26 September Saturday

ഗോവൻ കടലിൽ പഠിച്ചെത്തിയ ജീവരക്ഷകർ

പി വി ബിമൽകുമാർUpdated: Tuesday Aug 11, 2020

ജില്ലയിലെ മത്സ്യത്തൊഴിലാളികൾ ഗോവൻ തീരത്ത് പരിശീലനത്തിൽ

 
കൊടുങ്ങല്ലൂർ 
പ്രളയത്തിൽ താഴ്ന്ന് പോകുന്ന ജീവനുകളെ കരയ്‌ക്കെത്തിക്കാനാണ് ഗോവൻ കടലിൽ ഞങ്ങൾ നീന്തി പരിശീലിച്ചത്.  വെള്ളത്തിൽ ജീവനുവേണ്ടി പിടയുന്നവരെ കൈ പിടിച്ചുയർത്താൻ ഞങ്ങൾക്കാവും.  ഞങ്ങളത് ചെയ്യും. 
ചാവക്കാട് സ്രാമ്പിക്കൽ അബൂബക്കറിന്റെ വാക്കുകൾക്ക് കാരിരുമ്പിന്റെ കരുത്ത്. അബൂബക്കർ മാത്രമല്ല  ജില്ലയിലെ 56 മത്സ്യത്തൊഴിലാളികളും ഗോവൻ കടലിൽ കഠിന പരിശീലനം പൂർത്തിയാക്കിയവരാണ്‌.  രക്ഷാപ്രവർത്തനത്തിനായി  ഫിഷറീസ് വകുപ്പ്‌ നേതൃത്വത്തിലാണ്  ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക്  പരിശീലനം നൽകിയത്‌. 
ചാവക്കാട് മുതൽ അഴീക്കോട് കടലോരം വരെയുള്ള മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചു. നൂറിലേറെ പേർ എത്തി. എറണാകുളത്ത്  പരിശീലനം നൽകി. ഇതിൽ  ആദ്യ 20 പേരെ തെരഞ്ഞെടുത്ത് ഗോവയിൽ വിദഗ്‌ധ പരീശീലനം നൽകി. പിന്നീട് 36 പേർക്കും പരിശീലനം നൽകി. മൂന്ന് മിനിറ്റിനുള്ളിൽ 100 മീറ്റർ കടലിൽ നീന്തിക്കടന്നവരെയാണ് തെരഞ്ഞെടുത്തത്‌. മുറകളും ഉണ്ടായിരുന്നു.  ആർത്തലച്ച് വരുന്ന മലവെള്ളപ്പാച്ചിലിൽ വള്ളം കൈകാര്യം ചെയ്യാനും  വെള്ളത്തിൽ മുങ്ങി പൊങ്ങുന്നവരെ  രക്ഷിക്കാനും ഇപ്പോളിവർക്ക്‌ ആത്മവിശ്വാസമുണ്ട്‌.  
വെള്ളത്തിൽ വച്ച് അപസ്മാരം, പാമ്പുകടി, ഹൃദയാഘാതം തുടങ്ങിയ  പ്രയാസങ്ങളുണ്ടായാൽ പ്രാഥമിക ശുശ്രൂഷ നൽകേണ്ട വിധവും 15 ദിവസം കൊണ്ട് ഗോവൻ പരിശീലനത്തിലൂടെ പഠിച്ചതായി അഴീക്കോട് പുത്തൻപള്ളി സ്വദേശി ഫൈസൽ പറഞ്ഞു. പരിശീലനത്തിൽ പങ്കെടുത്തവരുടെയെല്ലാം വിവരം ഫിഷറീസ് വകുപ്പിന്റെയും  തീരദേശ പൊലീസിന്റെയും  കൈവശമുണ്ട്. ഇവർക്കെല്ലാം യൂണിഫോം കൈമാറി കഴിഞ്ഞു. 
മഴ കനത്ത്‌ ദുരന്തമുന്നറിയിപ്പ് വന്നതോടെ അഴീക്കോട് ഫിഷറീസ് ഓഫീസിൽനിന്ന്‌ 56 പേർക്കും രക്ഷാപ്രവർത്തനത്തിനായി ഒരുങ്ങിയിരിക്കാൻ  അറിയിപ്പ് നൽകിക്കഴിഞ്ഞു. വള്ളങ്ങളും ഒരുക്കിയിട്ടുണ്ട്. 
അപകടത്തിൽപ്പെടുന്നവരെ   രക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കർമ പരിപാടിയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഈ ചെറുപ്പക്കാർ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top