കൽപ്പറ്റ
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ വയനാട്ടിൽ അരങ്ങേറിയത് ഐതിഹാസികമായ പഴശ്ശി കലാപങ്ങളാണ്. രക്തരൂക്ഷിത പോരാട്ടത്തിൽ അവസാനശ്വാസംവരെയും പഴശ്ശി രാജാവിന് താങ്ങും തണലുമായി എടച്ചന കുങ്കൻ എന്ന വയനാട്ടുകാരനായ സേനാത്തലവൻ നിലയുറപ്പിച്ചു. വൈദേശികാധിപത്യത്തിനെതിരെ ധീരതയോടെ പൊരുതിയ ഈ ദേശാഭിമാനിയെ സ്വാതന്ത്ര്യത്തിന്റെ എഴുപ്പത്തിയഞ്ചാം വാർഷികാഘോഷവേളയിൽ വിസ്‌മരിക്കാനാവില്ല.
1793 മുതൽ 1797 വരെയുള്ള കാലഘട്ടമാണ് പഴശ്ശി കലാപത്തിന്റെ ഒന്നാം ഘട്ടം. നിരന്തരമായി പരാജയമേറ്റുവാങ്ങിയ ബ്രിട്ടീഷുകാർ 1797ൽ വയനാട്ടിൽനിന്ന് പിൻവാങ്ങി. 1800ൽ പഴശ്ശി കലാപത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. തന്റെ സൈന്യത്തിലെ പ്രധാന വിഭാഗമായിരുന്ന കുറിച്യരുടെയും കുറുമരുടെയും സഹായത്തോടെ പഴശ്ശി ബ്രിട്ടീഷുകാരെ ശക്തമായി എതിർത്തു.
ജില്ലയിലെ ഗോത്രവിഭാഗങ്ങളെ പഴശ്ശിരാജാവുമായി ബന്ധിപ്പിക്കുന്നത് കുങ്കനാണ്. ഈ പടത്തലവന്റെ ഊർജസ്വലമായ സംഘാടകമികവായിരുന്നു പഴശ്ശി സൈന്യത്തിന്റെ ശക്തി. സഹോദരന്മാരായ കോമപ്പൻ, അമ്പു എന്നിവരും യുദ്ധങ്ങളിൽ സജീവ പങ്കുവഹിച്ചു. ജാതീയതയുടെ തട്ടുകളിൽ ഒതുങ്ങിജീവിച്ച കാലത്ത് നായർ, കുറുമർ, കുറിച്യർ തുടങ്ങി വിവിധ ജാതികളിൽപ്പെട്ട ആയിരക്കണക്കിനാളുകളെ പഴശ്ശിരാജാവിനുകീഴിൽ അണിനിരത്തി. തലയ്‌ക്കൽ ചന്തുവിനെ കണ്ടെത്തി പഴശ്ശി ക്യാമ്പിൽ എത്തിക്കുന്നതും കുങ്കനാണ്. കുങ്കന്റെയും ചന്തുവിന്റെയും നേതൃത്വത്തിലാണ് ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള പനമരം കോട്ട ആക്രമിച്ചത്. 70 ബ്രിട്ടീഷ് സൈനികർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തോക്കുകളും പണവും തട്ടിയെടുത്തു. തുടർന്നും നിരന്തരം പോരാട്ടങ്ങൾ കുങ്കന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
പന്നിച്ചാൽ എന്ന സ്ഥലത്തുവച്ച് ബ്രിട്ടീഷുകാർ ഈ ധീരയോദ്ധാവിനെ കൊലപ്പെടുത്തി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രേഖകളിൽ കുങ്കനെ പരാമർശിക്കുന്നത് "ഒരു തരത്തിലും വഴങ്ങാത്ത ലഹളത്തലവൻ’ എന്നാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..