ മോഷ്ടാവ് കമ്പിപ്പാര പൊതിയാൻ ഉപയോഗിച്ച പേപ്പറാണ്‌ രമണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്‌. ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്ന രമണി സമീപത്തെ കടയിൽ വിറ്റ നോട്ട്‌ബുക്കിലെ പേപ്പറാണ്‌ മോഷ്ടാവ്‌ ഉപയോഗിച്ചത്‌. പേപ്പറിൽ രമണിയുടെ പേരും ക്ലാസും പാറശാലയിലെ സ്കൂളിന്റെ പേരുമെഴുതിയിരുന്നു. 
 
ഈ കടലാസ് ക്ഷേത്രപരിസരത്തുനിന്ന് ലഭിച്ചതോടെയാണ് ധനുവച്ചപുരം നിവാസിയായ മോഷ്ടാവിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞത്. ഏറെ വിവാദമായ മോഷണമായതിനാൽ  അന്വേഷണവും ശ്രദ്ധേയമായിരുന്നു. അന്ന്  രമണിക്ക് പല വാഗ്ദാനവും ലഭിച്ചിരുന്നെങ്കിലും നടപ്പായില്ല. ഒരുവർഷംമുമ്പ്‌ രമണിയുടെ ഭർത്താവ് മരിച്ചു. സി കെ ഹരീന്ദ്രൻ എംഎൽഎയാണ് രമണിയെ തിരിച്ചറിഞ്ഞത്. അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എ പത്മകുമാറിനെ അറിയിച്ചു. തുടർന്ന് ദേവസ്വം ബോർഡിന്റെ ശരണാലയം പദ്ധതിയിലുൾപ്പെടുത്തി
 
വീടുനൽകാമെന്ന് പ്രസിഡന്റ്‌ വാഗ്ദാനംചെയ്തു. ഉണ്ണിക്കൃഷ്ണൻ പോറ്റി, രമേശ്റാവു എന്നിവർ നിർമാണച്ചെലവ് ഏറ്റെടുത്തു. കഴിഞ്ഞ ഫെബ്രുവരി 21നു വീടിന്‌ ശിലയിട്ടു.
താക്കോൽദാനച്ചടങ്ങിൽ ദേവസ്വം ബോർഡ് മെമ്പർമാരായ കെ പി ശങ്കരദാസ്, എൻ വിജയകുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ, പെരുങ്കടവിള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സുജാതകുമാരി, വെള്ളറട പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ശോഭകുമാരി, വൈസ്‌പ്രസിസിഡന്റ്‌ സി ജ്ഞാനദാസ്, വാർഡ് മെമ്പർമാരായ തങ്കപ്പൻ നായർ, സജിതകുമാരി, സിപിഐ എം വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി, കിളിയൂർ ലോക്കൽ സെക്രട്ടറി പനച്ചമൂട് ഉദയൻ, വെള്ളറട ലോക്കൽ സെക്രട്ടറി വി സനാതനൻ തുടങ്ങിയവർ സംസാരിച്ചു.
വീടുനിർമാണച്ചെലവ്‌ നിർവഹിച്ച എൻ ഉണ്ണികൃഷ്ണൻ പോറ്റി, രമേശ്റാവു എന്നിവരെ യോഗത്തിൽ അനുമോദിച്ചു. ദേവസ്വം ബോർഡ് കമീഷണർ എം ഹർഷൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top